ADVERTISEMENT

ബര്‍ലിന്‍ ∙ ആസന്നമായ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ അവരുടെ നാട്ടിലെ കുടുംബങ്ങളിലെ ഓരോ വോട്ടും യുഡിഎഫിന് ഉറപ്പാക്കണമെന്ന് സമുന്നത കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി അഭ്യർഥിച്ചു. ഇതിനായി ഓരോ പ്രവാസിയും അവരവരുടെ നാട്ടിലെ കുടുംബങ്ങളെ ഫോണ്‍ മുഖേനയും മറ്റു സാങ്കേതിക വിദ്യയിലൂടെയും ബന്ധപ്പെട്ട് കുടുംബത്തിലെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ, പരിചയക്കാരുടെ എന്നു വേണ്ട എല്ലാ തലത്തിലുമുള്ള സൗഹൃദങ്ങള്‍ ഉപയോഗിച്ച് യുഡിഎഫിന് വോട്ടു ചെയ്യാന്‍ സജ്ജമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസമായി നടന്നു വന്നിരുന്ന വിര്‍ച്ച്വല്‍ തിരഞ്ഞെടുപ്പ് മീറ്റിങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ അഞ്ചു കൊല്ലമായി കേരളത്തിലെ ജനങ്ങളെ മനുഷ്യ നിര്‍മ്മിത പ്രളയ സൃഷ്ടികൊണ്ടും ധൂര്‍ത്തിന്റെ പര്യായമായി മാറി, സംസ്ഥാനത്തെ കടക്കെണിയിലേയ്ക്കും വീണ്ടും തള്ളിയിട്ട്, വിദ്യാഭ്യാസവും അര്‍ഹതയുമുള്ള ഉദ്യോഗാർഥികളെ ജോലി നല്‍കാതെ വഞ്ചിച്ചും സ്വജനപക്ഷപാതവും ബന്ധുജനങ്ങളെ പുറംവാതിലില്‍ക്കൂടി തിരുകി കയറ്റിയും കൊറോണക്കാലത്ത് പ്രവാസികളെ ദ്രോഹിക്കുക മാത്രമല്ല പ്രവാസികള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കി അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

അധികാരത്തിലെത്തിയാല്‍ ബാറുകള്‍ നിര്‍ത്തിയും മദ്യഉപഭോഗം കുറച്ചും കേരളത്തെ ശോഭനമാക്കുമെന്ന വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്നപ്പോള്‍ കൂടുതല്‍ ബാറുകള്‍ തുറന്ന് കേരളത്തില്‍ മദ്യമൊഴുക്കിയ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫും പ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.പ്രവാസികള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ മറ്റൊന്നും നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മെനക്കെട്ടില്ലെന്നും, ഗള്‍ഫില്‍ നിന്നും തിരിച്ചു നാട്ടിലെത്തി കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ശ്രമിച്ച വ്യസായികള്‍ക്ക് ഒടുവില്‍ സ്വയം ജീവനൊടുക്കേണ്ടി വന്ന അവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫിലെ വിവിധ കക്ഷി നേതാക്കളായ സയിദ് മുനവറലി ശിഹാബ് തങ്ങള്‍, മോന്‍സ് ജോസഫ്, എം.കെ.പ്രേമചന്ദ്രന്‍ എംപി. സി.പി.ജോണ്‍, റോജി എം ജോണ്‍ എംഎല്‍എ, ജിന്‍സണ്‍ എഫ്.കല്ലുമാടിക്കല്‍ (ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി & ഒഐസിസി യൂറോപ്പ് കോഓര്‍നേറ്റര്‍) എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു. കേരളത്തിന്റെ ഭാവി തീരുമാനിയ്ക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ പ്രവാസ ലോകത്തിരുന്നുകൊണ്ട് ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായി കേരളത്തിലെ യുഡിഎഫിന് കരുത്തുപകര്‍ന്ന് നാട്ടിലെ ഒരു വോട്ടും പാഴായി പോകരുതെന്ന് നേതാക്കള്‍ സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു.

സമ്മേളനത്തില്‍ യൂറോപ്പിനു പുറമെ ഗള്‍ഫ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും യുഡിഎഫ് പ്രതിനിധികള്‍ പങ്കെടുത്തു. യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റിയ്ക്ക് വേണ്ടി കണ്‍വീനര്‍ സണ്ണി ജോസഫ് സ്വാഗതവും ചെയര്‍മാന്‍ ഡോ.അലി കൂനാരി നന്ദിയും പറഞ്ഞു. ടോമി തൊണ്ടാംകുഴി (സ്വിസ്) പരിപാടികള്‍ മോഡറേറ്റ് ചെയ്തു. സിറോഷ് ജോര്‍ജ് (ഓസ്ട്രിയ), സ്മിത വയലില്‍(യുകെ), അശ്വതി നായര്‍ (യുകെ), ബിജു തോമസ് (ഇറ്റലി) തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com