ADVERTISEMENT

ലണ്ടൻ ∙ നഴ്സിങ് ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാനാണ് ആലപ്പുഴക്കാരൻ സജു മാത്യു ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ജോലിക്കൊപ്പം പത്തുവർഷത്തെ  കഠിനാധ്വാനം കൊണ്ട് എത്തിപ്പിടിച്ചത് ഇംഗ്ലണ്ടിന്റെ ദേശീയ കബഡി ടീമിൽ അംഗത്വം. സ്റ്റുഡന്റ് വീസയിൽ തുടങ്ങിയ ഈ ആലപ്പുഴക്കാരന്റെ വിജയകഥ അവിശ്വസിനീയമാണ്, മലയാളക്കരയ്ക്ക് അഭിമാനവും. നഴ്സിങ് ജോലി തുടരുമ്പോഴും 2018 മുതൽ ഇംഗ്ലണ്ടിന്റെ സ്റ്റാൻഡേർഡ് സ്റ്റൈൽ കബഡി ടീമിലെ ശക്തനായ പോരാളിയാണ് സജു. 

ചെറുപ്പം മുതലേ കബഡിയെ സ്നേഹിക്കുകയും പതിനാറാം വയസ്സുമുതൽ വിവിധ പ്രാദേശിക ക്ലബുകൾക്കായി കബഡി കളിക്കുകയും ചെയ്തിട്ടുള്ള സജുവിന് ഇംഗ്ലണ്ടിന്റെ ദേശീയ കോച്ച് അശോക് ദാസിനെ പരിചയപ്പെടാനായതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ബിബിസിയിൽ അശോക് ദാസിനെക്കുറിച്ചും ഇംഗ്ലണ്ട് ദേശീയ ടീമിനെക്കുറിച്ചുമുള്ള പരിപാടി കണ്ടശേഷം 2012ലാണ് ഫോണിലൂടെ ദാസിനെ പരിചയപ്പെട്ടത്. തുടർന്നു ഫോൺവിളികളിലൂടെ തന്നെ ആ ബന്ധം വളർന്നു. എന്നാൽ ദാസ് ബർമിങ്ങാമിലും സജു വിൽറ്റ്ഷെയറിലുമായതിനാൽ പരസ്പരം കണ്ടുമുട്ടാനോ അദ്ദേഹത്തിനു കീഴിൽ പരിശീലമോ സാധ്യമായില്ല.  2017ൽ സജുവിന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചതോടെ ഈ പ്രതിസന്ധി മാറി. എൻഎച്ച്എസിൽ നിന്നും ട്രാൻസ്ഫർ തരപ്പെടുത്തി ബർമിങ്ങാമിന് അടുത്തുള്ള വോസ്റ്ററിലേക്ക് താമസം മാറ്റി, ‘ദാസ് അക്കാദമി’യിൽ പരിശീലനവും ആരംഭിച്ചു. ഏതാനും മാസത്തെ കഠിന പരിശീലനത്തിനൊടുവിൽ ഇംഗ്ലണ്ട് ദേശീയ ടീമിൽ ഇടം പിടിക്കുകയായിരുന്നു ഈ മുപ്പത്തിനാലുകാരൻ. 2019ൽ സ്കോട്ട്ലൻഡിൽ നടന്ന യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ടീമിന്റെ പ്രധാന താരമായിരുന്നു സജു മാത്യു. 

saju1

കോവിഡ് കാലമായതിനാൽ ഈവർഷം കൂടുതൽ പരിശീലനം സാധ്യമായിട്ടില്ല. കോൺടാക്ട് സ്പോർട്സ് ആയതിനാൽ സാമൂഹിക അകലം പാലിച്ച് കബഡി പരിശീലനം സാധ്യമല്ല. എങ്കിലും 2021ലെ ടൂർണമെന്റികൾക്കുള്ള ഒരുക്കത്തിലാണ് സജുവും സംഘവും. 

കഠിനാധ്വാനവും ദൃഢനിശ്ചയവും കുടുംബത്തിന്റെ പ്രോൽസാഹനവുമാണ് ഇംഗ്ലണ്ട് ദേശീയ ടീമിലെത്താൻ സാഹായിച്ചതെന്ന് ആലപ്പുഴ കൈതവന കൊട്ടാരത്തിൽ കെ.പി മാത്യുവിന്റെയും ലില്ലിക്കുട്ടിയുടെയും മകനായ സജു പറയുന്നു. ഒരു കായിക താരത്തിന്റെ മികച്ച സമയം എന്നത് 18 മുതൽ 30 വയസുവരെയുള്ള കാലമാണ്. എന്നാൽ സജു ദേശീയ ടീമിലെത്തിയത് 30 വയസിനു ശേഷമാണെന്നത് അദ്ദേഹത്തിന്റെ കഴിവുകൾ വ്യക്തമാക്കുന്നു. 

saju2

പതിനാറാം വയസ്സിൽ കളിച്ചുതുടങ്ങിയ സജു നഴ്സിങ് പഠനവും ജോലിയുമായി ബെംഗളൂരുവിലും റാഞ്ചിയിലും മറ്റുമായിരുന്നതിനാൽ കളി കാര്യമായി മുന്നോട്ടു കൊണ്ടുപോകാനായില്ല. അവധിക്കാലത്ത് മാത്രമായി പരിശീലം ഒതുങ്ങി. പിന്നീട് സുഹൃത്തുക്കളോടൊത്ത് ഒരു കബഡി ക്ലബ് സ്ഥാപിച്ചെങ്കിലും പഠനത്തിനായി യുകെയിലേക്ക് പോന്നതോടെ അതും മുടങ്ങി. അങ്ങനെയിരിക്കെയാണ് ബിബിസി. പ്രോഗ്രാമിലൂടെ അശോക് ദാസിനെക്കുറിച്ച് അറിഞ്ഞതും അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്ന് ദേശീയ ടീമിൽ എത്തിയതും. വോസ്റ്റർഷെയർ റോയൽ ഹോസ്പിറ്റലിൽ ഫയൽ ഓഡിറ്ററായാണ് സജു ജോലി ചെയ്യുന്നത്. ഭാര്യ മെറിനും നഴ്സാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com