ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിൽ കോവിഡ് പ്രതിസന്ധിയിൽ തട്ടി  വീട് വിൽപന മുടങ്ങിയപ്പോൾ സ്വന്തം വീട് നറുക്കിട്ട് വിൽക്കാനൊരുങ്ങിയിരിക്കുകയാണ് മലയാളികളായ ശ്രീകാന്തും ഭാര്യ സൂര്യമോളും. ഡർബിഷെയറിൽ താമസിക്കുന്ന ആലപ്പുഴ കൊറ്റംകുളങ്ങര തുണ്ടത്തിൽ കെ.എസ്. ബാലചന്ദ്രന്റെ മകൻ ശ്രീകാന്തും ഭാര്യ സൂര്യമോളുമാണ് 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള മൂന്നു ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കാൻ ഒരുങ്ങുന്നത്. പ്രമുഖ റാഫിൾ കമ്പനിയുടെ സഹായത്തോടെയാണ് ഇവർ വീട് വിൽക്കുന്നത്. അഞ്ചു പൗണ്ടാണ് റാഫിളിന്റെ ടിക്കറ്റ് വില. വിജയിക്ക് വീടിനൊപ്പം 15,000 പൗണ്ട് മെയിന്റനൻസ് തുകയും ലഭിക്കും. റാഫിളിൽ രണ്ടാം സമ്മാനം നേടുന്നയാൾക്ക് 10,000 പൗണ്ടാണ് സമ്മാനം. 

uk-couple-home-2

അഞ്ചുപൗണ്ടിന്റെ 60,000 ടിക്കറ്റാണ് റാഫിൾ കമ്പനി വിൽക്കുന്നത്. മുഴുവൻ ടിക്കറ്റും വിറ്റുപോയാൽ അയ്യായിരം പൗണ്ട് ചെസ്റ്റർഫീൽഡിലെ ഹോംലസ് ചാരിറ്റിക്ക് നൽകുമെന്നും ശ്രീകാന്ത് പറയുന്നു. 

നോർത്ത് ഡെർബിഷെയറിലെ ഹഫ്റ്റൺ റോഡിൽ താമസിക്കുന്ന ശ്രീകാന്ത് സാധാരണരീതിയിൽ വീട് വിൽക്കാൻ പലകുറി ശ്രമിച്ചെങ്കിലും, കോവിഡ് പ്രതിസന്ധി മൂലം ഉദ്ദേശിച്ച വില കിട്ടാതെ വന്നതോടെയാണ് നൂതനമായ ഈ ആശയം പരീക്ഷിക്കാൻ തീരുമാനിച്ചത്.  അടുത്തിടെ നവീകരിച്ച മൂന്നുബെഡ് റൂം വീടു വിറ്റ്, മകളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ യോജിച്ച മറ്റൊരു സ്ഥലത്തേക്ക് മാറുകയാണ് ഇവരുടെ ലക്ഷ്യം. ജൂൺ മുതൽ പലരും വീട് കാണാൻ എത്തിയെങ്കിലും വിൽപന നടന്നില്ല. ഇതേത്തുടർന്നാണ് ടെലിവിഷനിൽ കണ്ട് പരിചയമുള്ള റാഫിൾ സെയിൽ പരീക്ഷിക്കാൻ  തീരുമാനിച്ചത്. 

uk-couple-home-4

ദശലക്ഷങ്ങൾ പങ്കെടുക്കുന്ന നാഷണൽ ലോട്ടറിയേക്കാൾ 60,000 ടിക്കറ്റുകൾ മാത്രം വിൽക്കുന്ന ഹോം റാഫിളിനുള്ള വിജയസാധ്യതയിലാണ് ഈ യുവദമ്പതികളുടെ പ്രതീക്ഷ. ക്രിസ്മസ് ദിനത്തിലാണ് നറുക്കെടുപ്പ്. 

വീടുവിലയ്ക്ക് തുല്യമായ തുക ടിക്കറ്റ് വിൽപനിൽ ലഭിച്ചില്ലെങ്കിൽ ക്രിസ്മസ് വരെ വിറ്റ ടിക്കറ്റുകൾ നറുക്കിട്ട് തുകയുടെ 75 ശതമാനം വിജയികൾക്ക് നൽകും. ബാക്കി 25 ശതമാനം റാഫിൾ കമ്പനിയെടുക്കും. മുഴുവൻ ടിക്കറ്റും വിൽക്കാനായാൽ 30,000 പൗണ്ടാണ് റാഫിൾ കമ്പനിയുടെ കമ്മിഷൻ.  

സോഷ്യൻ മീഡിയയിലൂടെ മികച്ച പ്രചാരം ലഭിച്ചാൽ മുഴുവൻ ടിക്കറ്റും വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ യുവ ദമ്പതികൾ. റാഫിൾ കമ്പനിയുടെ ഓക്ഷൻ ലിങ്കിലെ ചെറിയൊരു ചോദ്യത്തിന് ഉത്തരം നൽകുന്നവർക്കാണ് ടിക്കറ്റ് വാങ്ങാൻ അവസരമുള്ളത്. 

uk-couple-home-3

ചോദ്യത്തിന് ശരിയായ ഉത്തരം നൽകി അഞ്ചുപൗണ്ടിന് ടിക്കറ്റെടുത്താൽ ഒരുപക്ഷേ, ക്രിസ്മസ് ദിനത്തിലെ ആ ഭാഗ്യവാൻ നിങ്ങളാവാം. വിജയി ആയില്ലെങ്കിലും നിങ്ങൾ എടുക്കുന്ന ടിക്കറ്റ് ഈ കൊറോണക്കാലത്ത് ഒരു മലയാളിക്ക് സഹായമാകുമല്ലോ.

ഈ വാർത്തയോടൊപ്പമുള്ള ലിങ്കിലൂടെ നിങ്ങൾക്കും അഞ്ചു പൗണ്ട് മുടക്കി റാഫിളിൽ പങ്കെടുക്കാം. 

https://raffall.com/36604/enter-raffle-to-win-house-and-15k-spending-money-hosted-by-sreekanth-balachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com