ADVERTISEMENT

ലണ്ടൻ ∙ കോവിഡിനു ശേഷം ജീവനക്കാരെ നിർബന്ധിച്ച് ജോലിക്ക് എത്തിക്കാൻ കഴിയാത്തവിധം വർക്ക് ഫ്രം ഹോം സംവിധാനം ജീവനക്കാരുടെ അവകാശമാക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. ജീവനക്കാരെ ഓഫിസിൽ വരാൻ നിർബന്ധിക്കുന്നത് ഒഴിവാക്കും വിധമുള്ള പുതിയ നിയമ നിർമാണത്തിനാണ് ബോറിസ് സർക്കാർ തയാറാകുന്നത്. എന്നാൽ വർക്കിംങ് ഫ്ലെക്സിബിലിറ്റി ലക്ഷ്യമിട്ടുള്ള ഈ നിയമനിർമാണത്തെ തുറന്നെതിർക്കുകയാണ് ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും മേധാവികൾ. കോവിഡ് മാറ്റിമറിച്ച ലോകക്രമത്തിൽ ഇനിയുള്ള കുറെ കാലമെങ്കിലും കോവിഡിനൊപ്പം ജീവിക്കേണ്ടിവരുമെന്ന തിരിച്ചറിവിൽനിന്നാണ് ഇത്തരമൊരു പുതിയ നിയമത്തിന്റെ സാധുത ബ്രിട്ടൻ ആരായുന്നത്. 

രാജ്യത്തെ അറുപത് ലക്ഷത്തോളം വരുന്ന ഓഫിസ് ജോലിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒരു അവകാശമാക്കി മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. പുതിയ നിയമപ്രകാരം തൊഴിലിടങ്ങളിൽ നേരിട്ടുവന്ന് ജോലി ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കാത്ത സാഹചര്യങ്ങളിൽ ജീവനക്കാരെ ഓഫിസിലേക്ക് നിർബന്ധിച്ച് വിളിച്ചുവരുത്താൻ തൊഴിലുടമയ്ക്ക് സാധിക്കില്ല. കോവിഡിനു ശേഷം വർക്കിംങ് ഫ്ലെക്സിബിലിറ്റി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. വിവിധ മേഖലകളിലെ ചർച്ചകൾക്കുശേഷം ഈ വർഷം അവസാനത്തോടെ നിയമം പാർലമെന്റിന്റെ പരിഗണനയ്ക്കു കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 

എന്നാൽ പുതിയ നിയമം ജോലിക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്നും ഓഫിസിലേക്ക് പോകുന്നവരെ ആശ്രയിച്ച് നിലനിൽക്കുന്ന ബിസിനസുകൾ എല്ലാം ഇതോടെ തകരുമെന്നുമാണ് തൊഴിലുടമകളുടെ വാദം. സാധാരണ രീതിയിലേക്കു മടങ്ങാൻ ഒരുങ്ങുന്ന ടൗണുകളെയും സിറ്റി സെന്ററുകളെയുമെല്ലാം ഇത് തളർത്തുമെന്നും വിമർശനമുണ്ട്. ബോറിസ് കാബിനറ്റിലും ഇക്കാര്യത്തിൽ രണ്ടഭിപ്രായക്കാരുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡിനു ശേഷം ജീവനക്കാരെ ഓഫിസിലേക്ക് വിളിച്ചുവരുത്താൻ പ്രചോദിപ്പിക്കുന്നതിനു പകരം വീട്ടിലിരിക്കാൻ പ്രോൽസാഹിപ്പിക്കുന്ന നിയമം സമ്പത് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നാണ് നിയമത്തെ എതിർക്കുന്നവരുടെ വാദം. 

മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ നേതൃത്വം നൽകുന്ന ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ചെയ്ഞ്ചിന്റെ പഠന റിപ്പോർട്ടാണ് പുതിയ നിയമനിർമാണത്തിന് സർക്കാരിന് ഉത്തേജകമാകുന്നത്. ഇതുപ്രകാരം രാജ്യത്തെ അഞ്ച് ജോലികളിൽ ഒന്നുവീതം ഇപ്പോൾ എവിടെയിരുന്നും ചെയ്യാവുന്നവയാണ്. ഏകദേശം അറുപത് ലക്ഷത്തോളം വരുന്ന ഇത്തരം ജോലികളെ ‘എനിവെയർ ജോബ്സ്’ എന്നാണ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്. ഇത്തരം ജോലികൾ വീട്ടിലിരുന്ന ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദമെന്നും ഇതിനാണ് ഭൂരിപക്ഷം ജീവക്കാരും തൊഴിലുടമകളും  താൽപര്യം കാണിക്കുന്നതെന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.  

English summary: uk could be given right to stay at home under reported post-covid employment plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com