ADVERTISEMENT

ലണ്ടൻ ∙ യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ ഗണത്തിൽ ബ്രിട്ടൻ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം പുതുക്കിയ പട്ടികയിൽ ഫിലിപ്പൈൻസിനും കെനിയയ്ക്കും ഒപ്പമാണ് ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും ഉൾപ്പെടെയുത്തിയത്. ഏപ്രിൽ ഒമ്പതു മുതൽ തീരുമാനം പ്രാബല്യത്തിലാകും. ഈ രാജ്യങ്ങളിൽ കണ്ടെത്തിയ വൈറസിന്റെ വകഭേദങ്ങളെ ചെറുക്കാൻ വാക്സീന് കഴിയുമോ എന്നു സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 

ഇന്ത്യയിലും അനുദിനം കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടാനുള്ള സാധ്യത ഏറെയാണ്. രണ്ടുലക്ഷത്തോളം മലയാളികൾ ഉൾപ്പെടെ ഇരുപതു  ലക്ഷത്തിനു മുകളിൽ ഇന്ത്യക്കാരാണ് ബ്രിട്ടനിലുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ ഇന്ത്യ റെഡ് ലിസ്റ്റിലായാൽ ഇവരുടെ സമീപഭാവിയിലെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളെല്ലാം അനിശ്ചിതത്വത്തിലും അവതാളത്തിലുമാകും.  

നിലവിൽ നാൽപതോളം രാജ്യങ്ങളെയാണ് ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കേസുകൾ അനുദിനം വർധിക്കുന്ന ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളെ പോലും ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നുമുണ്ട്. 

ആഫ്രിക്കയിലെ 23 രാജ്യങ്ങളും ലാറ്റിൻ അമേരിക്കയിലെ 15 രാജ്യങ്ങളും ഒമാൻ ഖത്തർ, യുഎഇ എന്നീ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ബംഗ്ലാദേശ് പാക്കിസ്ഥാൻ ഫിലിപ്പീൻസ് എന്നീ ഏഷ്യൻ രാജ്യങ്ങളുമാണ് ഇപ്പോൾ പട്ടികയിലുള്ളത്. നേരത്തെ പട്ടികയിലുണ്ടായിരുന്ന ഏക യൂറോപ്യൻ രാജ്യമായ പോർച്ചുഗലിനെ കഴിഞ്ഞയാഴ്ച ലിസ്റ്റിൽനിന്നും ഒഴിവാക്കിയിരുന്നു. 

ലിസ്റ്റിലുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്കും ഇവിടങ്ങളിൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സഞ്ചരിച്ചവർക്കും ബ്രിട്ടനിലേക്ക് യാത്രാനുമതി ഉണ്ടാവില്ല. എന്നാൽ ഇവിടെയുള്ള ബ്രിട്ടീഷ് പൗരന്മാർക്കും ബ്രിട്ടനിൽ താമസിക്കാൻ അനുമതിയുള്ളവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ യാത്രാനുമതി ലഭിക്കും. ഇവർ ബ്രിട്ടനിൽ എത്തിയാൽ പത്തുദിവസത്തെ ഹോട്ടൽ ക്വാറന്റീന് വിധേയരാകണം. ഹോട്ടലിലേക്കുള്ള യാത്രാചെവലും താമസച്ചെലവും രണ്ടുതവണത്തെ ടെസ്റ്റ് ഫീസുമായി 1750 പൗണ്ടാണ് ഇതിന് ഈടാക്കുന്നത്. 12 വയസിനു മുകളിലുള്ള ഓരോ അഡീഷണൽ യാത്രക്കാരനും 650 പൗണ്ടും 12 വയസയിൽ താഴെയുള്ളവർ 325 പൗണ്ടും നൽകണം. 

ക്വാറന്റീൻ റൂൾ ലംഘിക്കുന്നത് കടുത്ത പിഴയും പത്തുവർഷം വരെ ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. 

വാക്സിനേഷനിലൂടെയും കനത്ത ലോക്ഡൗൺ നിബന്ധനകളിലൂടെയും കോവിഡിനെ ഒരു പരിധിവരെ ബ്രിട്ടൻ നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണ്. ഇതാണ് കോവിഡ് കേസുകൾ ഏറെയുള്ള രാജ്യങ്ങളെയും പുതിയ വകഭേദങ്ങൾ കണ്ടെത്തിയ രാജ്യങ്ങളെയും റെഡ് ലിസ്റ്റിൽ പെടുത്തി കനത്ത മുൻകരുതലുകൾ എടുക്കാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com