ADVERTISEMENT

ലണ്ടൻ∙ ഒസിഐ കാർഡ് പുതുക്കുന്നതിനു നിലവിലുള്ള ചട്ടങ്ങൾ ലഘൂകരിച്ചു കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. വിവിധ രാജ്യങ്ങളിലെ ഒസിഐ കാർഡ് ഹോൾഡർമാരായ 37,72,000 ഇന്ത്യൻ വംശജർക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. 

20 വയസിൽ താഴെയുള്ളവർ ഓരോ തവണ പാസ്പോർട്ട് പുതുക്കുമ്പോഴും  50 വയസ് പൂർത്തിയാകുന്നവർ ഒരു തവണയും ഒസിഐ കാർഡും പുതുക്കണമെന്ന നിബന്ധനയാണു പുതിയ വിജ്ഞാപനത്തിലൂടെ ഇല്ലാതാകുന്നത്. പകരം ഇവർ പുതിയ പാസ്പോർട്ടിന്റെ പകർപ്പും ലേറ്റസ്റ്റ് ഫോട്ടോയും ഒസിഐ. പോർട്ടലിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. പാസ്പോർട്ട് പുതുക്കി മൂന്നു മാസത്തിനുള്ളിലാണ് ഇതു ചെയ്യേണ്ടത്. അപ്ലോഡ് ചെയ്യുന്ന വിവരങ്ങൾ വെബ് ഡോക്യുമെന്റായി റജിസ്റ്റർ ചെയ്താലുടൻ ഇതു ശരിവച്ചുകൊണ്ടുള്ള  ഇ-മെയിൽ സന്ദേശം തിരികെ ലഭിക്കും. പോർട്ടലിൽ അപ് ലോഡ് ചെയ്യുന്ന വിവരങ്ങൾ ശരിവച്ചുകൊണ്ടുള്ള സന്ദേശം ലഭിക്കാൻ വൈകിയാലും ആ ദിവസങ്ങളിൽ ഇന്ത്യയിലേക്കോ തിരിച്ചോ ഉള്ള യാത്രയ്ക്ക് തടസമുണ്ടാകില്ലെന്നു വിജ്ഞാപനത്തിൽ എടുത്തു പറയുന്നുണ്ട്.  

കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 ഡിസംബർ 31 വരെ ഒസിഐ കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടി നൽകിയിരുന്നു. ഇത് അവസാനിക്കുന്ന മുറയ്ക്കാകും പുതിയ വിജ്ഞാപനപ്രകാരമുള്ള തീരുമാനങ്ങൾ പ്രാബല്യത്തിലാകുക. 

നിലവിലെ നിയമമനുസരിച്ച് 20 വസയിൽ താഴെയുള്ളവർ ഓരോ തവണ പാസ്പോർട്ട് പുതുക്കുമ്പോഴും ഒസിഐ പുതുക്കണമായിരുന്നു. ഇത് ഇനി ആവശ്യമില്ല. എന്നാൽ മുഖത്തുണ്ടാകുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങൾ കണക്കിലെടുത്ത് 20 വയസ് പൂർത്തിയായാൽ ഒരു തവണ ഒസിഐ പുതുക്കണം. 

20 വയസിനു മുകളിലുള്ള ഒസിഐ ഹോൾഡർമാർ 50 വയസാകുമ്പോൾ  മുഖത്തെ രൂപമാറ്റങ്ങൾ രേഖപ്പെടുത്താനായി ഒരുതവണ ഒസിഐ പതുക്കണമായിരുന്നു. ഇതും ഇനി ആവശ്യമില്ല. പകരം പുതിയ പാസ്പോർട്ടും ലേറ്റസ്റ്റ് ഫോട്ടോയും ഒസിഐ പോർട്ടലിൽ അപ് ലോഡ് ചെയ്താൽ മതിയാകും. 

ചുരുക്കിപ്പറഞ്ഞാൽ കുട്ടികളായിരിക്കുമ്പോൾ ഒസിഐ കാർഡ് ലഭിക്കുന്നവർ ജീവിതത്തിൽ 20 വയസാകുമ്പോൾ ഒരിക്കൽ മാത്രം ഒസിഐ പുതുക്കിയാൽ മതിയാകും. 20 വയസിനു ശേഷം ഒസിഐ കാർഡ് എടുക്കുന്നവർക്ക് ഒരിക്കലും അതു പുതുക്കേണ്ട ആവശ്യവുമില്ല. 

ഒസിഐ കാർഡ് ഹോൾഡർമാരുടെ ഭാര്യയോ ഭർത്താവോ വിദേശ വംശജരാണെങ്കിൽ ഇവർ പാസ്പോർട്ടും ഫോട്ടോയും അപ്ലോഡ് ചെയ്യുന്നതിനൊപ്പം ഇവരുടെ വിവാഹം ഇപ്പോഴും നിലനിൽക്കുന്നു എന്നു ബോധ്യപ്പെടുത്തുന്ന  സത്യവാങ്മൂലവും സമർപ്പിക്കണം. 

ഇന്ത്യൻ എംബസികളിലും വിഎഫ്എസ് പോലുള്ള പുറംജോലിക്കരാർ ഏജൻസികളും കയറിയിറങ്ങി ദിവസങ്ങൾ മെനക്കെട്ടായിരുന്നു പലരും ഇതുവരെ ഒസിഐ പുതുക്കൽ എന്ന തലവേദന പിടിച്ച നടപടികൾ പൂർത്തിയാക്കിയിരുന്നത്.  ഈ ദുരിതത്തിനു വലിയൊരു ആശ്വാസം നൽകുന്നതാണു കേന്ദ്രസർക്കാരിന്റെ  പുതിയ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com