ADVERTISEMENT

റോം∙ മറഡോണയോടുള്ള ആദരസൂചകമായി നേപ്പിൾസിലെ സിറ്റി സ്‌റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേരു നൽകാൻ തീരുമാനിച്ചതായി അധികൃതർ. ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ ഏഴുവർഷം നേപ്പിൾസിനുവേണ്ടി കളിച്ച മറഡോണ 115 ഗോളുകൾ നേടിയാണ് നേപ്പിൾസിലെ ജനങ്ങളുടെ ആരാധനാപാത്രമായത്.

 

പ്രബലരായ ടീമുകളെ അട്ടിമറിച്ച് രണ്ടുതവണ നേപ്പിൾസിനെ കിരീട വിജയത്തിലെത്തിക്കുന്നതിലും മറഡോണയുടെ പങ്ക് വളരെ വലുതായിരുന്നു. 1987 ൽ ആയിരുന്നു ആദ്യ കിരീടനേട്ടം. 1990 ൽ രണ്ടാം തവണയും കിരീടം നേപ്പിൾസ് സ്വന്തമാക്കിയതോടെ മറഡോണ നേപ്പിൾസിന്റെ വീരനായകനാവുകയായിരുന്നു. 

 

മറഡോണയുടെ നിര്യാണത്തിൽ അർജൻ്റീനയേക്കാൾ വിതുമ്പിയത് ഒരുപക്ഷേ നേപ്പിൾസ് ആയിരിക്കും. ഊണും ഉറക്കവുമുപേക്ഷിച്ച് ജനങ്ങൾ കണ്ണുനീർ വാർക്കുകയായിരുന്നു. തെരുവുകളിൽ അവർ  അദ്ദേഹത്തിന്റെ  ചിത്രങ്ങൾവച്ച്,  അതിനു മുൻപിൽ മെഴുകുതിരികൾ കത്തിക്കുകയും പനിനീർപ്പൂക്കൾ അർപ്പിക്കുകയും ചെയ്തു. 

അദ്ദേഹത്തിന്റെ കാലടികൾ പതിഞ്ഞ സ്റ്റേഡിയങ്ങളിൽ പുലരുവോളം സ്പോർട് ലൈറ്റുകൾ തെളിച്ചിട്ടു. ഈ ദിവസങ്ങളിൽ ഇറ്റലിയിലെ എല്ലാ ലീഗ് മത്സരങ്ങളും ആരംഭിക്കുന്നതിനു മുൻപ്, മറഡോണയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഒരു മിനിട്ട് മൗനാചരണം നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്. മറഡോണ നേപ്പിൾസിൽനിന്ന് മടങ്ങി 30 വർഷങ്ങൾക്കു ശേഷവും ആ നാട്ടുകാർ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നു എന്നതിന്റെ നേർസാക്ഷ്യങ്ങൾ അവസാനിക്കുന്നില്ല.

 

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനായ മറഡോണ നേപ്പിൾസിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ എല്ലാക്കാലവും നിറഞ്ഞു നിൽക്കുകതന്നെ ചെയ്യുമെന്ന് നേപ്പിൾസ് മേയർ ലൂയിജി ദി മജിസ്ട്രിസ് അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com