ADVERTISEMENT

ബ്രിസ്റ്റോൾ ∙ ബ്രിസ്റ്റോൾ സെന്റ് തോമസ് സിറോ മലബാർ സമൂഹത്തിന്റെ ദീർഘനാളായുള്ള പ്രാർഥനയുടേയും പ്രവർത്തനത്തിന്റേയും ഫലമായി ദേവാലയ നിർമാണത്തിന് അനുമതി നേടി. കൗൺസിൽ നിഷേധിച്ച പ്ലാനിംഗ് പെർമിഷൻ അപ്പീലിലൂടെയാണ് സ്വന്തമാക്കിയത്. പോൾ വെട്ടിക്കാട്ട് അച്ചൻ 2012 ൽ ചുമതലയേറ്റശേഷം ദീർഘവീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 2013–ൽ തന്നെ സ്വന്തമായ ഒരു ദേവാലയം എന്ന ആശയം ഉടലെടുക്കുകയും കൂട്ടായ ചിന്തകൾ രൂപപ്പെടുകയും ചെയ്തു. ഇതിന്റെ സാക്ഷാത്ക്കാരത്തിനായി സാമ്പത്തിക അടിത്തറയ്ക്ക് ഒപ്പം ഒരു റജിസ്റ്റേർഡ് ചാരിറ്റി വേണം എന്ന തിരിച്ചറിവിൽ ആവശ്യമായ ആലോചനകൾക്കും ചർച്ചകൾക്കും ശേഷം 2014 ഒക്ടോബർ 30–ാം തിയതി ഒരു ചാരിറ്റി കമ്പനി രൂപീകരിക്കുകയും ദേവാലയ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ആരംഭിക്കുന്നതിനു മുമ്പ്, അപ്പസ്തോലിക ചുമതല വഹിച്ചിരുന്ന അഭിവന്ദ്യ സെബാസ്റ്റ്യൻ വടക്കേൽ പിതാവിന്റേയും നാഷനൽ കോർഡിനേറ്റർ ബഹു. തോമസ് പാറയടിയിലച്ചന്റെയും അനുവാദത്തോടെ റജിസ്റ്റർ ചെയ്ത ചാരിറ്റിയുടെ രൂപീകരണത്തിന് സാങ്കേതിക സഹായം നൽകിയത് ബർമിംഗ്ഹാം അതിരൂപതയിലെ ഡീക്കൻ ഡേവിഡ് പാമർ ആയിരുന്നു.

തുടർന്ന് സാമ്പത്തിക അടിത്തറ പണിയുന്നതിന് പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു. പ്രതിമാസ സംഭാവനകളും വിവിധ ധനശേഖരണ പരിപാടികളും വഴി സമാഹരിച്ച തുക ചാരിറ്റി ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചുകൊണ്ട്, ലഭ്യമായ എല്ലാ സ്ഥല സൗകര്യങ്ങളെക്കുറിച്ചും അന്വേഷണം തുടർന്നു. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെ വിവിധ പള്ളികളും, കെട്ടിടങ്ങളും  കാണുകയും പഠിക്കുകയും ചെയ്തു. 15 ലേറെ പദ്ധതികൾ ആലോചിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. നീണ്ട അഞ്ചു വർഷത്തെ തീവ്രമായ അന്വേഷണത്തിനൊടുവിൽ ബ്രിസ്റ്റളിൽ ഒരു ദേവാലയമോ, അനുബന്ധ സൗകര്യങ്ങളോ സമീപഭാവിയിലൊന്നും ലഭിക്കുകയില്ല എന്ന ബോധ്യത്തിൽ നിന്നാണ് സ്ഥലം വാങ്ങി ദേവാലയം പണിയുക എന്ന ആശയത്തിലേയ്ക്ക് എത്തിച്ചേർന്നത്.

ഗ്രേറ്റ്  ബിട്ടനിൽ സിറോ മലബാർ രൂപത രൂപീകരിക്കപ്പെട്ടശേഷം, തന്റെ ആദ്യ സന്ദർശനത്തിൽ തന്നെ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് ദേവാലയ പദ്ധതിയെപ്പറ്റി അന്വേഷിക്കുകയും, വേണ്ട നിർദ്ദേശങ്ങളും ആശംസകളും പ്രാർഥനകളും നൽകുകയും ചെയ്തു. 2017–ൽ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ് ബ്രിസ്റ്റോളിൽ വന്നപ്പോൾ, ദേവാലയ പദ്ധതിയെപ്പറ്റി അറിഞ്ഞ്, നിങ്ങളായിരിക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ആദ്യ ദേവാലയം പണിയുക എന്ന് ആശീർവദിച്ചപ്പോൾ ഒരു ദേവാലയം ഈ രാജ്യത്ത് നിർമ്മിക്കാൻ സാധ്യമാകുമോ എന്ന ആശങ്ക പലരുടേയും മനസ്സിലുണ്ടായിരുന്നു. എന്നാൽ ദൈവിക പദ്ധതിയുടെ ഭാഗമായി, 2018 ഒക്ടോബറിൽ, എട്ട് വീടുകൾ നിർമ്മിക്കാൻ തത്വത്തിൽ അംഗീകാരമുള്ള ഒരു സ്ഥലം ലേലത്തിലൂടെ വാങ്ങുവാൻ ലഭ്യമാകുകയും അതിലേയ്ക്കായി ആവശ്യമായ പഠനങ്ങളും, അന്വേഷണങ്ങളും നടത്തുകയും ചെയ്തു.

ആവശ്യമായ സൗകര്യങ്ങളോടുകൂടിയ ദേവാലയവും, പാരിഷ് ഹാളും നിർമ്മിക്കുന്നതിന് വേണ്ട ്പ്രീ പ്ലാനിങ് ആപ്ലിക്കേഷൻ സമർപ്പിച്ചത് അംഗീകരിച്ചതോടെ, ദേവാലയ നിർമ്മാണം സാധ്യമാകും എന്ന ആത്മവിശ്വാസത്തോടെ, പ്രസ്തുത സ്ഥലം വാങ്ങുവാൻ, രൂപതാധ്യക്ഷന്റെ അനുവാദത്തോടെ സമൂഹം ഒറ്റക്കെട്ടായി തീരുമാനിച്ചു. 2018 നവംബറിൽ ശേഖരിച്ചു വച്ച തുകയും, സ്വകാര്യ വ്യക്തികളിൽ നിന്നു വാങ്ങിയ വായ്പകളും ചേർത്ത് ഈ സ്ഥലം വാങ്ങുവാൻ കഴിഞ്ഞത് പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ പൂർത്തീകരണമായിരുന്നു. തുടർന്ന് 2018 ഡിസംബർ 2–ാം തിയതി അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി തന്റെ രണ്ടാമത്തെ ബ്രിസ്റ്റോൾ സന്ദർശനത്തിൽ ദേവാലയത്തിനു വേണ്ട അടിസ്ഥാന ശിലയുടെ ആശീർവാദം നടത്തിയത് ഇതിനു തെളിവാണ്.

തുടർന്ന് വിപുലമായ ദേവാലയ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചത്, എന്തെല്ലാം സൗകര്യങ്ങളോടെയായിരിക്കണം ദേവാലയം നിർമ്മിക്കേണ്ടത് എന്നതിനെപ്പറ്റി സമൂഹത്തിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടായിരുന്നു. ഫാമിലി യൂണിറ്റ് അടിസ്ഥാനത്തിൽ നടത്തിയ ചർച്ചകളിലൂടെയും യുവാക്കളിൽ നിന്നും, വേദപാഠവിദ്യാർഥികളിൽ നിന്നും ഓരോ കുടുംബത്തിൽ നിന്നും പ്രത്യേക ഫോം വഴി സ്വീകരിച്ച നിർദ്ദേശങ്ങൾ കോർത്തിണക്കിക്കൊണ്ടും ലഭ്യമായ സ്ഥലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പാക്കി, നിയമപരമായ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി, പാലിച്ചുകൊണ്ട് ആർക്കിടെക്ട് ജോജി മാത്യുവിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച  പ്ലാനിങ് ആൻഡ് ഡിസൈൻ രൂപപ്പെടുത്തിയ പ്ലാൻ 2018  ഡിസംബർ മുതൽ 2019 ജൂലൈ വരെ വിവിധ പൊതുയോഗങ്ങളിൽ അവതരിപ്പിക്കുകയും വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു. 

വേണ്ട മാറ്റങ്ങൾ വരുത്തി, രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അംഗീകാരത്തോടെ പൂർത്തിയാക്കി. 2019 ഒക്ടോബറിൽ സമർപ്പിച്ച ആദ്യ പ്ലാൻ കുറേക്കൂടി ലളിതമാക്കണമെന്ന നിർദ്ദേശം കൗൺസിലിൽ നിന്നും  ഉണ്ടായി. ഇപ്രകാരം രണ്ടു പ്രാവശ്യം അളവു കുറച്ച്, ലളിതമായ പ്ലാൻ അവതരിപ്പിച്ചെങ്കിലും കൗൺസിലിന്റെ നിലപാട് മാറ്റമില്ലാതെ തുടർന്നു. നിർദ്ദിഷ്ട ദേവാലയം പുറമേ നിന്നും കാര്യമായി ദൃശ്യമാകാത്ത വിധത്തിലുള്ള പ്ലാൻ സമർപ്പിച്ചാൽ മാത്രമേ ആവശ്യമായ വലുപ്പവും സൗകര്യങ്ങളുമുള്ള നിർമ്മാണം സാധ്യമാകൂ എന്ന തിരിച്ചറിവോടെ, കൂടുതൽ താഴ്ന്ന സ്ഥലത്തേക്ക് മാറ്റി, രണ്ടു നിലകൾ തന്നെയെങ്കിലും മുൻവശത്തു നിന്നു നോക്കുമ്പോൾ ഒരു നിലയായി തോന്നത്തക്ക വിധത്തിലും ദേവാലയത്തിലേയ്ക്കു നേരിട്ടു പ്രവേശിക്കത്തക്ക വിധത്തിലും മാറ്റം വരുത്തി സമർപ്പിച്ച അവസാന പ്ലാനും സാങ്കേതിക കാരണത്താൽ കൗൺസിൽ നിഷേധിക്കുകയാണുണ്ടായത്.

തികച്ചും നിരാശാജനകമായ തീരുമാനമാണ് കൗൺസിലിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കിലും ദൈവ പരിപാലനയിൽ അടിയുറച്ചാശ്രയിച്ചുകൊണ്ട്, ദേവാലയം പൂർത്തിയായാലുള്ളതും പകരം 8 വീടുകൾ നിർമ്മിക്കപ്പെട്ടാലുള്ളതുമായ ദൃശ്യങ്ങളുടെ താരതമ്യപഠനം ഉൾപ്പെടുത്തി, പ്ലാനിംഗ് വിദഗ്ധരായ Tetlow King Planning വഴി സമർപ്പിച്ച അപ്പീൽ ആണ് ഇപ്പോൾ വിജയം നേടിയിരിക്കുന്നത്. അനുവദിക്കപ്പെട്ട പ്ലാൻ അനുസരിച്ച് മുകൾനിലയിൽ ദേവാലയം രൂപകൽപന ചെയ്തിരിക്കുന്നു. അൾത്താരയോടു ചേർന്ന് നൂറു പേർക്കിരിക്കാവുന്ന ഭാഗം തിരുക്കർമ്മങ്ങൾക്കു മാത്രമായി ഉപയോഗിച്ചുകൊണ്ട്, ബാക്കി ഭാഗം മടക്കി മാറ്റാവുന്ന ഭിത്തികൊണ്ട് വേർതിരിച്ച്, സ്റ്റേജ് സൗകര്യങ്ങളുള്ള ഹാൾ ആയി ഉപയോഗിക്കാവുന്ന രീതിയിൽ ക്രമപ്പെടുത്തിയിരിക്കുന്നു.

താഴത്തെ നിലയിൽ റിസപ്ഷൻ ഏരിയായും കോഫീ ഷോപ്പ്, ഓഫീസുകൾ, ടോയ്‍ലറ്റ് സൗകര്യങ്ങൾ, അടുക്കള, മ്യൂസിയം, ക്ലാസ് മുറികൾ എന്നീ സൗകര്യങ്ങൾക്കൊപ്പം ചാപ്പലും ക്രമീകരിച്ചിരിക്കുന്നു. ക്ലാസ് മുറികൾ മടക്കി മാറ്റാവുന്ന ഭിത്തികൾകൊണ്ട് വേർതിരിക്കുന്നതിനാൽ ഹാൾ ആയി ഉപയോഗിക്കുകയും ചെയ്യാം. അതുപോലെ ചാപ്പലിൽ, പ്രത്യേകമായി രൂപകൽപന ചെയ്തിരിക്കുന്ന അറകളിൽ, സമൂഹാംഗങ്ങളുടെ മരണശേഷം അവരുടെ ഭൗതിക അവശിഷ്ടമായ ആഷ് സൂക്ഷിക്കുന്നതിന് ഓരോ കുടുംബത്തിനും സൗകര്യം ലഭിക്കത്തക്ക വിധം Columbarium ഒരുക്കുന്നുണ്ട്.

അപ്പീൽ തീരുമാനം കാത്തിരിക്കുന്നതിനിടെ 8 വീടുകൾക്കു ഔട്ട്ലൈൻ അനുവാദം ഉണ്ടായിരുന്നത് പൂർണ അനുവാദമാക്കി മാറ്റുന്നതിന് നൽകിയ അപേക്ഷയും വിശദവിവരങ്ങളും ഈ അപ്പീലിന്റെ വിജയത്തിനു സഹായകരമായി. സാധാരണയായി പല നിബന്ധനകൾക്കു വിധേയമായി മാത്രം നൽകപ്പെടുന്ന അനുവാദം ഏറ്റം ചുരുക്കം നിബന്ധനകളോടു കൂടെയാണ് ലഭിച്ചിട്ടുള്ളത് എന്നത് പ്രത്യേക ദൈവാനുഗ്രഹത്തിന്റെ വ്യക്തമായ അടയാളമാണ്. ദൈവ പരിപാലനയുടേയും, ദൈവിക പദ്ധതിയുടേയും നേർസാക്ഷ്യമായി ലഭിച്ച ഈ അനുവാദം കൃതജ്ഞതാപൂർവ്വം സ്വീകരിച്ചുകൊണ്ട് ഇതിനായി പ്രവർത്തിച്ച എല്ലാ കമ്മിറ്റിയംഗങ്ങൾക്കും തീക്ഷ്ണതയോടെ പ്രാർഥിച്ച എല്ലാ സമൂഹാംഗങ്ങൾക്കും മറ്റെല്ലാവർക്കും പ്രത്യേകം നന്ദി പറയുന്നതായി ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com