sections
MORE

കോവിഡ്: ബ്രിട്ടനിൽ റെക്കോർഡ് മരണം; ലണ്ടനിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ

uk-covid-s
Photo Credit : coeyfilms / Shutterstock.com
SHARE

ലണ്ടൻ ∙ കോവിഡ് കൊടികുത്തിവാഴുന്ന ബ്രിട്ടനിൽ തുടർച്ചയായ മൂന്നാം  ദിവസവും ആയിരത്തിലേറെ മരണം. മഹാമാരി ഏറ്റവുമധികം മരണം വിതച്ച ദിവസമായിരുന്നു ഇന്നലെ. 1325  പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ മരിച്ചത്.  പുതുതായി രോഗികളായത് 68,053 പേരും. വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ മുപ്പതിനായിരത്തിലധികം പേരാണ് കോവിഡ് രോഗികളായി ചികിൽസയിലുള്ളത്. ലണ്ടൻ നഗരത്തിൽ മുപ്പതിൽ ഒരാൾ വീതം കോവിഡ് രോഗികളാണെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കുപ്രകാരം ലണ്ടനിൽ ഒരുലക്ഷം പേരിൽ ആയിരം പേർ കോവിഡിന്റെ പിടിയിലായിക്കഴിഞ്ഞു. 

രോഗവ്യാപനം അതിരൂക്ഷമായ ലണ്ടൻ നഗരത്തിൽ മേയർ സാദിഖ് ഖാൻ ഇന്നലെ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. എമർജൻസി സേവനങ്ങൾക്കും എൻഎച്ച്എസ് ചികിൽസയ്ക്കും അസാധാരണമായ നടപടികൾ സ്വീകരിക്കാൻ  വിവിധ ഏജൻസികളെ അധികാരപ്പെടുത്തുന്ന നടപടിയാണിത്. ലണ്ടൻ നഗരം അതിസങ്കീർണമായ പ്രതിസന്ധി ഘട്ടത്തിലാണെന്ന് സമ്മതിച്ചാണ് മേയർ കോവിഡ് വ്യാപനത്തെ മേജർ ഇൻസിഡന്റായി പ്രഖ്യാപിച്ചത്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും എല്ലാവരും അനുസരിക്കണമെന്നും ആരാധനാലയങ്ങൾ ഉൾപ്പെടെ അടച്ചിടണമെന്നും മേയർ അഭ്യർഥിച്ചു. 

ഇതിനിടെ രാജ്യത്ത് കോവിഡ് വാക്സീന്റെ വിതരണം ഊർജിതമായി പുരോഗമിക്കുകയാണ്. പതിനഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് ഇതിനോടകം കോവിഡ് വാക്സീന്റെ ഒന്നാം ഡോസ് നൽകിക്കഴിഞ്ഞു. ഫെബ്രുവരി മധ്യത്തോടെ 60 വയസിനു മുകളിലുള്ള എല്ലാവർക്കും മറ്റ് രോഗങ്ങൾ അലട്ടുന്നുവർക്കും ആദ്യഡോസ് നൽകാനുള്ള തീവ്ര യജ്ഞത്തിലാണ് സർക്കാർ. 

ആയിരത്തിലേറെ വാക്സീനേഷൻ സെന്ററുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴ് വൻകിട വാക്സീനേഷൻ സെന്ററുകൾ ആരംഭിച്ച് നടപടികൾ ത്വരിതപ്പെടുത്തും. താൽകാലികമായി നിർമിച്ച ൈനറ്റിംഗേൽ ആശുപത്രികളെ വാക്സിനേഷൻ ഹബ്ബുകളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് സർക്കാർ. 

ഫൈസർ വാക്സീനും ഓക്സ്ഫഡ് വാക്സീനും പിന്നാലെ ഇന്നലെ മൊഡേണ വാക്സീനും സർക്കാർ ഏജൻസി വിതരണത്തിന് അനുമതി നൽകി. ഇതിനിടെ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് എല്ലാ വിദേശികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയാലേ ബ്രിട്ടനിലേക്കുള്ള യാത്രായ്ക്ക് അനുമതി  ലഭിക്കൂ. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവരും ബ്രിട്ടനിലെത്തിയാൽ പത്തുദിവസത്ത ക്വാറന്റീന് നിർബന്ധമായും വിധേയമാകുകയും ചെയ്യണം    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA