ADVERTISEMENT

ലണ്ടൻ ∙ ഒടുവിൽ സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജനെങ്കിലും വിലമതിക്കാനാവാത്ത ആരോഗ്യപ്രവർത്തകരുടെ സേവനം തിരിച്ചറിഞ്ഞു. സ്കോട്ട്ലൻഡിലെ എല്ലാ എൻഎച്ച്എസ് സ്റ്റാഫിനും കെയർ സ്റ്റാഫിനും ക്രിസ്മസിന് 500 പൗണ്ട് വീതം താങ്ക്സ് മണി നൽകുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജൻ പ്രഖ്യാപിച്ചു.  സ്വന്തം ജീവൻ പണയംവച്ച് കോവിഡിനെതിരെ മുൻപന്തിയിൽനിന്ന് പോരാടുന്ന നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും കെയർ ഹോമുകളിലെ സ്റ്റാഫിനും ക്രിസ്മസിനു മുമ്പുതന്നെ ഈ തുക നൽകുമെന്നാണ് സ്കോട്ടീഷ് നാഷനൽ പാർട്ടിയുടെ യോഗത്തിൽ ഫസ്റ്റ് മിനിസ്റ്റർ പ്രഖ്യാപിച്ചത്.

പാർട്ട്ടൈമായി ജോലി ചെയ്യുന്നവർക്ക് പ്രോ-റോട്ട റേറ്റിൽ ഈ തുക ലഭിക്കും. ഇതോടൊപ്പം വരുമാനത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് 100 പൗണ്ട് സ്പെഷൽ വിന്റർ അലവൻസായി നൽകുമെന്നും ഫസ്റ്റ് മിനിസ്റ്റർ പ്രഖ്യാപിച്ചു. കോവിഡിന്റെ ദുരിതകാലത്ത് കുട്ടികളുടെയും മറ്റും ക്രസ്മസ് ആഘോഷങ്ങൾ കുറവില്ലാതെ നടക്കാനാണ് ഈ തുക. 1,50,000 കുടുംബങ്ങൾക്ക് ഈ തുക ലഭിക്കും. 

ആരോഗ്യപ്രവർത്തകരുടെ അസാധാരണമായ സേവനം കണക്കിലെടുത്താണ് 500 പൗണ്ട് താങ്ക്സ് മണി നൽകുന്നതെന്ന് ഫസ്റ്റ് മിനിസ്റ്റർ വിശദീകരിച്ചു. നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കായി കൈയടിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു സ്റ്റർജന്റെ പ്രഖ്യാപനം. 

കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ പൊതുമേഖലാ ജീവനക്കാർക്കും ശമ്പള വർധന പ്രഖ്യാപിച്ചപ്പോൾ ബ്രിട്ടീഷ് സർക്കാർ നഴ്സുമാരെയും ജൂനിയർ ഡോക്ടർമാരെയും ഇതിൽനിന്നും ഒഴിവാക്കിയിരുന്നു. ശമ്പളവർധനാ പാക്കേജ് നിലവിലുണ്ടെന്ന ന്യായം പറഞ്ഞായിരുന്നു ഈ ഒഴിവാക്കൽ. ഇതിനെതിരേ വ്യാപകമായ പ്രതിഷേധവും വിമർശനവും ഉയർന്നെങ്കിലും മനസുമാറ്റാൻ പ്രധാനമന്ത്രിയോ ആരോഗ്യ സെക്രട്ടറിയോ തയാറായിരുന്നില്ല.  ആരോഗ്യ പ്രവർത്തകർക്ക് കൈയടി മാത്രം പോരാ എന്ന സ്റ്റർജന്റെ പരാമർശം ഇതിനെ പരോക്ഷമായി വിമർശിക്കുന്നതു കൂടിയായി. പ്രോൽസാഹനം പ്രധാനമാണ് എന്നാൽ കൂടുതൽ അതിനേക്കാൾ വ്യക്തവും സ്പഷ്ടവുമായ അംഗീകാരം വേണ്ടതിനാലാണ് എല്ലാ ആരോഗ്യപ്രവർത്തകർക്കും 500 പൗണ്ട് വീതം നൽകുന്നതെന്ന് സ്റ്റർജൻ വിശദീകരിച്ചു. 

നഴ്സുമാരും ഡോക്ടർമാരുമടക്കം നൂറ്റമ്പതിലേറെ ആരോഗ്യ പ്രവർത്തകർ കോവിഡിൽ മരിച്ചിട്ടും ഇവരുടെ സേവനത്തെ വേണ്ടവിധം വിലമതിക്കാതിരുന്ന ബ്രിട്ടീഷ് സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന നടപടിയാണ് ഇപ്പോൾ  സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്ററിൽനിന്നും ഉണ്ടായിരിക്കുന്നത്.     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com