ADVERTISEMENT

ലണ്ടൻ ∙ കോവിഡ് വ്യാപനവും മരണവും നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി അതി ശക്തമാക്കി. രഹസ്യമായി തുടരുന്ന ഹൗസ് പാർട്ടികൾക്ക് കനത്ത പിഴയിടാനാണ് തീരുമാനം. ഇംഗ്ലണ്ടിൽ ഹൗസ് പാർട്ടികൾ നടത്തുന്നവരെ പിടികൂടിയാൽ 10,000 പൗണ്ടാണ് പിഴ. പങ്കെടുക്കുന്നവർക്ക് 800 പൗണ്ടും. ഓരോ തവണയും നിയമം ലംഘിക്കുമ്പോൾ പിഴ ഇരട്ടിയാകും. ഇത്തരത്തിൽ തുടർച്ചയായി നിയമം ലംഘിച്ച് പാർട്ടികളിൽ പങ്കെടുക്കുന്നവരിൽ നിന്നും  6,400 പൗണ്ട് വരെ പിഴ ഈടാക്കാൻ പൊലീസിന് അനുമതി നൽകിയതായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. സ്വന്തം സുരക്ഷിതത്വമോ  മറ്റുള്ളവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും പൊലീസ് ഇടപെടുമെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകി.  ചെറിയൊരു വിഭാഗം ജനങ്ങൾ മറ്റുള്ളവരുടെ ജീവിതം ദുരിതത്തിലാക്കുന്ന സ്ഥിതി അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. 

 

1290 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ മിനിറ്റിലും 200 പേർക്ക് വാക്സീൻ നൽകുന്ന സ്ഥിതിയിലേക്ക് ബ്രിട്ടനിലെ വാക്സിനേഷൻ നടപടികൾ പുരോഗമിച്ചു. 50 ലക്ഷത്തിലേറെ ആളുകൾക്ക് ഇതിനോടകം രാജ്യത്ത് വാക്സീന്റ ആദ്യഡോസ് നൽകി. ബർമിങാമിലെ ഒരു മോസ്കിലും എയിൽസ്ബറിയിലെ സിനിമാ തിയറ്ററിലും ഉൾപ്പെടെ പുതുതായി 65 വാക്സീനേഷൻ സെന്ററുകൾകൂടി പ്രവർത്തനം ആരംഭിച്ചു. ബർമിങാമിലെ അൽ- അബ്ബാസ് ഇസ്‌ലാമിക് സെന്ററിലാണ്  വാക്സിനേഷൻ സെന്റർ തുറന്നത്. വാക്സീന്‍ ഇസ്‌ലാമിക വിശ്വാസത്തിന് എതിരാണെന്ന ചിലരുടെയെങ്കിലും തെറ്റായ ധാരണ തിരുത്താനാണ് മോസ്കിൽ സെന്റർ തുറക്കാൻ അനുമതി നൽകിയതെന്ന് ഇമാം ഷേയ്ഖ് നൂർ മുഹമ്മദ് വ്യക്തമാക്കി. 

 

ഇംഗ്ലണ്ടിൽ ഈസ്റ്റർ അവധിക്കു മുമ്പായി സ്കൂളുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം ഒന്നും ആയിട്ടില്ലെന്നും തുറക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും സ്കൂളുകൾക്ക് നോട്ടീസ് നൽകുമെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com