sections
MORE

ഇന്ത്യയിൽ നിന്നു യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റുകൾക്കു താൽക്കാലിക നിരോധനം

nurse
SHARE

ലണ്ടൻ∙ ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യയുടെ ആരോഗ്യമേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ അവിടെനിന്നും ആരോഗ്യമേഖലയിലെ പ്രഫഷണലുകളെ, പ്രത്യേകിച്ച് നഴ്സുമാരെ വിദേശത്തേക്ക് റിക്രൂട്ട്ചെയ്തു കൊണ്ടുപോരുന്നതു ധാർമികമായി ശരിയല്ലാത്തതിനാലാണു സ്ഥിതിഗതികൾ മെച്ചമാകുന്നതുവരെ തൽക്കാലത്തേക്കു റിക്രൂട്ട്മെന്റുകൾ നടപടികൾ മരവിപ്പിക്കാൻ ബ്രിട്ടീഷ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച നിർദേശം എൻഎച്ച്എസ് ഇംഗ്ലണ്ട് വിവിധ ട്രസ്റ്റുകൾക്കും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കും നൽകി. 

ഇതോടെ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി വരുംദിവസങ്ങളിൽ ബ്രിട്ടനിലേക്കു പറക്കാൻ കാത്തിരുന്ന നിരവധി നഴ്സുമാർക്കു, യാത്രയ്ക്കായി, ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ഏറെക്കുറെ ശമിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. എന്നാൽ നിലവിൽ ജോബ് ഓഫർ ലഭിച്ച ആരുടെയും അവസരം പാഴാകില്ല. ഇവരുമായി നിരന്തരം സമ്പർക്കം പുലർത്തി ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും ചെയ്യണമെന്ന് ട്രസ്റ്റുകൾക്കും ഏജൻസികൾക്കും എൻഎച്ച്എസ് ഇംഗ്ലണ്ട് നിർദേശം നകിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണു നിരോധനം. 

ഇന്ത്യ ബ്രിട്ടന്റെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിലാകുകയും എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നിത്യേനെയുള്ള സർവീസ് നിർത്തലാക്കുകയും ചെയ്തതോടെ പല റിക്രൂട്ട്മെന്റ് ഏജൻസികൾക്കും അവർ റിക്രൂട്ട്ചെയ്തിരുന്ന നഴ്സുമാരുടെ  യാത്ര മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ ഹോട്ടൽ ക്വാറന്റൈനുള്ള തുക നൽകാൻ തയാറായതോടെ ഇവരുടെ യാത്രകൾ സാധ്യമാകുമെന്ന് കരുതിയിരിക്കവേയാണ് ധാർമികതയുടെ പേരിൽ ഇന്ത്യൻ റിക്രൂട്ട്മെന്റുകൾ എല്ലാം  തൽക്കാലത്തേക്കു നിർത്തിവയ്ക്കാൻ സർക്കാർ തന്നെ തീരുമാനിച്ചത്. 

യാത്രാപ്രതിസന്ധി മറികടക്കാനായി ചില ഏജൻസികൾ സ്വന്തമായി വിമാനം ചാർട്ടർചെയ്ത് നഴ്സുമാരെ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇത്തരത്തിൽ കൂട്ടമായെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ സൗകര്യം ഒരുക്കുക എളുപ്പമല്ലാത്തതിനാൽ  ഇതിനുള്ള അനുമതി നേരത്തെ നിഷേധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ധാർമികതയുടെ പേരിലുള്ള താൽക്കാലിക റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ കൂടി എത്തിയിരിക്കുന്നത്.  

കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശ റിക്രൂട്ട്മെന്റിനു കൂടുതൽ പണം അനുവദിക്കുകയും ഹെൽത്ത് ആൻഡ് കെയർ വീസയുടെ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കുകയും ചെയ്തതോടെ, മാസം തോറും നൂറുകണക്കിനു മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സുമാരാണ് ബ്രിട്ടനിലേക്ക് എത്തിയിരുന്നത്. നഴ്സിങ് മേഖലയിലെ ഈ അവസരം അവസാനിക്കുന്നില്ലെങ്കിലും യുകെ നഴ്സിങ് ജോലിക്കായുള്ള പലരുടെയും കാത്തിരിപ്പിനു പുതിയ തീരുമാനം കാലതാമസം വരുത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA