ADVERTISEMENT

ലണ്ടൻ∙ ലണ്ടനിലെയും പരിസര പ്രദേശങ്ങളിലെയും  മാർത്തോമ്മാ വിശ്വാസികളുടെ ചിരകാല അഭിലാഷം പൂവണിയുന്നു.  സ്വന്തമായ ആരാധാനാലയം ഉണ്ടാകണമെന്ന വിശ്വാസികളുടെ പതിറ്റാണ്ടുകൾ നീണ്ട ആഗ്രഹമാണ് ഇന്നു സഫലമാകുന്നത്.  സൗത്ത് ഈസ്റ്റ് ലണ്ടനിലെ ന്യൂ എൽത്തമിൽ പുതുതായി പണിത  പള്ളിയുടെയും പാരിഷ് ഹാളിന്റെയും പുരോഹിത ഗൃഹത്തിന്റെയും കൂദാശ ഇന്നു മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് റവ ഡോ.ഐസക് മാർ ഫീലക്സിനോസ് മെത്രാപ്പോലീത്ത നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ 30 പേർക്കുമാത്രമാണു പങ്കെടുക്കാൻ അനുമതിയുള്ളത്. എങ്കിലും കൂദാശാ കർമ്മങ്ങൾ വിശ്വാസികൾക്കായി ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. 

 

ലണ്ടൻ ആസ്ഥാനമായുള്ള സെന്റ് ജെയിംസ് മാർത്തോമ്മാ പാരീഷിന്റെ 25 വർഷത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഇന്നു നടക്കുന്നത്. അറുപതുകളുടെ തുടക്കം മുതൽ കേരളത്തിൽനിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ മാർത്തോമ്മാ വിശ്വാസികൾ ആദ്യകാലങ്ങളിൽ ഓർത്തഡോക്സ്, സി.എസ്.ഐ. സഭാ സഹോദരങ്ങൾക്കൊപ്പമാണ് ഞായറാഴ്ച തിരുക്കർമ്മങ്ങളിൽ പങ്കെടുത്തിരുന്നത്. 1976ൽ മാർത്തോമ്മാ സഭാസമൂഹത്തിന്റെ കോൺഗ്രിഗേഷന് രൂപം നൽകി. ഈ കോൺഗ്രിഗേഷനാണു പിന്നീട് സെന്റ് ജെയിംസ് മാർത്തോമ്മാ ചർച്ചായി മാറിയത്. ആംഗ്ലിക്കൻ സഭയുടെ പള്ളികൾ വാടകയ്ക്ക് എടുത്തായിരുന്നു ഇവർ ഞായറാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും തിരുക്കർമ്മങ്ങൾ നടത്തിയിരുന്നത്. 

 

സഭാ സമൂഹം വളർന്നപ്പോൾ സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് എന്നപേരിൽ ഹൺസ്ലോയിൽ 1992ൽ ഒരു ഇടവക സ്ഥാപിച്ചിരുന്നു. പിന്നീട് ബർമിങ്ങാം, മാഞ്ചസ്റ്റർ, ലിവർപൂൾ, പീറ്റർബറോ, കാന്റർബറി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിശ്വാസിസമൂഹം വളർന്ന് പള്ളികൾ സ്ഥാപിച്ചു. ഇതിനു പുറമെയാണ് ഇപ്പോൾ എൽത്തമിലെ അഞ്ചേക്കർ ഫുട്ബോൾ ഗ്രൗണ്ടിനുള്ളിലെ സെന്റ് ജെയിംസ് മാർത്തോമ്മാ കമ്മ്യൂണിറ്റിയുടെ ഈ പുതിയ പള്ളിയും പാരീഷ് ഹാളും പുരോഹിതഗൃഹവും. 

 

വിശ്വാസികളുടെ ഈ ആഗ്രഹപൂർത്തിക്കായി അനുമതിയും അനുഗ്രഹങ്ങളും നൽകി സഹായിച്ച കാലംചെയ്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്കും മറ്റു ബിഷപ്പുമാർക്കും മുൻ വികാരിമാർക്കും പ്രാർഥനാ ഗ്രൂപ്പുകൾക്കുമെല്ലാം  വികാരി റവ. കെ.കെ കുരുവിള നന്ദി പറഞ്ഞു. 

 

കോവിഡ് പ്രതിസന്ധികൾക്കിടയിലും പണികൾ പൂർത്തിയാക്കാൻ സഹായിച്ചവർക്കും  കൂദാശ കർമ്മത്തിനായി സഹകരിക്കുന്നവർക്കും ചർച്ച് വൈസ് പ്രസിഡന്റ് ഡോ. കെ. ജോൺ, സെക്രട്ടറി സിബു തോമസ് എന്നിവർ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com