ADVERTISEMENT

ലണ്ടൻ ∙ ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽകാലികമായി നിർത്തിവച്ച ബ്രിട്ടനിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റുകൾ പുന:രാരംഭിച്ചു. റിക്രൂട്ട്മെന്റ് നടപടികൾ ഉടനടി പുന:രാരംഭിക്കാമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് നർദേശം നൽകി. ഇതോടെ അവസാന നിമിഷം മുടങ്ങിപ്പോയ പലരുടെയും യാത്രകളും പാതിവഴി മുടങ്ങിയ ആപ്ലിക്കേഷൻ പ്രോസസിംങ്ങുമെല്ലാം പുന:രാരംഭിക്കാൻ അടുത്തയാഴ്ച മുതൽ ഏജൻസികൾ നടപടി തുടങ്ങും.  

ഇന്ത്യയുടെ ആരോഗ്യമേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ അവിടെനിന്നും ആരോഗ്യമേഖലയിലെ പ്രഫഷനലുകളെ, പ്രത്യേകിച്ച് നഴ്സുമാരെ വിദേശത്തേക്ക് റിക്രൂട്ട്ചെയ്തു കൊണ്ടുപോരുന്നത് ധാർമികമായി ശരിയല്ലാത്തതിനാലാണ് സ്ഥിതിഗതികൾ മെച്ചമാകുന്നതുവരെ തൽകാലത്തേക്ക് റിക്രൂട്ട്മെന്റികൾ നടപടികൾ മരവിപ്പിക്കാൻ ഏപ്രിൽ അവസാനവാരം ബ്രിട്ടീഷ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പെട്ടെന്നെടുത്ത ഈ തീരുമാനത്തോടെ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി ബ്രിട്ടനിലേക്കു പറക്കാൻ കാത്തിരുന്ന നിരവധി നഴ്സുമാർക്കാണു യാത്ര മുടങ്ങിയത്. നൂറുകണക്കിനാളുകളുടെ വീസ പ്രോസസിംങ് നടപടികളും പാതിവഴി മുടങ്ങി.  നിലവിൽ ജോബ് ഓഫർ ലഭിച്ച ആരുടെയും അവസരം പാഴാകില്ല എന്ന ഉറപ്പോടെയായിരുന്നു എൻഎച്ച്എസ് ഇംഗ്ലണ്ട് റിക്രൂട്ടമെന്റ് വിലക്ക് ഏർപ്പെടുത്തിയത്.  ഇവരുമായി നിരന്തരം സമ്പർക്കം പുലർത്തി ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും ചെയ്യണമെന്ന് ട്രസ്റ്റുകൾക്കും ഏജൻസികൾക്കും നിർദേശവും നൽകിയിരുന്നു. 

വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലായതിനാൽ ബ്രിട്ടനിലേക്കുള്ള വരവ് മുൻകാലങ്ങളിലേപ്പോലെ അത്ര സുഗമമാവില്ല. വരുന്നവർ നിർബന്ധമായും 1750 പൗണ്ട് മുൻകൂറായി അടച്ച് ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം. പത്തുദിവസത്തെ ക്വാറന്റൈനിടെ രണ്ടുവട്ടം പിസിആർ ടെസ്റ്റും സ്വന്തം ചെലവിൽ നടത്തണം. ഈ തുക നൽകി നഴ്സുമാരെ എത്തിക്കാൻ മിക്കവാറും എല്ലാ ട്രസ്റ്റുകളും തയാറായിട്ടുണ്ട്. ട്രസ്റ്റുകൾക്ക് സ്വന്തം നിലയിൽ നഴ്സുമാർക്ക് ക്വാറന്റീൻ സൌകര്യം ഒരുക്കാൻ എൻഎച്ച്എസ്. ഇംഗ്ലണ്ട് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ എളുപ്പമല്ലാത്തതിനാൽ ആരുതന്നെ അതിന് മുതിരുന്നില്ല. പകരം പണം മുടക്കി ഹോട്ടൽ ക്വാറന്റീൻ ഒരുക്കാനാണ് മിക്കവാറും ട്രസ്റ്റുകളും തയാറായിട്ടുള്ളത്. 

ബ്രിട്ടനിലേക്കുള്ള വിമാന ലഭ്യതയാണ് മറ്റൊരു പ്രായോഗിക തടസമായി മുന്നിലുള്ളത്. ആഴ്ചയിൽ 15 വിമാന സർവീസുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കുള്ളത്. അതും ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയനഗരങ്ങളിൽനിന്നു മാത്രവും.  ഈ സാഹചര്യത്തിൽ വിലക്ക് നീങ്ങിയെങ്കിലും എളുപ്പത്തിൽ ബ്രിട്ടനിലേക്കെത്താൻ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സുമാർക്ക് പ്രായോഗിക തടസങ്ങൾ ഏറെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com