sections
MORE

നിശബ്ദ പ്രതിരോധത്തിലൂടെ കോവിഡിനെ കീഴടക്കി ബ്രിട്ടൻ

UK London Covid 19 AFP
യുകെയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: എഎഫ്‍പി.
SHARE

ലണ്ടൻ∙ നിശബ്ദമായ പ്രതിരോധത്തിലൂടെ ബ്രിട്ടൻ കൊറോണയെ കീഴടക്കുകയാണ്. അതിർത്തി നിയന്ത്രണങ്ങൾ കർക്കശമാക്കിയും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ  വിട്ടുവീഴ്ചയില്ലാതെയുമാണ് ഈ പ്രതിരോധം.  ഇതിനൊപ്പം വാക്സീൻ നൽകുന്ന കരുത്തുകൂടിയാകുമ്പോൾ മാനവരാശിയും മഹാമാരിയും തമ്മിലുള്ള യുദ്ധത്തിന്റെ വിജയത്തുടക്കം ബ്രിട്ടനിൽ നിന്ന് ആകുമെന്ന് ഉറപ്പായി.  സാവധാനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് ബ്രിട്ടൻ. പ്രതിദിന രോഗവ്യാപന നിരക്ക് ഓരോ ആഴ്ചയും പകുതിയായി കുറയുകയാണ്. മരണനിരക്കിലും ദിവസേനയുള്ള കുറവ് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയുമാണ്. 

തുടർച്ചയായ മൂന്നുദിവസങ്ങളിൽ പുതുതായി രോഗികളാകുന്നവരുടെ എണ്ണം ആറായിരത്തിനടുത്താണ്. ഇന്നലെ രോഗികളായത് 6,391 പേരും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത് 5,455 പേർക്കും മാത്രമാണ്. മൂന്നാഴ്ച മുൻപു ദിവസേന രോഗികളാകുന്നവരുടെ എണ്ണം ബ്രിട്ടനിൽ  60000ത്തിനു മുകളിലായിരുന്നു. മരണനിരക്കിന്റെ കണക്കും  സമാനമായ രീതിയിലാണ്. ഇന്നലെ 343 പേരാണു കോവിഡിൽ മരിച്ചത്. തിങ്കളാഴ്ച 104 പേരും. ജനുവരി ആദ്യവാരം ദിവസേന 2000 പേർ മരിച്ചിരുന്ന സ്ഥിതിയിൽ നിന്നാണു കർശന നിയന്ത്രണങ്ങളിലൂടെ ബ്രിട്ടൻ കോവിഡിനെ വരുതിയിലാക്കിയത്. 

വാക്സിനേഷൻ ഊർജിതമായതോടെ രോഗികളാകുന്നവരിൽ തന്നെ ആശുപത്രിയിൽ ചികിൽസ തേടി എത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 

രണ്ടുകോടിയിലേറെ ആളുകൾക്ക് ഇതിനോടകം ബ്രിട്ടനിൽ കോവിഡ് വാക്സീന്റെ ആദ്യഡോസ് നൽകിക്കഴിഞ്ഞു. ഇതിൽതന്നെ പത്തുലക്ഷത്തോളം പേർക്കു രണ്ടാം ഡോസും നൽകി. ദിവസേന രണ്ടുലക്ഷത്തിലധികം ആളുകൾക്കാണ് ഇപ്പോൾ വാക്സീൻ നൽകുന്നത്. ഈ സ്ഥിതി തുടർന്നാൽ ഏപ്രിൽ മധ്യത്തോടെ 40 വയസിനു മുകളിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്സീനെങ്കിലും നൽകാനാകും. 

പ്രായമായവരിലെ മരണനിരക്ക് വളരെയധികം കുറയ്ക്കാൻ വാക്സിനേഷനിലൂടെ സാധിച്ചു എന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. വാക്സിൻ എടുത്തവരിൽ പലർക്കും പിന്നീട് കോവിഡ്  സ്ഥിരീകരിച്ചെങ്കിലും ഇവർക്കൊന്നുംതന്നെ  രോഗലക്ഷണങ്ങൾ മൂർച്ഛിക്കുന്ന സ്ഥിതി ഉണ്ടാകുന്നില്ലെന്നാണു കണ്ടെത്തൽ 

അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ലെങ്കിൽ നിലവിലെ തീരുമാനപ്രകാരം ജൂൺ മൂന്നാം വാരത്തോടെ ബ്രിട്ടൻ സാധാരണ ജീവിതം തിരിച്ചു പിടിക്കും. സാമൂഹിക അകലവും മുഖാവരണവും ഇല്ലാത്ത പഴയ ലോകത്തേക്കു മടങ്ങിയെത്തുന്ന രാജ്യമായി ബ്രിട്ടൻ മാറും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA