ADVERTISEMENT

ലണ്ടൻ ∙ കോവിഡ് നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനിൽ മരണം ഒരു ലക്ഷം പിന്നിട്ടു. ഇന്നലെ 1631 പേർകൂടി മരിച്ചതോടെയാണ് രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ ഒരു ലക്ഷം പിന്നിട്ടത്. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ഏതാനും ദിസങ്ങൾക്കു മുമ്പേ മരണസംഖ്യ ഒരുലക്ഷം കവിഞ്ഞിരുന്നെങ്കിലും സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെയാണ് ഒരു ലക്ഷം (100,162) രേഖപ്പെടുത്തിയത്. 

37,561 പേരാണ് ഇപ്പോഴും വിവിധ എൻഎച്ച്എസ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. ഇതിൽതന്നെ നാലായിരത്തോളം പേർ വെന്റിലേറ്ററിലാണ്. 

പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിലുള്ള കുറവു മാത്രമാണ് ആശ്വാസകരമായ വാർത്ത. 20,089 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ രോഗികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞത് രോഗവ്യാപനം നിയന്ത്രണത്തിലാകുന്നതിന്റ വ്യക്തമായ സൂചനയാണ്. 

വാക്സീനേഷൻ നടപടികൾ ഊർജിതമായി തുടരുന്നതും ലോക്ഡൗൺ നിബന്ധനകൾ കർശനമായി പാലിക്കപ്പെടുന്നതുമാണ് രോഗവ്യാപനത്തിന് ശമനമുണ്ടാക്കുന്നത്. ഇതിനോടകം 68.5 ലക്ഷത്തിലധികം ആളുകൾക്ക് ബ്രിട്ടനിൽ കോവിഡ് വാക്സീന്റെ ആദ്യഡോസ് നൽകി. ഇതിൽതന്നെ അഞ്ചുലക്ഷത്തോളം ആളുകൾക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു. 

മഹാമാരിയിൽ ഇത്രയേറെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖിക്കുന്നതായും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദന പങ്കുചേരുന്നതായും പ്രഖ്യാപിച്ചായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ ഈ കണക്കുകൾ മാധ്യമങ്ങളോടു പങ്കുവച്ചത്. മഹാമാരിയെ നേരിടാൻ സർക്കാർ ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com