ADVERTISEMENT

വത്തിക്കാന്‍സിറ്റി ∙ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അനുസ്മരിക്കുന്ന ദുഃഖവെള്ളി ആചരണം കൊറോണയെന്ന മാഹാമാരി തുടങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ ദുഃഖവെള്ളിയാണ് കടന്നുപോയത്.

ലോകത്തിലെ മിക്ക രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ദുഃഖവെള്ളി കര്‍മ്മങ്ങളും ശുശ്രൂഷകളും പ്രാർഥനകളും പരിമിതപ്പെടുത്തിയിരുന്നു. ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടാണ് നടന്നിരുന്നതെങ്കിലും എല്ലായിടത്തും വെര്‍ച്ച്വല്‍ സംവിധാനത്തിലൂടെ വിശ്വാസികള്‍ക്ക് പ്രാപ്യമായിരുന്നു. യെരുസലേമിലും പാരമ്പര്യമായി നടത്തിവന്ന വിയ ഡൊളോറോസാ, കുരിശിന്റെ വഴി മുന്‍കാലങ്ങളിലെപ്പോലെ നടന്നു.എന്നാല്‍ യൂറോപ്പില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വത്തിക്കാനിലും ജര്‍മനിയിലും മറ്റു രാജ്യങ്ങളിലും പരിമിതിക്കുള്ളില്‍ നിന്നാണ് ആചാര വിശ്വാസങ്ങളുടെ പ്രകടനം നടത്തിയത്.

vatican-good-friday2

വത്തിക്കാനില്‍ ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.വൈകുന്നേരം ആറു മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കുരിശാരാധന, പീഡാനുഭവ പാരായണം, വചനപ്രഭാഷണം, ദിവ്യകാരുണ്യ സ്വീകരണം തുടര്‍ന്ന് ചത്വരത്തില്‍ കുരിശിന്‍റെ വഴിയും നടന്നു.

വടക്കേ ഇറ്റലിയിലെ ഉംബ്രിയ പ്രവിശ്യയിലെ സ്കൗട്സ് & ഗൈഡ്സും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗണ്ടായിലെ രക്തസാക്ഷികളുടെ ഇടവകാംഗങ്ങളും, ദൈവ സ്നേഹത്തിന്‍റെ അമ്മയുടെ നാമത്തിലുളള റോമാരൂപതയിലെ ഇടവകയും ചേര്‍ന്നാണ പ്രാര്‍ത്ഥന ഒരുക്കിയത്. ഇടവക സമൂഹത്തിലെ കുട്ടികളും യുവജനങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ ചിത്രങ്ങളാണ് കുരിശിന്‍റെ വഴിക്കായി ഉപയോഗിച്ചത്. വത്തിക്കാന്‍ മാധ്യമങ്ങള്‍ പാപ്പായുടെ പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

യേശുവിന്‍റെ കുരിശ് സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും സമ്പൂര്‍ണ്ണ ആത്മദാനത്തിന്‍റെയും നിദാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ദുഃഖവെള്ളിയാഴ്ച നല്‍കിയ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. യേശു സത്യമായും സമൃദ്ധമായ ജീവന്‍റെ വൃക്ഷമാണ് എന്നു പാപ്പാ ട്വിറ്ററില്‍ കുറിച്ചു. ക്രിസ്തുവിന്‍റെ കുരിശ് ദൈവത്തിന്‍റെ നിശബ്ദ സിംഹാസനമാണ്. അവിടത്തെ മുറിവുകളിലേക്കു നോക്കക. മുറിവുണ്ടാക്കിയ ആ വിടവുകളില്‍ നമ്മുടെ ശൂന്യതയും നമ്മുടെ പോരായ്മകളും പാപമുണ്ടാക്കിയ മുറിവുകളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നമുക്കായി നേടിയതാണ് അവിടത്തെ മുറിവുകള്‍. ആ മുറിവുകളാല്‍ നമ്മള്‍ സൗഖ്യം പ്രാപിക്കുന്നു എന്നും പാപ്പാ പറഞ്ഞു. എട്ടു ഭാഷകളിലായി 4 കോടിയിലേറെ ആളുകളാണ് പാപ്പായുടെ ട്വിറ്ററിനെ അനുധാവനം ചെയ്യുന്നത്.

vatican-good-friday3

നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ദുഃഖവെള്ളിയാഴ്ച, വത്തിക്കാനില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ കോവിഡ് രോഗപ്രതിരോധ കുത്തിവയ്പ്പ്നല്‍കി. തുടര്‍ന്ന് മാര്‍പാപ്പാ പാര്‍പ്പിട രഹിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചെലവഴിച്ചു. ഫ്രാന്‍സീസ് പാപ്പാ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ കെട്ടിട സമുച്ചയത്തിന്റെ അരികെ കുത്തിവയ്പ്പ് നടത്തിവരുമായി കൂടിക്കണ്ടു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെയും പാപ്പാ അഭിവാദ്യം ചെയ്തു.വത്തിക്കാനില്‍ ഇതുവരെയായി പാര്‍പ്പിടരഹിതരും പാവപ്പെട്ടവരുമായ എണ്ണൂറോളം പേര്‍ക്ക് ആദ്യഘട്ടപ്രതിരോധ കുത്തിവയ്പ്പ് നൽകി. 1200 പേര്‍ക്കാണ് കുത്തിവയ്പ് നൽകാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ 16ാം ചരമ വാര്‍ഷികം കൂടിയാണ് ഈ ദുഃഖവെള്ളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com