ADVERTISEMENT

ലണ്ടൻ ∙ പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം ലഭിക്കുന്ന പദ്ധതിയുമായി പുറത്തിറങ്ങുന്ന യുക്മ കലണ്ടര്‍ 2021ന് ആവേശകരമായ പ്രതികരണമാണ് യു.കെയിലെ മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്. യുക്മയിലെ 120ഓളം വരുന്ന അംഗ അസോസിയേഷനിലെ അംഗങ്ങള്‍ക്കൊപ്പം തന്നെ അംഗത്വം ഇല്ലാത്ത അസോസിയേഷനുകള്‍ക്കും അതോടൊപ്പം തന്നെ മലയാളി അസോസിയേഷനുകള്‍ ഇല്ലാതെ ചെറിയ കൂട്ടായ്മകളായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മലയാളികള്‍ ഒറ്റപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കുമെല്ലാം കലണ്ടര്‍ ലഭ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് യു.കെ മലയാളികളുടെ പൊതുസംഘടന എന്ന നിലയില്‍ ഈ കോവിഡ് കാലത്ത് യുക്മ ഏറ്റെടുത്തിരിക്കുന്നത്. യുക്മ കലണ്ടര്‍ 2021നായി നിരവധി ആളുകള്‍ യുക്മ നേതൃത്വവുമായി ഇതിനോടകം തന്നെ ബന്ധപ്പെട്ട് കഴിഞ്ഞു. ആളുകളുടെ സൗകര്യാര്‍ത്ഥം കലണ്ടര്‍ ലഭ്യമാക്കുന്നതിന് വേണ്ടി റജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള സൗകര്യം യുക്മ ലഭ്യമാക്കിയിട്ടുണ്ട്. യുക്മയിലെ അംഗ അസോസിയേഷനിലെ അംഗങ്ങള്‍ റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവര്‍ക്ക് റീജിയണല്‍ കമ്മറ്റികള്‍ വഴി ആവശ്യമുള്ള കലണ്ടറുകള്‍ ലഭ്യമാക്കുന്നതായിരിക്കും.         

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് എല്ലാ പുതുവര്‍ഷത്തിലും സമ്മാനമായി യുക്മ നല്‍കി വരുന്ന കലണ്ടര്‍ ഈ വര്‍ഷം മുന്‍വര്‍ഷങ്ങളിലേക്കാള്‍ പുതുമകളോടെയാണ് ഒരുങ്ങുന്നത്. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത സ്പൈറല്‍ കലണ്ടര്‍ ആണ് 2021 ല്‍ യു.കെ മലയാളികളുടെ വീടുകളില്‍ അലങ്കാരമാകുവാന്‍ പോകുന്നത്. ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും യുക്മ കലണ്ടറുകള്‍ ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി  ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത കലണ്ടറുകളുടെ മനോഹാരിതയും പ്രസക്തിയും ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലെന്നത് യുക്മ കലണ്ടറുകളുടെ ഓരോ വര്‍ഷവും വർധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കും. മുന്‍ വര്‍ഷങ്ങളെപോലെത്തന്നെ തികച്ചും സൗജന്യമായാണ് യുക്മ കലണ്ടര്‍ ഈ വര്‍ഷവും യു.കെ മലയാളികള്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. ഈ വര്‍ഷം പതിനയ്യയിരം കലണ്ടറുകളാണ് വിതരണത്തിനായി എത്തുന്നത്. യു.കെ യിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടര്‍ 2021 ല്‍, കലണ്ടര്‍ തയ്യാറാക്കുന്നതിനും വിതരണത്തിനും യുക്മയെ സഹായിക്കുന്ന യു.കെ മലയാളി സംരംഭകരുടെ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്. 

2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ഒരു നൂതന സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഒരുക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രാന്‍ഡ് ന്യൂ കാര്‍ സമ്മാനമായി നല്‍കിയിരുന്ന യുക്മ യു-ഗ്രാന്റ് ലോട്ടറി കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇത്തവണ നടത്താനായില്ല. എന്നാല്‍ അതിന് പകരമായി 2021ല്‍ എല്ലാ മാസവും നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കത്തക്ക വിധത്തിലുള്ള സൗകര്യമാണ് യുക്മ ഒരുക്കിയിട്ടുള്ളത്. യുക്മ യു-ഗ്രാന്റ് ഒരു ലോട്ടറിയ്ക്ക് പത്ത് പൗണ്ട് ആയിരുന്നുവെങ്കില്‍ തികച്ചും സൗജന്യമായിട്ടാണ് കലണ്ടറിനൊപ്പമുള്ള സമ്മാനപദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.     

ഡിസംബര്‍ മധ്യത്തോടെ തന്നെ യുക്മ കലണ്ടറുകള്‍ അംഗ അസോസിയേഷനുകള്‍ക്ക് എത്തിച്ചുകൊടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ആണ് നടക്കുന്നത്. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ അസോസിയേഷനുകള്‍ അതാത് റീജിയണല്‍ പ്രസിഡന്റുമാരുടെ അടുത്ത് ആവശ്യമുള്ള കലണ്ടറുകളുടെ എണ്ണം അറിയിച്ചാല്‍ മതിയാവും. കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള  ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍ (07702862186), ടിറ്റോ തോമസ് (07723956930) സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. യു.കെ മലയാളികള്‍ക്കായി യുക്മ ഒരുക്കുന്ന 2021ലെ മനോഹരമായ കലണ്ടര്‍ സ്വന്തമാക്കുന്നതിനുള്ള അവസരം യു.കെയിലെ എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്ന്  ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് എന്നിവര്‍ അഭ്യർഥിച്ചു. 

റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അതത് പ്രദേശങ്ങളില്‍ ഉള്ള ഏതെങ്കിലും പോയിന്റുകളിലാവും കലണ്ടര്‍ റീജനല്‍ കമ്മറ്റികള്‍ വഴി എത്തിച്ചു നല്‍കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളിലും കലണ്ടര്‍ ലഭ്യമാകുന്നതിനുള്ള കോണ്‍ടാക്ട് പോയിന്റുകള്‍ ഉണ്ടായിരിക്കും. വെയില്‍സിലെയും സ്ക്കോട്ട്ലന്റിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും എല്ലാ പ്രധാന നഗരങ്ങളിലും യുക്മ കലണ്ടര്‍ ലഭ്യമാക്കുന്നതിനുള്ള അവസരമുണ്ടാകും. 

യുക്മ കലണ്ടര്‍ ലഭിക്കുന്നതിന് വേണ്ടി റജിസ്റ്റര്‍ ചെയ്യുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.   

https://docs.google.com/forms/d/e/1FAIpQLSfwexaIY8pvIY5j_V1MvVWkjCGuoUD6iiXci1_KJrAQuRS3kA/viewform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com