ADVERTISEMENT

ലണ്ടൻ ∙ ലേബർ പാർട്ടി നേതാവ് സാദിഖ് ഖാൻ ലണ്ടൻ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയിലെ ഷോൺ ബെയ്ലിയെ പരാജയപ്പെടുത്തിയാണ് സാദിഖ് ഖാൻ രണ്ടാംവട്ടവും ലണ്ടൻ മേയറാകുന്നത്. 2916ൽ വൻ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയ സാദിഖ് രണ്ടാമൂഴത്തിൽ കനത്ത മൽസരത്തെ അതിജീവിച്ചാണ് മേയർ സ്ഥാനം നിലനിർത്തിയത്. 

42.1 ശതമാനം പോളിംങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ആകെ വോട്ടിന്റെ 55.2 ശതമാനം നേടിയാണ് സാദിഖ് വിജയിച്ചത്. ഷോൺ ബെയ്ലിക്ക് 44.8 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. ഖാന് 40 ശതമാനം ഫസ്റ്റ് വോട്ടും 55 ശതമാനം പ്രഫറൻസ് വോട്ടും ലഭിച്ചപ്പോൾ ബെയ്ലിക്ക് 35 ശതമാനം ഫസ്റ്റ് വോട്ടും 44 ശതമാനം പ്രഫറൻസ് വോട്ടുമാണ് ലഭിച്ചത്. 

ഗ്രീൻ പാർട്ടിയെല സിയാൻ ബെറി മൽസരത്തിൽ മൂന്നാമതെത്തി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിക്ക് കേവലം 4.4 ശതമാനം വോട്ടുമാത്രമേ ലഭിച്ചുള്ളൂ. 

മേയ് ആറിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ രാവിലെയാണ് പുറത്തുവന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ടോറി സ്ഥാനാർഥി വൻ മുന്നേറ്റം നടത്തിയെങ്കിലും ലേബർ ശക്തികേന്ദ്രങ്ങളിലൂടെ ഖാൻ സാവധാനം ലീഡ് തിരിച്ചുപിടിച്ചു. 

പാക്കിസ്ഥാനിൽനിന്നും ലണ്ടനിലേക്ക് കുടിയേറിയ മുസ്ലിം കുടുംബത്തിലെ അംഗമാണ് 50 വയസുള്ള സാദിഖ് ഖാൻ. ലണ്ടൻ നഗരത്തിലെ ബസ്  ഡ്രൈവറായുരുന്നു സാദിഖിന്റെ പിതാവ്. ബ്രിട്ടനിലെ അറിയപ്പെടുന്ന അഭിഭാഷകനായ സാദിഖ് പാർലമെന്റ് അംഗത്വം രാജിവച്ചാണ് 2016ൽ ലണ്ടൻ മേയറായി മൽസരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും. ഹൗസിംങ്ങും ട്രാൻസ്പോർട്ടും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ വലിയ പ്രതീക്ഷ നൽകിയാണ് സാദിഖ് ലണ്ടൻ നഗരത്തിന്റെ ഭരണം രണ്ടാംവട്ടവും ഏറ്റെടുക്കുന്നത്. 

ഇംഗ്ലണ്ടിലെ കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ടെങ്കിലും ലണ്ടൻ നഗരത്തിന്റെ ഭരണം നിലനിർത്താനായത് പാർട്ടിക്ക് വലിയ ആശ്വാസമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com