ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ കേവലം ഒമ്പത് വർഷം കൂടിയേ പുതിയ ഡീസൽ, പെട്രോൾ കാറുകളുടെ വില്പന സാധ്യമാകൂ. ഭാവിയിൽ  ഇലക്ട്രിക് കാറുകൾ മാത്രം നിരത്തുകളിലോടുന്ന രാജ്യമായി ബ്രിട്ടനെ മാറ്റാനുള്ള വിപ്ലവകരമായ തീരുമാനം പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇന്നു പ്രഖ്യാപിച്ചത്.  2030 മുതൽ പുതിയ ഡീസൽ, പെട്രോൾ കാറുകളുടെയും വാനുകളുടെയും  വിൽപന നിരോധിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.  ഹൈബ്രിഡ് മോഡലുകൾക്ക് 2035 വരെ  വിൽപനാനുമതിയുണ്ടാകും.  അതിനുശേഷം അവയും പിൻവലിക്കും. സർക്കാർ ലക്ഷ്യമിടുന്ന ഹരിത വ്യവസായ വിപ്ലവത്തിന്റെ  ഭാഗമാണ് നിർണായകമായ ഈ തീരുമാനം. 

വില്പന നിരോധിച്ചാലും ഈ കാലയളവിനു ശേഷവും പരമ്പരാഗത കാറുകൾ ഓടിക്കാൻ അനുമതിയുണ്ടാകും. എങ്കിലും സർക്കാരിന്റെ തീരുമാനം രാജ്യത്തെ സെക്കൻഡ് ഹാൻഡ് കാർ വിപണിയെ തകർക്കും.  കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ആണവോർജം, ഡൊമസ്റ്റിക് ഇലക്ട്രിക് ഹീറ്റിങ്, കാർബൻ ക്യാപ്ചർ തുടങ്ങിയ  മേഖലയിലുൾപ്പെടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനുമുള്ള ദീർഘകാല പദ്ധതിയുടെ ഭാഗംകൂടിയാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. 

12 ബില്യൻ പൗണ്ടിന്റെ ബൃഹത്തായ പദ്ധതിയാണ് ഇലക്ട്രിക് കാറുകളിലേക്കുള്ള സമ്പൂർണ മാറ്റത്തിന് സർക്കാർ വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഇതിനായി നാല് ബില്യൻ പൗണ്ട് അനുവദിച്ചതായി ബിസിനസ് സെക്രട്ടറി അലോക് ശർമ്മ വ്യക്തമാക്കി. രണ്ടര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് പുതിയ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുകയെന്നും അദ്ദേഹം വിശദീകരിച്ചു. സർക്കാർ ലക്ഷ്യമിടുന്ന ഇലക്ട്രിക് ക്ലീൻ എനർജി റവല്യൂഷനിലൂടെ പ്രകൃതി വാതകം ഉപയോഗിച്ചുള്ള വീടുകളുടെ ഹീറ്റിങ് സംവിധാനവും കാലക്രമേണ പൂർണമായും ഇലക്ട്രിക് സംവിധാനത്തിലൂടെയാകും. 

1.3 ബില്യൻ പൗണ്ടാണ് പുതിയ പദ്ധതിയിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംങ് പോയിന്റുകൾക്കായി മാറ്റിവച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഗ്രാന്റായി നൽകാൻ മാറ്റിവയ്ക്കുന്നത് 582 മില്യൻ പൗണ്ടാണ്. താരതമ്യേന വിലകൂടിയ ഇലക്ട്രിക് കാറുകൾ സാധാരണക്കാർക്കുകൂടി ലഭ്യമാക്കുന്നതിനാണ് ഈ ഗ്രാന്റ്. ഇലക്ട്രിക് വെഹിക്കിൾ ബാറ്ററിയുടെ വ്യാപകമായ നിർമാണത്തിനായി 500 മില്യൻ പൗണ്ടും അനുവദിച്ചു. 

കഴിഞ്ഞവർഷം 23 ലക്ഷം പുതിയ കാറുകളാണ് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ 37,850 എണ്ണം മാത്രമായിരുന്നു  കാറുകൾ. ഈ സ്ഥിതിയിൽനിന്നും പത്തുവർഷംകൊണ്ട് പൂർണായും ഇലക്രിട് കാറുകളിലേക്കുള്ള മാറ്റം വെല്ലുവിളിയേറിയതാകുമെന്നാണ് വിമർശകരുടെ വിലയിരുത്തൽ. 

പെട്രോൾ- ഡീസൽ കാറുകളുടെ യുഗം അവസാനിക്കുന്നതിനു പിന്നാലെ  ഡീസൽ ഉപയോഗിച്ചുള്ള ഹെവി ഗുഡ്സ് വാഹനങ്ങളും നിരോധിക്കാൻ സർക്കാർ പദ്ധതി തയാറാക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com