ADVERTISEMENT

 

ലണ്ടൻ∙ കോവിഡ് വാക്സീൻ വിതരണം ഏകോപിപ്പിക്കാനും നേതൃത്വം നൽകാനും ബ്രിട്ടനിൽ പുതിയ മന്ത്രിയെ നിയമിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ് പുതിയ വാക്സീൻ റോൾഒൗട്ട് മിനിസ്റ്ററെ പ്രധാനമന്ത്രി നിയമിച്ചത്. മുതിർന്ന ടോറി നേതാവും സ്ട്രാറ്റ്ഫോർഡ്-ഓൺ-അവനിലെ എംപിയുമായ നദീം സഹാവിയ്ക്കാണ് വാക്സീൻ വിതരണത്തിന്റെ ചുമതല.

 

ഓക്സ്ഫെഡ്- ആസ്ട്രാ സെനിക്ക വാക്സിന്റെ 100 മില്യൺ ഡോസുകളും ഫൈസർ-ബയോൺടെക് വാക്സിന്റെ 40 മില്യൺ ഡോസുകളുമാണ് ബ്രിട്ടൻ ഇതിനോടകം ഓർഡർ നൽകിയിരിക്കുന്നത്. പരിശോധനകൾ അന്തിമഘട്ടത്തിലായ ഇവ നൽകിത്തുടങ്ങാനുള്ള അനുമതി അടുത്തയാഴ്ചയോടെ ബ്രിട്ടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

 

ആദ്യഘട്ടത്തിൽ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന എൻഎച്ച്എസ് സ്റ്റാഫിനാകും പ്രഥമ പരിഗണന നൽകി വാക്സീൻ ലഭ്യമാക്കുക. 

 

എല്ലാ മുന്നൊരുക്കങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴും മെഡിസിൻസ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റഗുലേറ്ററി ഏജൻസിയുടെ അംഗീകാരം വാക്സീന് ലഭിക്കേണ്ടതുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇതുണ്ടായേക്കും. 

 

ഫൈസർ കമ്പനിയുടെ ബൽജിയത്തിലെ ഫാക്ടറിയിൽനിന്നാകും ബ്രിട്ടന് ആവശ്യമായ വാക്സിനുകൾ എത്തിക്കുക. മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട വാക്സീൻ പ്രതിരോധ കുത്തിവയ്പു കേന്ദ്രങ്ങളിൽ സംഭരിക്കാനുള്ള സംവിധാനം തയാറാക്കി വരികയാണ്. ലണ്ടനിലെ സെന്റ് തോമസ്, കിങ്സ് കോളജ് ആശുപത്രികൾ വാക്സീൻ ഹബ്ബുകളാക്കി മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. 

 

തങ്ങൾ വികസിപ്പിച്ച വാക്സീൻ 95 ശതമാനവും ഫലപ്രദമാണെന്നാണ് ഫൈസറിന്റെ അവകാശവാദം. ഓക്സ്ഫെഡ് വാക്സീനും സമാനമായ രീതിയിൽ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്കും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com