ADVERTISEMENT

ലണ്ടൻ ∙ പുന:രാരംഭിച്ച വന്ദേഭാരത് സർവീസിൽ ഡൽഹി വഴി നാട്ടിലേക്കു തിരിച്ച മലയാളികൾ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങി. യുകെ.യിൽനിന്നും എത്തിയ യാത്രക്കാർ ഏഴുദിവസം ക്വാറന്റീനിൽ കഴിയണമെന്ന ഡൽഹി സർക്കാരിന്റെ കടുംപിടുത്തമാണ് ഇവരെ പാതിവഴിയിൽ കുടുക്കിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കിലും ക്വാറന്റീനിൽ  പോകണമെന്നാണ് അധികൃതരുടെ നിലപാട്. കണക്ഷൻ ഫ്ലൈറ്റിന് ബോർഡിംങ് പാസുമായി എത്തിയവരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെടുന്നത് നീതീകരിക്കാനാവില്ലെന്നാണ് യാത്രക്കാരുടെ പക്ഷം. ഫൈനൽ ഡെസ്റ്റിനേഷനിൽ ക്വാറന്റീനിൽ പോകാൻ തയാറാണെന്ന് യാത്രക്കാർ അറിയിച്ചെങ്കിലും, ഡൽഹി സർക്കാരിന്റെ നിയമപ്രകാരം, ബ്രിട്ടനിൽനിന്നും ഡൽഹിയിൽ  ഇറങ്ങുന്ന എല്ലാവരും അവിടെത്തന്നെ ക്വാറന്റീനിൽ പോകണമെന്നാണ് അധികൃതരുടെ നിലപാട്.

ഡൽഹി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച യാത്രക്കാർ വിമാനത്താവളത്തിനു പുറത്തുപോകാൻ തയാറായില്ല. യാത്ര തിരിക്കുന്നതിനു മുമ്പ് എയർലൈൻസ് അധികൃതർ ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാരെയെല്ലാം വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിനും വിധേയരാക്കി. 

രാത്രി വൈകിയും യാത്രക്കാരും അധികൃതരും തമ്മിലുള്ള തർക്കം തീരുമാനമാകാതെ തുടരുകയാണ്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ  ചില എംപിമാരും എം.എൽഎ.മാരും മുഖ്യമന്ത്രിയുടെ ഓഫിസും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതിലൂടെ എന്തെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഉറ്റവരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഉൾപ്പെടെ യാത്രപോയവർ ഇത്തരത്തിൽ ഡൽഹിയിൽ കുടുങ്ങിയവരുടെ കൂട്ടത്തിലുണ്ട്.  

16 ദിവസമായി നിർത്തിവച്ചിരുന്ന ലണ്ടനിൽനിന്നുള്ള വിമാനം ഇന്നലെ പുന:രാരംഭിച്ചപ്പോൾ 246 യാത്രക്കാരാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഇതിൽ കേരളത്തിലേക്കുള്ള പത്തിലേറെ യാത്രക്കാരോടാണ് കണക്ഷൻ ഫ്ലൈറ്റ് എടുക്കാതെ ക്വാറന്റീനിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടത്.      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com