ADVERTISEMENT

ലണ്ടൻ ∙ അനിയന്ത്രിതമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലായ ഇന്ത്യയിലേക്കുള്ള യാത്രകളും ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഉടനെ പുനഃരാരംഭിക്കാൻ ഇടയില്ല. നാൽപതു രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് കഴിഞ്ഞദിവസം ശ്രീലങ്ക ഉൾപ്പെടെ പുതുതായി പത്തോളം രാജ്യങ്ങളെ കൂട്ടിച്ചേർത്ത ബ്രിട്ടൻ ഈ ലിസ്റ്റ് പുനപരിശോധിക്കുന്ന വാർത്തകളൊന്നും പുറത്തുവരുന്നില്ല. ശ്രീലങ്കകൂടി റെഡ് ലിസ്റ്റിലായതോടെ ഇന്ത്യയും, ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഈ ലിസ്റ്റിൽ ആയിക്കഴിഞ്ഞു. 

ദിവസേനയുള്ള മരണം സ്ഥിരമായി പത്തിൽ താഴെയായ ബ്രിട്ടനിൽ കോവിഡ് കേസുകൾ വീണ്ടും വർധിച്ചുവരുന്ന സാഹചര്യമുണ്ട്. ഈ കേസുകളിൽ മഹാഭൂരിപക്ഷവും ഡെൽറ്റാ വേരിയന്റ് ആണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ മാറാൻ ഇനിയും ഏറെ സമയമെടുക്കും.   ഇന്ത്യയിൽ പോയിവന്നവരിൽനിന്നാണ് ഈ വ്യാപനം എന്നാണ് ബ്രിട്ടന്റെ നിഗമനം. അതുകൊണ്ടുതന്നെ നിയന്ത്രണം നീക്കാൻ ബ്രിട്ടൻ പലവട്ടം ആലോചിക്കും. 

London uk coronavirus

ഇന്ത്യയിലെ സാഹചര്യങ്ങൾ ഒന്നോ രണ്ടോ മാസങ്ങൾകൊണ്ടു മെച്ചപ്പെടുകയോ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയോ ചെയ്താൽ മാത്രമേ എന്തെങ്കിലും പുനർ വിചിന്തനത്തിന് സാധ്യതയുള്ളൂ. അങ്ങനെയായാലും, ഒറ്റയടിക്ക് ഗ്രീൻ ലിസ്റ്റിലേക്ക് ഇന്ത്യയെ മടക്കിക്കൊണ്ടുവരാതെ, കുറച്ചുകാലമെങ്കിലും ആംബർ ലിസ്റ്റിൽ ഉൾപ്പെടുത്തി നിലനിർത്താനാണ് സാധ്യത. ആംബർ ലിസ്റ്റിലായാലും ബ്രിട്ടനിലെത്തുമ്പോൾ ഹോം ക്വാറന്റീനും രണ്ടുവട്ടമുള്ള ടെസ്റ്റിങ്ങും തുടരണം. 

ചുരുക്കിപ്പറഞ്ഞാൽ ആറാഴ്ചമാത്രം അകലെയുള്ള സ്കൂൾ അവധിക്കാലത്ത്, നാട്ടിലേക്കുള്ള ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ഇക്കുറിയും സ്വപ്നമായി അവശേഷിക്കും. പ്രളയം മൂലം 2018ലും പിന്നീട് കോവിഡ് മൂലവും നാട്ടിൽ പോകാനാതെപോയ വിഷമിക്കുന്നവരാണ് ബ്രിട്ടനിലെ മലയാളികളിൽ മഹാഭൂരിഭാഗവും. 

ഇതിനു സമാനമാണ് ബ്രിട്ടനിലേക്ക് ജോലിക്കായി വരാൻ കാത്തിരിക്കുന്ന നഴ്സുമാരുടെയും വിദ്യാർഥികളുടെയും ബിസിനസുകാരുടെയുമെല്ലാം അവസ്ഥ. 

ഇന്ത്യയിലെ ആരോഗ്യമേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ അവിടെനിന്നും ആരോഗ്യമേഖലയിലെ പ്രഫഷണലുകളെ, പ്രത്യേകിച്ച് നഴ്സുമാരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്തു കൊണ്ടുപോരുന്നത് ധാർമികമായി ശരിയല്ലാത്തതിനാലാണ് സ്ഥിതിഗതികൾ മെച്ചമാകുന്നതുവരെ തൽകാലത്തേക്ക് റിക്രൂട്ട്മെന്റ് നടപടികൾ മരവിപ്പിക്കാൻ ഏപ്രിൽ അവസാനം ബ്രിട്ടീഷ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. 

nurse uk

ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു ഈ തീരുമാനം. ജോബ് ഓഫർ ലഭിച്ച് റിക്രൂട്ട്മെന്റ് നടപടികളെല്ലാം പൂർത്തിയാക്കി ബ്രിട്ടണിലേക്കു പറക്കാൻ കാത്തിരുന്ന നൂറുകണക്കിന് നഴ്സുമാർക്കാണ് ഇതോടെ യാത്ര മുടങ്ങിയത്. ഇവരുടെ ആരുടെയും അവസരം പാഴാകില്ലെന്ന് എൻഎച്ച്എസ് ഉറപ്പുനൽകുന്നുണ്ടെങ്കിലും യാത്ര എന്നു തുടരാനാകുമെന്ന കാര്യത്തിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് മനസ് തുറക്കുന്നില്ല. ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റും നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടപടികൾ പതിവുപോലെ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽനിന്നുള്ളവരുടെ നഴ്സിംങ് ജോലിക്കായുള്ള കാത്തിരിപ്പിന് കാലതാമസമേറും. 

5000 നഴ്സുമാരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യാനുള്ള അനുമതിയായിരുന്നു ഫിലിപ്പൈൻസ് കഴിഞ്ഞവർഷം നൽകിയിരുന്നത്. ഈ പരിധി കഴിഞ്ഞമാസം അവസാനിച്ചതോടെ കൂടുതൽ നഴ്സുമാർക്കായി ഇന്ത്യയെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ബ്രിട്ടനു മുന്നിലുള്ളത്. ഇതുമാത്രമാണ് റിക്രൂട്ട്മെന്റ് വിലക്ക് നീക്കാൻ അനുകൂലമായുള്ള ഏകസാഹചര്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com