ADVERTISEMENT

ലണ്ടൻ∙ യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ ഇന്ത്യയെയും ഉൾപ്പെടുത്തിയതോടെ ഈ മാസം 24 മുതൽ 30 വരെ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. 30നു ശേഷം സർവീസുകൾ തുടരുമോ എന്നകാര്യം സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നാണ് എയർ ഇന്ത്യയുടെ നിലപാട്. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്കു റീഫണ്ട് നൽകുകയോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകൾ റീ ഷെഡ്യൂൾ ചെയ്തു നൽകുകയോ ചെയ്യും. ട്വിറ്റർ സന്ദേശത്തിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.  

വെള്ളിയാഴ്ച പുലർച്ചെ നാലു മുതലാണ് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകുന്നത്. അതിനുശേഷമുള്ള സർവീസുകൾ ഒരിക്കലും ലാഭകരമാകില്ലെന്ന വിലയിരുത്തലിലാണ് എയർ ഇന്ത്യയുടെ തീരുമാനം. നിലവിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നു ആഴ്ചയിൽ മൂന്നുവീതം ആകെ 15 സർവീസുകളാണു വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി ബ്രിട്ടനിലേക്കും തിരിച്ചും നടത്തിയിരുന്നത്. മറ്റ് എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകൾ നേരത്തെ നിർത്തലാക്കിയ സാഹചര്യത്തിൽ ഈ സർവീസുകൾ ഇരു രാജ്യങ്ങൾക്കുമിടയിലെ ലൈഫ് ലൈനായിരുന്നു. ഇതാണു പുതിയ റെഡ് ലിസ്റ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ തൽക്കാലത്തേക്കെങ്കിലും നിലയ്ക്കുന്നത്. 

വരും ദിവസങ്ങളിൽ ഓൺലൈനായി നടക്കുന്ന ഇന്ത്യാ- യുകെ ഉന്നതതല നയതന്ത്രചർച്ചകളിൽ അത്യാവശ്യ വിമാനസർവീസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചാവിഷയമാകും. അടുത്ത ഞായറാഴ്ച ആരംഭിക്കേണ്ടിയിരുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ടു നടക്കേണ്ടിയിരുന്ന യോഗങ്ങളെല്ലാം ഓൺലൈനായി നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. പുതിയ സാഹചര്യത്തിൽ നിരവധി നിർണായക തീരുമാനങ്ങൾ ഈ യോഗങ്ങളിൽ ഉണ്ടാകും. 

റപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന ബോറിസ് ജോൺസൺ അന്ന് ബ്രിട്ടനിലെ കനത്ത കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു യാത്ര ഏപ്രിലിലേക്കു മാറ്റിയത്. എന്നാൽ ഇപ്പോൾ ബ്രിട്ടനിലെ സ്ഥിതിഗതികൾ ഭദ്രമാണെങ്കിലും ഇന്ത്യയിലെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്ര വീണ്ടും ഉപേക്ഷിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com