sections
MORE

ദൃശ്യത്തിന് വീണ്ടും പാളിയോ ? പിഴവുകൾ ചർച്ച ചെയ്ത് യുകെയിലെ മലയാളി നഴ്‌സിന്റെ വിഡിയോ

drishyam-2-release-2
SHARE

ലണ്ടൻ ∙ ദൃശ്യം 2 മാസ് എൻട്രി സിനിമയായി മുഴുവൻ കാണികളുടെയും ഇഷ്ടം പിടിച്ചെടുത്തിരിക്കുകയാണ്. പതിവിനു വിപരീതമായി ക്രിട്ടിക്കുകൾ പോലും കയ്യടിക്കാൻ എത്തിയിരിക്കുകയാണ്. ഇത് മോഹൻലാൽ എന്ന നടന് മലയാളം നൽകുന്ന സ്നേഹം കൂടിയായിരിക്കാം. എന്നാൽ ദൃശ്യം ആദ്യ പതിപ്പിൽ സംഭവിച്ച ഒട്ടേറെ ലോജിക്കില്ലാത്ത പിഴവുകളുടെ തുടർച്ച എന്നോണം പ്രധാനമായ രണ്ടു കാര്യങ്ങളിൽ അബദ്ധം പറ്റിയത് ചർച്ചയാക്കുകയാണ് യുകെയിലെ യുട്യൂബർ കൂടിയായ മലയാളി നഴ്സ് ഷൈനി മോഹനൻ. ചിത്രത്തിൽ പൊലീസ് നായകൻ ജോർജുകുട്ടിയെ കുടുക്കാൻ അതി സാമർഥ്യം കാണിക്കുമ്പോൾ തന്നെ ഏറ്റവും ലളിതമായ കാര്യങ്ങളിൽ നായകന് രക്ഷപെടാൻ അവസരം ഒരുക്കുന്ന തരത്തിൽ വിട്ടുവീഴ്ചകളും അബദ്ധങ്ങളും കാട്ടുന്നത് സാധാരണ സിനിമ പ്രേമികളുടെ സാമാന്യ ബുദ്ധിയെ കൂടി ചോദ്യം ചെയ്യുകയാണ് എന്ന് സമർഥിക്കുകയാണ് തന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോയിലൂടെ ഷൈനി ചെയ്യുന്നത്. 

ദൃശ്യത്തിന് വീണ്ടും പാളിയോ ? എന്ന ചോദ്യവുമായാണ് സിനിമയുടെ പാളിച്ചയിലേക്കു വിഡിയോ എത്തുന്നത്. ഒന്നാം ദൃശ്യത്തിൽ സംഭവിച്ച നിർണായകമായ എട്ടു പാകപ്പിഴകൾ പിന്നീട് പ്രേക്ഷകരുടെ കണ്ണിലൂടെ മലയാളി സമൂഹം ചർച്ച ചെയ്ത സാഹചര്യത്തിലാണ് വീണ്ടും പിഴവുണ്ടായത് ചൂണ്ടിക്കാട്ടാൻ താൻ തയാറാകുന്നത് എന്നും ഷൈനി വക്തമാക്കുന്നു. ഇപ്പോൾ ആറേഴു വർഷത്തെ കഠിന അധ്വാനം നടത്തിയ സംവിധായൻ ജീത്തു സകല പഴുതും അടച്ചാണ് ദൃശ്യം രണ്ട് പ്രേക്ഷകരിലേക്കു എത്തിച്ചതെങ്കിലും പിഴവുകൾ ഉണ്ടായി എന്നതാണ് രസകരം. സിനിമയെ കുറിച്ചുള്ള നിരവധി ക്രിട്ടിക് റിവ്യൂകൾ പോലും  ലോജിക് മാറ്റിവച്ചു വേണം ഈ സിനിമയെ കാണുവാൻ എന്നതാണ് പറയുന്നതെങ്കിലും പടം കണ്ടു കഴിയുമ്പോൾ പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളാണ് ലിറ്റിൽ തിങ്ങ്സ് വിഡിയോ വഴി ഷൈനി ചൂണ്ടിക്കാട്ടുന്നത് . 

ഇതിൽ ഏറ്റവും പ്രധാനമായ ഒരു പിഴവായി പ്രേക്ഷകന് തോന്നുന്ന ഒരു കാര്യമുണ്ട്. കഥയുടെ ക്ലൈമാക്സിൽ നായകൻ ഒരു പ്രധാന സ്ഥലത്തു ഒരു സുപ്രധാന ഇടപെടൽ നടത്തുന്നു. എന്നാൽ നായകൻ അവിടെയെത്തുന്ന കാര്യങ്ങൾ വേണമെങ്കിൽ പൊലീസിന് മനസിലാക്കവുന്നതേയുള്ളൂ. നിർണായകമായ ഒരു കേസിൽ പൊലീസ് സംശയ മുനയിൽ നിർത്തുന്ന ആൾ കേസ് അന്വേഷണം സജീവമായ ഘട്ടത്തിൽ, അതും ഇപ്പോൾ കേസ് അന്വേഷണത്തിൽ പൊലീസ് ഡിജിറ്റൽ തെളിവുകളെ പ്രധാനമായി ആശ്രയിക്കുന്ന സമയത്തു നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു?  ഇതേക്കുറിച്ചു  ഒരു സൂചന പോലും നൽകാതെ പോകുന്നത് സിനിമക്ക് വീണ്ടും മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള ലൂപ്പ് ഹോൾ നിർമ്മിതിയാണോ ? ഏതായാലും ക്ഷമിക്കാവുന്ന പാകപ്പിഴ ആണെങ്കിലും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെയും ജീത്തു നിസാരമായി കാണുന്നുണ്ട് എന്ന് പറയാതെ വയ്യ. തീർച്ചയായും ഒന്നാം ഭാഗത്തിനെ വെല്ലുന്ന രണ്ടാം ഭാഗം എന്ന് പ്രേക്ഷകർ പറഞ്ഞു കഴിഞ്ഞ ഇക്കാര്യം സിനിമ കാണുമ്പോൾ ആർക്കും തോന്നിയേക്കാം.  

ഇതുകൂടാതെ മറ്റൊരു കാര്യം കൂടി സിനിമയിൽ വക്തമാകാതെ പോകുകയാണ്. രണ്ടു വർഷമായി പൊലീസ് ജോർജുകുട്ടിയുടെയെയും കുടുംബത്തെയും സദാ നിരീക്ഷിച്ചിട്ടും അവരുടെ നീക്കങ്ങൾ അതേവിധം ഒപ്പിയെടുത്തിട്ടും നിർണായകമായ ഒരു ദിവസം ജോർജ്ജുകുട്ടിയുടെ നീക്കങ്ങൾ പൊലീസ് ശ്രദ്ധിക്കുന്നില്ല എന്നതാണ്. പൊലീസ് ജോർജുകുട്ടിയെ നിരീക്ഷിച്ചിരുന്നെങ്കിൽ പൊലീസ് സ്റ്റേഷന്റെ തറ മാന്തിയെടുത്ത അസ്ഥി കൂടം പിന്തുടർന്ന് കോട്ടയം വരെ യാത്ര ചെയ്യാൻ കഥാനായകന് കഴിയുമായിരുന്നില്ല. അപ്പോൾ പിന്നെ കഥയില്ലല്ലോ എന്ന ചോദ്യമുണ്ട്. അതെ, കഥയെ കഥയായി തന്നെ നമുക്കു കാണാൻ കഴിയണം. അതിനാൽ ഒരു നല്ല സിനിമയുടെ സന്ദേശമായി കണ്ടു ദൃശ്യം രണ്ടിനെ നെഞ്ചിലേറ്റി ലാളിക്കാം എന്ന് പറഞ്ഞാണ് ഷൈനിയുടെ വിഡിയോ അവസാനിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA