ADVERTISEMENT

ലണ്ടൻ∙ ലോകമെമ്പാടുമുള്ള പൂർവ വിദ്യാർഥികളെയും നിലവിലുള്ള അധ്യാപകരെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ചു വെർച്വൽ പ്ലാറ്റ് ഫോമിൽ നടത്തുന്ന ആദ്യ സംഗമമാണ് ‘ടെക്റ്റാൾജിയ’ എന്ന പേരിൽ തൃശൂർ എഞ്ചിനീയറിങ് കോളജ് അലുംമ്നി അസോസിയേഷനും യുകെ ചാപ്റ്ററും കൂടെ സംഘടിപ്പിച്ചത്.  രണ്ട് ദിവസങ്ങളിലായി 8 മണിക്കൂറോളം നീണ്ടു നിന്ന ലൈവ് പരിപാടികൾ മാർച്ച് 21നും 27 നുമായി നടന്നു. രണ്ടാം ദിവസമായ മാർച്ച് 27ന് അഞ്ചു മണിക്കൂർ നീണ്ടു നിന്ന മികച്ച കലാ സാഹിത്യ പ്രകടനങ്ങൾ പ്രിൻസിപ്പൽ ഡോ. വി. എസ്. ഷീബ ഉദ്ഘാടനം ചെയ്തു.  പ്ര. കൃഷ്ണകുമാർ (സെക്രട്ടറി അലുംനി അസോസിയേഷൻ) സ്വാഗതം നിർവഹിച്ച ചടങ്ങിൽ റെയ്മോൾ നിധീരി (യുകെ) അവതാരകയും മുഖ്യ സംഘാടകയുമായിരുന്നു.

 

വിവിധ അലുംമ്നി ചാപ്റ്റേഴ്സ് അവതരിപ്പിച്ച കലാ, സാഹിത്യ  പരിപാടികൾ ടെക്റ്റാൾജിയക്ക് മിഴിവേകി. പൂർവ വിദ്യാർഥികളെ അവരുടെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ട് പോയ പരിപാടി, വളരെ മികവ് പുലർത്തി. ഡോ. ഷീജ കൃഷ്ണൻ (യുകെ) കൃതജ്ഞത പറഞ്ഞു.  സിനോജ് ചന്ദ്രൻ (യുകെ) പരിപാടികളുടെ ടെക്നിക്കൽ ഹെഡ് ആയിരുന്നു. 

 

ബുദ്ധിമുട്ടുകൾ വഴിമുടക്കിയ കഴിഞ്ഞ ഒരു വർഷം, കോളജിനെയും വിദ്യാർഥികളെയും കൈപിടിച്ച് സഹായിക്കാൻ മുന്നോട്ട് വന്ന പൂർവ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ അനുമോദിച്ചു. ഇത്തരം കൂട്ടായ്മകളിലൂടെ, അനുയോജ്യമായ രീതിയിൽ കോളജിന് നൽകുന്ന മികച്ച പ്രോൽസാഹനം കുട്ടികൾക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

 

സുനീത് നായർ രചന നിർവ്വഹിച്ചു ജിതേഷ് നാരായണൻ സംഗീതം നൽകി ആലപിച്ച കോളേജ് തീം സോംഗ് ഓടെ പരിപാടികൾക്ക് തുടക്കമായി. സങ്കേതിക രംഗത്തെ ജോലിത്തിരക്കുകൾ ക്കിടയിലും, സംഗീതത്തോടുള്ള അഭിരുചി കൈവിടാതെ മികച്ച രചനകൾ അവതരിപ്പിക്കുന്ന ബാഗ്ലൂർ ചാപ്റ്ററിന്റെ മ്യൂസിക്ക്-5 എന്ന ബാൻഡ് ആവേശകരമായ തുടക്കം നൽകി. ലളിതമായ വേഷവിധാനങ്ങളുമായി, പച്ചപ്പിന്റെ പശ്ചാത്തലത്തിൽ മലയാളത്തിനെപ്പററി രാജശ്രീ അവതരിപ്പിച്ച നൃത്തം ആസ്വാദ്യകരമായി. 

 

വയലാർ ഓർമ്മ നിറച്ച ഗാനവുമായി ജയദീപ് വാരിയരും, മകൻ ആര്യനും. കോളേജ് കാമ്പസിൽ ചിത്രീകരിച്ച ഒ.എൻ.വി ഗാനങ്ങൾ ആലപിച്ച് കോളേജിലെ അദ്ധ്യാപകരുടെ സംഘം പ്രേക്ഷകരെ ' ഒരു വട്ടം കൂടി '  തങ്ങളുടെ വിദ്യാർത്ഥി കാലഘട്ടത്തിലേക്ക് കൊണ്ടു പോയി.

പൂർവ്വ വിദ്യാർത്ഥി കൂടിയായ വി. ടി. ബൽറാം എം.എൽ.എ, മുൻ ഡി.ജി.പി ഹേമചന്ദ്രൻ, കൈരളി ചാനൽ ഡയറക്ടർ ടി. ആർ. അജയൻ, ഭൗമ ചാപം എന്ന പുസ്തകമെഴുതിയ സി. എസ്. മീനാക്ഷി, പഠന കാലത്ത് കോളജ് മാഗസിൻ എഡിറ്ററായിരുന്ന നരേന്ദ്രൻ മാണിക്കത്ത്, സൈബർ സെക്യൂരിട്ടി രംഗത്ത് പ്രവർത്തിക്കുന്ന സംഗമേശ്വരൻ എന്നിവർ സംസാരിച്ചു. 

 

ദീപ്തി വിജയൻ അവതരിപ്പിച്ച നാഗവല്ലിയുടെ നൃത്തം അതിന്റെ സെമി ക്ലാസിക്കൽ രൂപത്തിൽ ഏറെ ശ്രദ്ധേയമായി. ബെസ്റ്റ് അസ്ട്രോണമി ഫൊട്ടൊഗ്രഫർ ഓഫ് ദ ഇയർ അവാർഡ് നേടിയ പ്രേംജിത്ത് നാരായണൻ. സാഹസികത, സ്പോർട്സ്, രാത്രി ഫോട്ടോഗ്രാഫി എന്നിവയിൽ ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളും അവ എടുത്ത രീതികളും അവതരിപ്പിച്ചു. പ്രത്യേകിച്ച് ആർട്ടിക് സർക്കിളിൽ പോയി എടുത്ത നോർത്തേൺ ലൈറ്റ്, Silhouette band, 80 കളുടെ അവസാനം കോളേജിൽ അവർ എന്തായിരുന്നോ അവിടെ നിന്ന് തന്നെ തുടങ്ങി പ്രേക്ഷകരിൽ ആവേശം നിറച്ചു. ലോകമെമ്പാടുമുള്ള, കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരെയും, കോവിഡ് പോരാളികളെയും അനുസ്മരിച്ച് കൊണ്ട് കുവൈറ്റ് ചാപ്റ്ററിലെ 28 പേർ അണിനിരന്ന സംഗീതാലാപനം വീഡിയോ എഡിറ്റിംഗിന്റെ മാന്ത്രികതയിൽ മികച്ചതായി. പൂർവ്വ വിദ്യാത്ഥി ദമ്പതികളായ അപർണ്ണയും അനൂപും അവതരിപ്പിച്ച ഹിന്ദുസ്ഥാനി ഗാനം, പ്രസീദ കോട്ടാമല സിത്താറിൽ അവതരിപ്പിച്ച സംഗീതം എന്നിവ ഉന്നത നിലവാരം പുലർത്തി.

 

പുസ്തക രചന, അഭിനയം, ആയോധനകല എന്നിവയിൽ മികവ് പുലർത്തുന്ന ശ്രേയസ് ചുരുങ്ങിയ സമയത്തിനുള്ളിൽ അതെല്ലാം അവതരിപ്പിച്ച് ശ്രദ്ധേയനായി. ഐ.ബി മനോജ് എടവനക്കാടുള്ള തന്റെ കുടുംബ വീടിന്റെ ഒരേക്കർ പറമ്പിൽ സ്വാഭാവികമായി വൃക്ഷങ്ങൾ വളരാൻ വിട്ടു കൊടുത്തു കൊണ്ട് ഉണ്ടാക്കിയ സ്വാഭാവിക വനം പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമോദാഹരണമായി. മൂന്നു വ്യത്യസ്ത ഇനങ്ങളിൽ രണ്ടു ദിവസങ്ങളിലായി പങ്കെടുത്തു കയ്യടി നേടിയ സിന കെ.എസ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കവിതാ രചന, ചിത്രരചന, മോഹിനിയാട്ടം എന്നീ മൂന്നിനങ്ങൾ ആണ് സിന അവതരിപ്പിച്ചത്.

 

വനിതാ അംഗങ്ങളുടെ ചടുലതയാർന്ന സംഘനൃത്തം. അംഗങ്ങളുടെ സംഘഗാനം എന്നിവയിലൂടെ കൂടുതൽ പേരുടെ പ്രാതിനിധ്യം യുഎഇ ചാപ്റ്റർ ആയ ട്രേസ് ഉറപ്പിച്ചു. 

 

ഏകാഭിനയത്തിലൂടെ അജയ്, അനുയോജ്യമായി കോർത്തിണക്കിയ വിവിധ സിനിമാ ഗാനങ്ങളിലൂടെ ജിതേഷ്, അക്ഷരശുദ്ധിയുള്ള ഒരു ആലാപനത്തിലൂടെ സുധ ബാലഗോപാൽ, ശബ്ദഗാംഭീര്യത്തോടെ ആലാപനം നടത്തിയ രജിത്ത് കുമാർ , കൃഷ്ണദാസ് , നല്ല ചിത്രീകരണമികവോടെ ഒരു ഗാനം അവതരിപ്പിച്ച ശ്രീരാജ് ഉണ്ണികൃഷ്ണൻ , തിരുവോണത്തിന്റെ ഓർമ്മകൾ ഉണർത്തിയ ഒരു ഗാനമാലപിച്ച രമ ജയകുമാർ , നല്ലൊരു ഹിന്ദി ആലാപന ശൈലിയിലൂടെ അനീസ് ഹൈദ്രോസ് . വ്യത്യസ്ഥമായ ഒരു അനിമേഷൻ അവതരണത്തിലൂടെ ഒരു കഥാസന്ദർഭം ഗാനമായി അവതരിപ്പിച്ച ഷാബിൻ എന്നിവരും അവരുടെ പങ്ക് പ്രേക്ഷകരുടെ മനസ്സിലുറപ്പിച്ചു.

 

മിമിക്രി അവതരിപ്പിച്ച ജിയോ, ലിയോൺ, ബിച്ചു രാജ് എന്നിവർ കാലങ്ങൾക്കിപ്പുറവും ഈ തരം അവതരണങ്ങളുടെ ആസ്വാദ്യത നിലനിൽക്കുന്നത് തെളിയിച്ചു.ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ച മഹാമാരിയിൽ നിന്ന് കരകയറാൻ മനുഷ്യരാശി പ്രകടിപ്പിച്ച പ്രത്യാശ നിറഞ്ഞ പോരാട്ടം, അതിലേർപ്പെട്ട ആരോഗ്യ പ്രവർത്തകർ എന്നിവ ഓർമ്മിച്ച് മ്യൂസിക് 5 അവതിരിപ്പിച്ച ബാൻഡ്, ഉപകരണങ്ങളുടെ സമന്വയത്തിലൂടെ ശ്രദ്ധേയമായി.

 

ആദ്യ കാലഘട്ടം മുതൽ വളരെ ഉയർന്ന നിലയിലുള്ള ഒരു കായിക ചരിത്രമാണ് കോളേജിനുള്ളത്. ആദ്യ കാലത്തെ താരങ്ങളെയും അവരുടെ കായിക നേട്ടങ്ങളെയും വിലയിരുത്തുന്ന ഒരു അവതരണം, ആദ്യകാലത്ത് കോളജിൽ ഈ രംഗത്തുണ്ടായിരുന്ന ആർ കെ രവി പ്രഫ. കൃഷ്ണകുമാറുമായി ചേർന്ന് നിർവ്വഹിച്ചു.

 

മരുഭൂമിയുടെ പശ്ചാത്തലത്തിൽ വയലിനിൽ ചടുലമായ ഒരവതരണമാണ്  ഖത്തർ ചാപ്റ്ററിലെ ഗോപാൽ റാവു നടത്തിയത്. കീബോർഡിൽ നാരായണൻ സുബ്രഹ്മണ്യന്റെ പിന്തുണയും. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന രജിത് കുമാർ , സാജൻ രാമാനന്ദൻ എന്നിവർ അവരുടെ സിനിമാ വിശേഷങ്ങൾ പങ്കു വച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com