ADVERTISEMENT

ലണ്ടൻ ∙ വിദേശ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട് എടുത്ത് ഒസിഐ പുതുക്കാനായി കാത്തിരിക്കുന്നവർക്കും തൽകാലം ആശങ്ക വേണ്ട. നിലവിലെ ഒസിഐ കാർഡുമായി യാത്രചെയ്യാനുള്ള ഉളവ് 2021 ഡിസംബർ 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിവിധ എംബസികൾ ഇതുസംബന്ധിച്ച് സർക്കുലറും പുറപ്പെടുവിച്ചു. നാട്ടിലേക്കു യാത്രചെയ്യുമ്പോൾ പുതിയ പാസ്പോർട്ടിനും ഒസിഐ കാർഡിനുമൊപ്പം പഴയ പാസ്പോർട്ടുകൂടി കരുതണമെന്ന നിബന്ധനയും റദ്ദാക്കിയതായി ഉത്തരവിലുണ്ട്. കോവിഡ് പ്രതിസന്ധിമൂലം ഒസിഐ പുതുക്കാനാവാതെ വിവിധ രാജ്യങ്ങളിൽ ആശങ്കയിൽ കഴിയുന്ന ആയിരങ്ങൾക്ക് ആശ്വാസമേകുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. 

നിലവിൽ ജൂൺ മാസം 30 വരെയായിരുന്നു ഒസിഐ കാർഡുകൾ പുതുക്കാൻ ഉളവ് അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നത്. 

20 വയസിൽ താഴെ പ്രായമുള്ളവരും അമ്പതു വയസ് പൂർത്തിയാകുന്നവരും ഓരോതവണയും വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കണമെന്നാണ്, 2005ലെ സിറ്റിസൺഷിപ്പ് ഭേദഗതി നിയമത്തിലുള്ള വ്യവസ്ഥ. കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ എംബസികളുടെ പ്രവർത്തനം ഏറെക്കുറെ പൂർണമായിത്തന്നെ നിലച്ചതോടെ സർക്കാർ ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിരുന്നു. ആദ്യം മൂന്നുമാസത്തേക്കും പിന്നീട് ആറുമാസത്തേക്കും ഒടുവിൽ ജൂൺ 30വരെയും അനുവദിച്ച ഈ ഇളവാണ് വിദേശവാസികളായ ഇന്ത്യക്കാരുടെ അഭ്യർഥന മാനിച്ച് ഇപ്പോൾ ഡിസംബർ 31വരെ നീട്ടിയിരിക്കുന്നത്. 

ഇതോടൊപ്പം ഇരുപതിനും അമ്പതിനും മധ്യേ പ്രായമുള്ളവർ നാട്ടിലേക്ക് യാത്രചെയ്യുമ്പോൾ പുതുക്കിയ പാസ്പോർട്ടിനൊപ്പം പഴയ പാസ്പോർട്ടുകൂടി കൈയിൽ കരുതണമെന്ന നിബന്ധനയും റദ്ദാക്കി. ഇനിമുതൽ യാത്രക്ക് പുതിയ പാസ്പോർട്ടും ഒസിഐ കാർഡും മാത്രം കൈയിൽ കരുതിയാൽ മതിയാകും. 

ബ്രിട്ടനിലെ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റുകളുടെയും ഇവർക്കായി പുറംജോലിക്കരാർ ചെയ്യുന്ന വിഎഫ്എസ് സെന്ററുകളുടെയും പ്രവർത്തനം മാർച്ച് ഒന്നുമുതൽ പുനഃരാരംഭിച്ചെങ്കിലും ഇവയുടെയെല്ലാം പ്രവർത്തനം ഇപ്പോഴും ഭാഗികമായി മാത്രമാണ് നടക്കുന്നത്. പാസ്പോർട്ട് പുതുക്കൽ, സറണ്ടർ, ഒസിഐ സർവീസ്, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസിലാർ സർവീസുകൾക്കായി അപ്പോയിന്റ്മെന്റിന് ശ്രമിച്ചാൽ നടക്കാത്ത സ്ഥിതിയാണ്. ആദ്യം 30 ദിവസത്തെ വിൻഡോ പീരിയഡിലും ഇപ്പോൾ 45 ദിവസത്തെ വിൻഡോയിലുമാണ് അപ്പോയിന്റ്മെന്റ് അനുവദിക്കുന്നത്. എന്നാൽ നിലവിൽ, വരുന്ന 45 ദിവസത്തേക്ക് ഒരു അപ്പോയിന്റ്മെന്റും ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇത്തരത്തിൽ അനുഭവപ്പെടുന്ന വലിയ തിരക്കാണ് ഒസിഐ പുതുക്കാനുള്ള സമയം നീട്ടിനൽകാൻ പ്രധാന കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com