sections
MORE

ഉപയോഗിക്കാത്ത 2.16 ലക്ഷം വാക്‌സീൻ അയൽ രാജ്യങ്ങൾക്കു നൽകാൻ നോർവേ

AstraZeneca Covid-19 Vaccine
SHARE

സൂറിക് ∙ കാലാവധി തീരാറായ 2.16 ലക്ഷം ഡോസ് അസ്ട്ര സെനക വാക്‌സീൻ സ്വീഡനും, ഐസ്‌ലൻഡിനും നൽകാൻ നോർവെ. രക്തം കട്ടപിടിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് ആദ്യ ഡോസ് അസ്ട്ര സെനക എടുത്തവരിൽ ഫൈസറിന്റെ സെക്കൻഡ് ഡോസ് പരീക്ഷിക്കാൻ സ്‌പെയിൻ. യൂറോപ്പിൽ നിന്നുള്ള ഓക്സ്ഫഡിന്റെ അസ്ട്ര സെനക വാക്‌സീൻ വാർത്തകൾ ഇങ്ങനെയൊക്കെയാണ്.    

നോർവേയിൽ അസ്ട്ര സെനകയുടെ ഉപയോഗത്തിന്മേലുള്ള നിരോധനം മാർച്ച് 11 മുതൽ തുടരവെയാണ് ജൂണിലും, ജൂലൈയിലുമായി കാലാവധി തീരുന്ന വാക്‌സീനുകൾ അഭ്യർഥനയെ തുടർന്ന് നോർവേ അയൽ രാജ്യങ്ങൾക്ക് നൽകുന്നത്. രണ്ട് ലക്ഷം ഡോസുകൾ സ്വീഡനും, ബാക്കി ഐസ്‌ലൻഡിനുമാണ് കിട്ടുക. 1.34 ലക്ഷം അസ്ട്ര സെനക ഡോസാണ് ഇതിനോടകം നോർവേയിൽ നൽകിയിട്ടുള്ളത്. ഇതിൽ അഞ്ചു കേസുകളിലാണ് രക്‌തം കട്ടപിടിക്കുന്നതായി തെളിഞ്ഞത്. മറ്റൊരു അയൽരാജ്യമായ ഡെൻമാർക്കും അസ്ട്ര സെനക വാക്സീന്റെ ഉപയോഗം പൂർണമായി നിരോധിച്ചിരിക്കുകയാണ്. 

1200-astrazeneca-vaccine

അതേസമയം, അസ്ട്ര സെനക വാക്‌സീന്റെ ഫസ്റ്റ് ഡോസ് സ്വീകരിച്ച സ്‌പെയിനിലെ 20 ലക്ഷം പേരുടെ കാര്യം ഇപ്പോഴും അനിശ്ചിതത്തിലാണ്. ഇവിടെ 60 - 69 പ്രായ പരിധിയിലുള്ളവർക്ക് മാത്രമാണ് നിലവിൽ അസ്ട്ര സെനക വാക്‌സീൻ സ്വീകരിക്കാൻ അനുമതിയുള്ളത്. 60 വയസ്സിൽ താഴെയുള്ളവർക്ക് അസ്ട്ര സെനകയുടെ നിരോധനം കൊണ്ടുവരുന്നതിന് മുമ്പ് സ്‌പെയിനിൽ വ്യാപകമായി ഉപയോഗിച്ചിരുന്നത് ഓക്സ്ഫഡ് വാക്‌സീനായിരുന്നു. അധ്യാപകർ, പൊലീസ്, ഫയർഫോഴ്സ് സേന അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയ അവശ്യ സർവീസ് വിഭാഗങ്ങളിലുള്ള 20 ലക്ഷം പേരെയാണ് പ്രധാനമായും നിരോധനം ബാധിച്ചിട്ടുള്ളത്. 

അസ്ട്ര സെനകയുടെ നിരോധനം ഇവരെ ബാധിക്കാതിരിക്കാൻ പ്രധാനമായും രണ്ട് മാർഗങ്ങളാണ് സ്‌പെയിൻ പരിശോധിക്കുന്നത്. മാഡ്രിഡിലെ കാർലോസ് III പബ്ളിക് ഹെൽത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലിനിക്കൽ ട്രയലുകളിൽ സെക്കൻഡ് ഡോസായി അസ്ട്ര സെനകയ്ക്ക്‌ പകരം ഫൈസർ നൽകുന്ന സാധ്യതയാണ് പരീക്ഷിക്കുന്നത്. ഇത്തരത്തിൽ 400 പേരിലാണ് ആദ്യ ഡോസ് അസ്ട്ര സെനകയും, സെക്കൻഡ് ഡോസിസ് ഫൈസറും പരീക്ഷിച്ചിട്ടുള്ളത്. ഫലം ആശാവഹമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിലെ സൂചന. 

oxford-astrazeneca-vaccine

യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ അനുമതിയുള്ള കൊമ്പിവാക്‌സ് എന്ന് പേരിട്ട പരീക്ഷണത്തിന്റെ ഫലം ഉടൻ പ്രതീക്ഷിക്കുന്നതായി പദ്ധതിയുടെ കോർഡിനേറ്റർ ജീസസ്‌ അന്റോണിയോ ഫ്രിയാസ് വ്യക്തമാക്കി. പരീക്ഷണം വിജയിച്ചാൽ തന്നെ നിശ്ചിത സമയ പരിമിതിക്കുള്ളിൽ 20 ലക്ഷം പേർക്ക് നൽകാനാവശ്യമായ ഫൈസർ ഡോസുകൾ രാജ്യത്ത് സ്റ്റോക്കില്ല എന്നതും സ്പെയിനിനെ കുഴയ്ക്കുന്നുണ്ട്.

ഫലം വിപരീതമായാൽ അസ്ട്ര സെനകയുടെ ഒറ്റ ഡോസിസിൽ തന്നെ കോവിഡ് പ്രതിരോധ വാക്‌സീൻ നിർത്തുക എന്ന സാദ്ധ്യതയും സ്‌പെയിൻ പരിശോധിക്കുന്നു. കോവിഡ് 19 ന് എതിരെ 75 ശതമാനം വരെ പ്രതിരോധ ശേഷി അസ്ട്ര സെനക നൽകുന്നു എന്നതാണ് സെക്കൻഡ് ഡോസെടുത്താലുണ്ടാകുന്ന റിസ്‌ക് ഒഴിവാക്കാനുള്ള പ്രേരണ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA