ADVERTISEMENT

ലണ്ടൻ ∙ മരണം വാർത്തയല്ലാതായ ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 1820 കോവിഡ് രോഗികൾ. എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന സർക്കാർ ഒടുവിൽ  എൻഎച്ച്എസിനെ സഹായിക്കാൻ പട്ടാളത്തിന്റെ സഹായം തേടി. നഴ്സുമാരും ഡോക്ടർമാരുമടക്കം നല്ലൊരു ശതമാനം ആശുപത്രി ജാവനക്കാരും രോഗാവസ്ഥയിലായതാണ് പട്ടാളത്തിന്റെ സഹായം തേടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ലണ്ടനിലും മിഡ് ലാൻസിലുമാണ് രോഗവ്യാപനവും മരണവും ഏറ്റവും കൂടുതൽ. ഇവിടങ്ങളിൽ ആശുപത്രി ജീവനക്കാരിൽ പകിതിയിലേറെയാളുകളും രോഗത്തിന്റെ പിടിയിലോ ഐസോലേഷനിലോ ആണ്. 

ബ്രിട്ടനിൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ട ദിവസങ്ങളാണ് ഇന്നലെയും ചൊവ്വാഴ്ചയും.  ഇന്നലെ 1820 പേരും ചൊവ്വാഴ്ച 1610 പേരുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 95,829 ആയി. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,905 പേർക്കാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിലുള്ള നേരിയ കുറവു മാത്രമാണ് കണക്കുകളിൽ ആശ്വാകരമായുള്ള കാര്യം. 

രാജ്യമെങ്ങും വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. നാൽപത്താറു ലക്ഷത്തിലേറെ ആളുകൾക്കാണ് ഇതിനോടകം വാക്സീന്റെ ആദ്യഡോസ് നൽകിയത്. അധ്യാപകരെയും പൊലീസിനെയും മറ്റ് അവശ്യസർവീസ് മേഖലയിൽ ജോലി ചെയ്യുന്നവരെയും വാക്സിനേഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിലാണ് സർക്കാർ. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും പ്രധാനനമന്ത്രി ബോറിസ് ജോൺസണും വ്യക്തമാക്കി. 

മിഡ് ലാൻസിലെ പ്രധാന ആശുപത്രികളായ ബർമിങാം ക്യൂൻ എലിസബത്ത് ആശുപത്രി, കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, വാർവിക് ഹോസ്പിറ്റൽ, വുൾവർഹാംപ്റ്റൺ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെല്ലാം സൈനിക സഹായത്തോടെയാണ് ഇപ്പോൾ  ചികിൽസകൾ പുരോഗമിക്കുന്നത്.

ലണ്ടനിലും സൗത്ത് ഈസ്റ്റിലെ വിവിധ ആശുപത്രികളിലും ഇവരുടെ സേവനമുണ്ട്. ഓരോ ആശുപത്രിയിലും ഏകദേശം ഇരുന്നൂറോളം സൈനികരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. നിലവിലെ സ്ഥിതി തുടർന്നാൽ താമസിയാതെ രാജ്യത്തെ കൂടുതൽ ആശുപത്രികളിലേക്കും സൈനികരുടെ സേവനം വ്യാപിപ്പിക്കേണ്ടി വരും. നാൽപതിനായിരത്തോളം പേരാണ് കോവിഡ് ബാധിച്ച് തീവ്രപരിചരണം ആവശ്യമായ സ്ഥിതിയിൽ വിവിധ ആശുപത്രികളിലുള്ളത്. 

ഇടതടവില്ലാതെ രോഗികളുമായി എത്തുന്ന ആംബുലൻസുകളും കിടക്കകളുടെ അപര്യാപ്തതയും വെന്റിലേറ്ററുകളുടെയും ഓക്സിജൻ സപ്ലൈയുടെയും ലഭ്യതക്കുറവും മരുന്നുകൾക്കായുള്ള ഓട്ടപ്പാച്ചിലുമെല്ലാം കണ്ടുമടുത്ത ആശുപത്രി ജീവനക്കാർ, ജോലിക്കെത്തിയാൽതന്നെ അതീവ സമ്മർദത്തിന്റെ നടുവിലാണ്. ആരെയും അസ്വസ്തരാക്കുന്ന കാഴ്ചകളാണ് എല്ലാ ആശുപത്രികളിലും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com