ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ടു ചെയ്യപ്പെടാത്ത സന്തോഷത്തിന്റെ ദിവസമായിരുന്നു ഇന്നലെ. 2020 മാർച്ച് ആറിനായിരുന്നു ബ്രിട്ടനിൽ ആദ്യത്തെ കോവിഡ് മരണം ഉണ്ടായത്. പിന്നീട് ഒന്നാം തരംഗത്തിൽ ദിവസേന ആയിരം പേരും, രണ്ടാം തരംഗത്തിന്റെ ഉച്ഛസ്ഥായിയിൽ ദിവസേന രണ്ടായിരത്തിലേറെ പേരും മരിക്കുന്ന സ്ഥിതിയുണ്ടായി. ഭീതിതമായ ഈ ദുരവസ്ഥയിൽനിന്നും വാക്സിനേഷനിലൂടെയും കനത്ത ലോക്ഡൗൺ നടപടികളിലൂടെയുമാണ് ബ്രിട്ടൻ കരകയറി ചരിത്രം സൃഷ്ടിച്ചത്.  

മഹാമാരി പടർന്നുപിടിച്ചശേഷം രാജ്യത്ത് ആദ്യമായി അതുമൂലം ആരും മരിക്കാത്ത ദിവസമാണിന്നെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്കാണ് ഔദ്യോഗികമായി അറിയിച്ചത്. രാജ്യം മുഴുവൻ ഈ ദിവസം സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നാൽപതോളം മലയാളികൾ ഉൾപ്പെടെ ഇതിനോടകം 1,27,732 പേരാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. 

ഇപ്പോഴും രാജ്യത്തെ ചിലയിടങ്ങളിൽ ബി.1.617 വകഭേദത്തിന്റെ സാന്നിധ്യം ശക്തമാണ്. മൂവായിരത്തോളം പേർ ഇപ്പോഴും പ്രതിദിനം രോഗികളാകുന്ന സ്ഥിതിയുണ്ടെങ്കിലും വാക്സിനേഷൻ ഫലപ്രദമായതോടെ രോഗം മൂർച്ഛിച്ച് ആശുപത്രികളിലാകുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു. കേവലം 817 പേർ മാത്രമാണ് രാജ്യത്തെ എല്ലാ ആശുപത്രികളിലുമായി ചികിൽസയിലുള്ളത്.

രാജ്യത്ത് പ്രായപൂർത്തിയായവരിൽ 75 ശതമാനത്തോളം പേർക്കും കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സൗജന്യമായി നൽകിക്കഴിഞ്ഞു. ഇതിൽതന്നെ രണ്ടരക്കോടിയോളം ആളുകൾക്ക് രണ്ടാം ഡോസും ലഭിച്ചു. മുപ്പതു വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സീന്റെ ആദ്യഡോസ് നൽകിയശേഷം ജൂൺ 21ന് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടൻ. എന്നാൽ ഇതിനിടെ ബോൾട്ടൺ, ബെഡ്ഫോർഡ്, ബ്ലാക്ക്ബേൺ എന്നിവടങ്ങളിൽ കണ്ടെത്തിയ ബി.1.617 വകഭേദത്തിന്റെ സജീവ സാന്നിധ്യം ആശങ്കയുണർത്തുന്നതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com