ADVERTISEMENT

ബര്‍ലിന്‍ ∙ ഈ വര്‍ഷം ഓഗസ്റ്റിന് മുൻപ് യൂറോപ്പ് കോവിഡ് 19 നെതിരായി ഹെര്‍ഡ് ഇമ്യൂണിറ്റി ആര്‍ജിക്കുമെന്ന്  ബയോടെക്ക് ചീഫ് എക്സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍ അഭിപ്രായപ്പെട്ടു. രണ്ടുഡോസ് സ്വീകരിച്ചവരില്‍ ആറുമാസം പിന്നിടുന്നതോടെ വാക്സീന്‍റെ ഫലപ്രാപ്തി 95 ല്‍ നിന്ന് 91 ശതമാനമായി കുറയുന്നുണ്ടെന്നാണ് ഉഗൂര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ വാക്സീന്‍റെ കാര്യക്ഷമത നൂറുശതമാനമായി നിലനിര്‍ത്താന്‍ ആദ്യ ഡോസ് സ്വീകരിച്ച് 9 മുതല്‍ 12 മാസങ്ങള്‍ കഴിയുമ്പോള്‍ മൂന്നാമതൊരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കി. 

ഓരോ വര്‍ഷവും അല്ലെങ്കില്‍ ഓരോ 18 മാസം കൂടുമ്പോഴും വാക്സിന്‍റെ അടുത്ത ബൂസ്റ്റര്‍ സ്വീകരിക്കേണ്ടി വരുന്നത് അനിവാര്യമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി. ഫൈസര്‍ വാക്സീന്‍ കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന്  ഉഗുര്‍ സാഹിന്‍ വ്യക്തമാക്കി. വൈറസിന്‍റെ ഇന്ത്യന്‍ വകഭേദത്തില്‍ ഇപ്പോഴും പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സമാനമായ വകഭേദങ്ങള്‍ക്കെതിരെ ഫൈസര്‍ വാക്സീന്‍ പ്രതിരോധം തീര്‍ക്കുമെന്ന് നേരത്തെ തന്നെ പരീക്ഷിച്ചുതെളിഞ്ഞതാണ്. അക്കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ഉഗുര്‍ പറഞ്ഞു.

വൈറസ് പകരാനുള്ള ഉയര്‍ന്ന അപകടസാധ്യത കണക്കിലെടുത്ത് ജര്‍മനിയിലെ ചെറുപ്പക്കാര്‍ക്ക് വേഗത്തില്‍ കുത്തിവയ്പ് നല്‍കാന്‍ ജര്‍മ്മന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ചെറുപ്പക്കാര്‍ക്കിടയില്‍ വർധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ വെളിച്ചത്തില്‍, ജര്‍മ്മന്‍ ഡോക്ടര്‍മാരും രാഷ്ട്രീയക്കാരും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കുത്തിവയ്പ്പ് നടത്തുന്നതിനോട് അനുകൂലമായിട്ടാണ് സംസാരിച്ചത്. ചെറുപ്പക്കാര്‍ക്ക് ഉടന്‍ തന്നെ കുത്തിവയ്പ് നല്‍കണമെന്ന് ജര്‍മ്മന്‍ ഫാമിലി ഫിസിഷ്യന്‍സ് അസോസിയേഷന്‍ മേധാവി അള്‍റിക് വെയ്ഗെല്‍ഡ് ആവശ്യപ്പെട്ടു.

യൂറോപ്യന്‍ എത്തിക്സ് കൗണ്‍സില്‍ ചെയര്‍പേഴ്സണും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. നിലവില്‍ ജര്‍മ്മനിയുടെ എമര്‍ജന്‍സി ബ്രേക്ക് നിയമപ്രകാരം സ്കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടലിലാണ്. അതേസമയം ജര്‍മനിയില്‍ അസ്ട്രസെനക കുത്തിവയ്പ് ലഭിച്ച 32 കാരി മരിച്ചത് വീണ്ടും ആശങ്കയുയര്‍ത്തി.

രാജ്യത്തെ ആരോഗ്യ ഏജന്‍സിയായ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,231 പുതിയ കേസുകളും 312 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com