ADVERTISEMENT

ഇന്ത്യയിലും ഗൾഫു രാജ്യങ്ങളിലും നഴ്സ് ആയി ജോലി ചെയ്ത ശേഷം യുകെയിൽ എത്തി വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പിൻ നമ്പർ ലഭിക്കാത്തതിനാൽ സീനിയർ കെയർ ആയി ഒതുങ്ങി കഴിയേണ്ടി വന്നിട്ടുള്ളവരെ  ആണു ചിറകൊടിഞ്ഞ മാലാഖമാർ എന്ന ഈ തലക്കെട്ടു കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ ഉള്ളവർക്ക് എംഎൻസി റജിസ്ട്രേഷൻ ലഭിക്കാനുള്ള സാധ്യതകൾ ആസ്ഥാനത്തല്ല എന്നതാണ്  ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ തെളിയിക്കുന്നത്. ഈ ലേഖനം അതിനു വേണ്ടിയുള്ള ഒരു സാക്ഷി പത്രം മാത്രം...

ടോണി ബ്ലയർ പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ, ഏതാണ്ട് 2006 വരെ ഐഇഎൽടിഎസ് ഇല്ലാതെ പിൻ നമ്പർ ലഭിക്കുവാനുള്ള അവസരം ഉണ്ടായിരുന്നു എന്നത് യുകെ മലയാളികൾ ഇന്നും നന്ദിയോടെ മാത്രമാണ് ഓർമിക്കുന്നത്. അന്നൊക്കെ ഓവർസീസ് അഡാപ്റ്റേഷൻ പ്രോഗ്രാം (OAP) ആയിരുന്നു പിൻ നമ്പർ ലഭിക്കാനുള്ള ഏക മാനദണ്ഡം. എങ്കിലും, പലവിധ കാരണങ്ങളാൽ അതിന് അവസരങ്ങൾ ലഭിക്കാതെ പോവുകയും, അതിനുള്ള സാധ്യതകൾ നിർഭാഗ്യവശാൽ നിഷേധിക്കപ്പെടുകയും ചെയ്ത നഴ്‌സുമാർ ധാരാളം പേരുണ്ടായിരുന്നു എന്നത്‌ അധികമൊന്നും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. 2006 മുതൽ 2008 വരെ ഉള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നും ഗൾഫ് നാടുകളിൽ  നിന്നും സീനിയർ കെയർ വിസയിൽ കുടിയേറിയ നഴ്സുമാരും ഇവരുടെ സംഖ്യ വർധിപ്പിക്കുന്നു. അന്നൊക്കെ നഴ്സിങ് ഹോമുകളിലും കെയർ ഹോമുകളിലും ജോലി ചെയ്തിരുന്നവരിൽ പൂരിഭാഗം പേരും ഇന്ന് എൻഎച്ച്എസിൽ ഉണ്ട്. ഇവരുടെ കൃത്യമായ ഒരു കണക്കെടുപ്പ് ഇതുവരെയും ഫലം കണ്ടിട്ടില്ല എന്നതും വസ്തുതാപരമാണ്.

പെർമനെന്റ് റസിഡൻസി സ്റ്റാറ്റസും ബ്രിട്ടീഷ് പൗരത്വവും ഒക്കെ നേടി ഈ രാജ്യത്തു പത്തും പതിനഞ്ചും വർഷങ്ങൾ പിന്നിട്ടെങ്കിലും പലർക്കും പിൻ നമ്പർ കിട്ടാകനിയായി ഇന്നും അവശേഷിക്കുന്നു.  ഭാഗ്യവശാൽ, ചുരുക്കം ചിലർ ഐഇഎൽടിഎസ് നേടി റജിസ്ട്രേഷൻ കടമ്പ കടക്കുകയും ചെയ്തു.

നഴ്സിങ് പഠനം പൂർത്തിയാക്കിയ അതാതു രാജ്യത്തെ റജിസ്ട്രേഷൻ ഇപ്പോഴും പുതുക്കുകയും നില നിർത്തുകയും ചെയ്യുന്നത് എന്നെങ്കിലും എൻഎംസി കണ്ണു തുറക്കും എന്നു കരുതിയാണ് എന്നു ഇവരിൽ ചിലരുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞു. ഈ രാജ്യത്തെ സുദീർഘമായ ഇംഗ്ലീഷ് പരിജ്ഞാനമോ സ്വന്തമാക്കിയ കഴിവുകളോ മറ്റു യോഗ്യതകളോ ഒന്നും എൻഎംസി പരിഗണിക്കുന്നില്ല എന്നത് പലരും വേദനയോടെ പങ്കു വച്ചു. മറ്റു ഭാഷ സംസാരിക്കുന്ന യൂറോപ്യൻ യൂണിയനിൽ ഉള്ളവരെ പ്രത്യേകമായി പരിഗണിക്കുമ്പോൾ ഇവിടുത്തെ പൗരത്വമുള്ള, എന്നാൽ വർഷങ്ങളായി ബാൻഡ് 2,3,4 ആയി എൻഎച്ച്എസിൽ സേവനം ചെയുന്നവരെ പരിഗണിക്കാതെ വരുന്നതിലെ വൈരുദ്ധ്യം ഒട്ടും തന്നെ ഈ രാജ്യത്തിന്റെ നീതി ബോധത്തിനു യോചിച്ചതല്ല. അതും ഇവരുടെ നഴ്സിംഗ് പഠനം ഇംഗ്ലീഷിൽ ആയിരുന്നു  എന്ന സത്യം നില നിൽക്കേ തന്നെ. എത്ര കണ്ണടച്ചാലും നീതിക്കു വേണ്ടിയുള്ള നിലവിളി ഒരിക്കൽ പ്രതിധ്വനിക്കും, തീർച്ച....

ഒരു കാലഘട്ടത്തിൽ ഐഇഎൽടിഎസിനായിരുന്നു ഡിമാൻഡ്. എന്നാൽ ഇത് ഒഇടിയുടെ കാലമാണല്ലോ. 28 തവണ വരെ ഒഇടി എഴുതിയവരും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരും യുകെയിൽ ഈ സൂചിപ്പിച്ച വിഭാഗത്തിൽ ഉണ്ട് എന്ന് അതിശയോക്തി കൂടാതെ പറയുവാൻ ഈ ലേഖകന് കഴിയും.587 ഡോളർ വച്ച് 120 സെന്ററുകളിലായി 40 രാജ്യങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്ക് മാസം തോറും ഒഴുകുന്ന പണത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിലെ കാര്യം പറയേണ്ട കാര്യമില്ലല്ലോ.  നഴ്സിങ് സംബദ്ധമായ ചോദ്യങ്ങൾ ആണ് നഴ്സുമാരെ ഒഇടി എഴുതുവാൻ പ്രേരിപ്പിക്കുന്നത് എങ്കിലും സുതാര്യമല്ലാത്ത ഇത്തരം സംവിധാനങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പകരം തതുല്യമായ മാർഗങ്ങൾ ക്രമപ്പെടുത്തുവാൻ അധികാരികളിൽ സമർദ്ദം ചെലുത്തുവാൻ ആരെങ്കിലും രംഗത്തു വന്നിരുന്നു എങ്കിൽ വെറുതെ ആശിച്ചു പോകുന്നു. കാരണം, സുതാര്യമായ പരീക്ഷാ സംവിധാനങ്ങളിൽ തെറ്റു പറ്റിയത് എവിടെയെന്നു അറിയാനുള്ള അവകാശം ഉദ്യോഗാർഥിക്ക് ഉണ്ടായിരിക്കും എന്നത് തന്നെ. 

എന്നാൽ ഒഇടി എഴുതുന്നവർക്ക് അതിനുള്ള അവസരമില്ല. ഐഇഎൽടിഎസിന്റെ സ്ഥിതിയും മറിച്ചല്ല. ഇംഗ്ലീഷുകാർ പോലും ഒരു പക്ഷെ പാസാകാൻ ഇടയില്ലാത്ത പരീക്ഷാ രീതികളിൽ ഉദ്യോഗാർഥികളുടെ ആവശ്യം അനുസരിച്ചു മാറ്റം വരുത്താൻ തയ്യാറാകാത്ത പക്ഷം നഷ്ടങ്ങൾ എന്നും പാവപ്പെട്ട കുട്ടികൾക്ക് മാത്രമാകുന്നു, അവരുടെ കുടുംബങ്ങൾക്കും. ഉദാഹരണത്തിന്, പത്ര പ്രവർത്തകർക്കും പിഎച്ച്ഡി ചെയ്യുന്നവർക്കും ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം ഒരു നഴ്സിന് ആവശ്യമില്ല എന്നത് തന്നെ.

ഈ മാലാഖമാർക്ക് വേണ്ടി ഇതിനോടകം തന്നെ പല ഇടങ്ങളിൽ നിന്നും ശബ്ദമുയർന്നിട്ടുണ്ട്. പലരും ഇതിനായി സംഘടിക്കുകയും ഇടപെടൽ നടത്തുകയും ചെയ്തതായി മനസിലാകുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള സുജി തോമസ് അതിലൊരാളാണ്. ഇത്തരം പ്രവർത്തനങ്ങളും ശ്രമങ്ങളും പ്രതീക്ഷകളുടെ നാളങ്ങൾക്ക് എണ്ണ പകർന്നു കൊണ്ടിരുന്നു എന്നത് ഏറെ ആശ്വാസകരമായി.

നഴ്സിങ് സർക്കിൾ യുകെ എന്ന പേരിൽ അദ്ദേഹം 500 പേരെ ഒരുമിച്ചു ചേർക്കുകയും പല നിവേദനങ്ങൾ വഴി എൻഎംസി പോലുള്ള അധികാര കേന്ദ്രങ്ങളെ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണ്. ഐഇഎൽടിഎസിന്റെ സ്കോർ 7 ൽ നിന്ന് കുറക്കുകയും  പിൻ നമ്പർ ലഭിക്കുവാനുള്ള തടസത്തെ മറികടക്കാൻ മറ്റു പോംവഴികൾ നിർദേശിക്കാനും ഈ നിവേദനങ്ങളിൽ ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി കൊണ്ടു ലീവ് ടു റിമൈൻ, പെർമനന്റ് റസിഡൻസി സ്റ്റാറ്റസ്, ബ്രിട്ടീഷ് സിറ്റിസൺഷിപ്പ്  ഉള്ളവരെ പ്രത്യേകമായി പരിഗണിക്കുവാനുള്ള ആവശ്യങ്ങൾ വ്യക്തിപരമായും ഒരുമിച്ചും പല എൻഎച്ച്എസ് ട്രസ്റ്റുകളെയും വിവിധ എംപിമാരെയും ഇതിനോടകം തന്നെ അറിയിച്ച വിവരങ്ങളും ലഭ്യമാണ്. പാർലമെന്റിൽ വിഷയം അവതരിപ്പിക്കാനുള്ള സാധ്യതകളും പല വിധത്തിലും ആരാഞ്ഞതാണ്.  പക്ഷെ അധികാരികൾ അതൊക്കെ കെട്ടില്ലെന്നു നടിക്കുകയോ കണ്ണടക്കുകയോ ആണ് ഇതു വരെയും ചെയ്തിട്ടുള്ളത്. ഇത്രയേറെ അസോസിയേഷനുളും സംഘടനകളും യുകെയിൽ ഉണ്ടായിട്ടും, പലരെയും സമീപിച്ചിട്ടും ഇവർക്ക് വേണ്ടി ഒരു ചെറു വിരൽ അനക്കാൻ പോലും ആരും മെനക്കെട്ടില്ല എന്നത് ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. 

ആകാശത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളോടും പ്രതികരിക്കുന്നവരും കാലിക പ്രസക്തി ഇല്ലാത്ത വിഷയങ്ങളിൽ ഉപരി പഠനം നടത്തുന്നവരും ഇവർ സഹോദരങ്ങൾ അനുഭവിക്കുന്ന മാനസിക അവസ്ഥയെ അൽപമെങ്കിലും തൊട്ടറിയുവാൻ മെനക്കെട്ടില്ലേ ഇനിയും?

എന്നിരുന്നാലും, ഓർഗൻ ഡോനെഷൻ ക്യാപ്മെയിൻ നടത്തി യുകെ മലയാളികൾക്ക് സുപരിചിതയായ ഡോ. അജിമോൾ പ്രദീപ്‌ ബിഇഎം, സൽഫ്രോഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകയായ ഡോ.ഡില്ല ഡേവിസ് എന്നിവർ ചേർന്നു നടത്തിയ 2 വർഷത്തെ നിശബ്ദ യുദ്ധത്തിനോടുവിൽ ഈ വിഷയത്തിന് വ്യക്തമായ ഒരു പുതിയ മാനം കൈ വരികയാണ്. സൽഫ്രോഡ് യൂണിവേഴ്സിറ്റി, ഹെൽത്ത് ആൻഡ് സൊസൈറ്റി, എമിരറ്റസ് പ്രഫസർ മാർട്ടിൻ ജോൺസൺ നൽകിയ മാർഗ നിർദേശ പ്രകാരം ഈ വിഷയത്തിൽ ഒരു പഠനം നടത്തുകയും വസ്തുതക്കളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അത് സൽഫ്രോഡ് യൂണിവേഴ്സിറ്റി ഹെൽത്ത് ആൻഡ് സൊസൈറ്റി ഡയറക്ടറേറ്റ് ഡയനറി ഒരു  റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആ വിഭാഗത്തിന്റെ ഡീനും സഹഡീനും ഈ വിഷയത്തെ ഗൗരവകാരമായി കാണുകയും അംഗീകരിക്കുകയും ചെയ്തു എന്നതാണ് പ്രതീക്ഷ്‌ക്ക് വക നൽകുന്നത്. അവരുടെ അനുഭാവകരമായ നിർദേശപ്രകാരം പിൻ നമ്പർ ഇല്ലാത്തവരുടെ ഒരു സർവേ നടത്തുവാനും എത്രയും പെട്ടെന്ന് അങ്ങനെയുള്ളവരുടെ ലിസ്റ്റ് സമർപ്പിക്കുവാനും ആവശ്യപെട്ടിരിക്കുന്നു.

അതിന്റെ വെളിച്ചത്തിൽ തുടങ്ങിയ സർവ്വേയുടെ ആദ്യ ദിനങ്ങളിൽ രജിസ്റ്റർ ചെയ്ത 600 എന്ന നമ്പർ പ്രോത്സാഹന ജനകമാണ്. ഇതിനു താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പരമാവധി ഷെയർ ചെയ്ത് ഈ സംരംഭം വിജയിപ്പിക്കുക എന്നത് ഓരോ യുകെമലയാളിയുടെയും കടമയാണ്.

ഇന്ത്യയിൽ നിന്ന് നഴ്സിങ് പഠനം പൂർത്തിയാക്കിയ 5 വർഷത്തിൽ കൂടുതൽ യുകെയിൽ സ്ഥിര താമസകാരുമായ ആരെങ്കിലും പിൻ നമ്പർ ലഭിക്കാതെ ഉണ്ടെങ്കിൽ അങ്ങനെ ഉള്ളവർ മെയ്‌ 15 നു മുൻപായി ഈ ലിങ്കിൽ പോയി കൊടുത്തിരിക്കുന്ന നിസ്സാര ചോദ്യങ്ങൾ പൂരിപ്പിക്കുക. അങ്ങനെ നിങ്ങളുടെ പങ്കാളിത്തം മൂലം 'യുകെയിലെ ഇന്ത്യൻ നഴ്സുമാർ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തെ ശക്തമായി അവതരിപ്പിക്കാനും ഡോ അജിമോൾ ഡോ. ഡില്ല ഡേവിസ് എന്നിവർക്കു സാധിക്കും എന്നുറച്ചു വിശ്വസിക്കാം.

എന്നാൽ ഇതുമാി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കു യാതൊരു കാര്യ ലാഭമോ സാമ്പത്തിക നേട്ടങ്ങളോ ഇല്ല എന്നു പ്രത്യേകം എടുത്തു പറയുന്നു. പകരം, യുകെ മലയാളികളുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോയ കാലിക പ്രാധാന്യം ഉള്ള ഒരു വിഷയത്തോട് സാമൂഹ്യ പ്രതിപദ്ധതാ പൂർവ്വം പ്രതികരിക്കുന്നു എന്നുള്ള നിർദ്ദേശം വായനക്കാർ ആദരവോടെ നോക്കി കാണും എന്നുറപ്പുണ്ട്.

ലിങ്ക്: https://forms.office.com/Pages/ResponsePage.aspx?id=QCm1Zbb0vUGDPTAz7Lz24cKkCfF3yENMkxSATb9aQpdUMURRME5OQVROU1FYQldQMEdXNVZCRzkxOS4u

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com