ADVERTISEMENT

ലണ്ടൻ∙ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ബ്രിട്ടൻ പുതുക്കി നിശ്ചയിച്ച പട്ടികയിലും ഇന്ത്യ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ തന്നെ. ഇതോടെ ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ നാട്ടിൽ പോകാനുള്ള കാത്തിരിപ്പ് ഇനിയും അനിശ്ചിതമായി നീളും. മൂന്നാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തിൽ അടുത്ത റിവ്യൂവും റീഷഫിളും ഉണ്ടാകുക.  കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ  തരംതിരിച്ച് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഫെബ്രുവരി 15നാണ്  ബ്രിട്ടൻ ആരംഭിച്ചത്. 30 രാജ്യങ്ങളായിരുന്നു ആദ്യം ഇത്തരത്തിൽ റെഡ് ലിസ്റ്റിലായത്.   കോവിഡിന്റെ അതിതീവ്രവ്യാപനം ഉണ്ടായതോടെ ഇന്ത്യയും, പാക്കിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളുമെല്ലാം റെഡ് ലിസ്റ്റിലായി. 

 

അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കോ തിരിച്ചോ ബ്രിട്ടൻ യാത്ര അനുവദിക്കില്ല. ഇത്തരത്തിൽ യാത്രചെയ്യുന്നവർ 1750 പൗണ്ട് മുൻകൂറായി അടച്ച് നിർബന്ധിത ഹോട്ടൽ ക്വാറന്റീനു വിധേയരാകണം. ക്വാറന്റീനിടെ സ്വന്തം ചെലവിൽ രണ്ടുവട്ടം പിസിആർ ടെസ്റ്റും നടത്തണം. ഇതു ലംഘിച്ചാൽ 10000 പൗണ്ട് വരെ പിഴയും പത്തുവർഷം വരെ തടവും ലഭിക്കും. നാലുപേരുള്ള കുടുംബം യാത്രചെയ്യണമെങ്കിൽ ക്വാറന്റീൻ ചെലവായി മാത്രം നൽകേണ്ടത് 3,050 പൗണ്ടാണ്. ഇന്നത്തെ വിനിമയനിരക്കിൽ മൂന്നുലക്ഷത്തിനു മുകളിലുള്ള തുകയാണിത്. 

ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റർ നൽകുന്ന ഉപദേശപ്രകാരമാണ് രാജ്യങ്ങളെ വിവിധ വർണങ്ങളിലായി തിരിക്കുന്നത്. ഇത്തരത്തിൽ ബുധനാഴ്ച നടത്തിയ അവലോകത്തിലാണ് ഇന്ത്യയെ തൽക്കാലത്തേക്ക് റെഡ് ലിസ്റ്റിൽ തന്നെ നിലനിർത്താൻ തീരുമാനം ഉണ്ടായത്. ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളാണു പുതിയ റെഡ് ലിസ്റ്റിൽ ഉള്ളത്. 

ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയും ഏതാനും യൂറോപ്യൻ  രാജ്യങ്ങളും ബ്രിട്ടന്റെ ഓവർസീസ് ടെറിട്ടറികളും ഉൾപ്പെടെ 30ൽ താഴെ സ്ഥലങ്ങളെയാണ് ക്വാറന്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റു രാജ്യങ്ങളെല്ലാം ഹോം ക്വാറന്റീൻ അനിവാര്യമായ ആംബർ ലിസ്റ്റിലാണ്. ഇന്ത്യയെയും ആംബർ ലിസ്റ്റിലാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ. 

ക്യൂബ, ഇന്തോനീഷ്യ, മ്യാൻമാർ, സിയാറ ലിയോൺ എന്നീ രാജ്യങ്ങളെയാണ് ഇന്നലെ പുതുതായി റെഡ് ലിസ്റ്റിലേക്ക് ചേർത്തത്. ഗ്രീൻ ലിസ്റ്റിലായിരുന്ന ബ്രിട്ടീഷ് വെർജിൻ ഐലൻസ്, ബലാറിക് ഐലൻസ് എന്നിവയെ ആംബർ ലിസ്റ്റിലാക്കി. 

 

ആംബർ ലിസ്റ്റിലായിരുന്ന ബൾഗേറിയ, ഹോങ്കോങ്ങ് എന്നിവയെ ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റി. ക്രോയേഷ്യ, തായ്വാൻ എന്നീ രാജ്യങ്ങളെ ഗ്രീൻ വാച്ച്ലിസ്റ്റിലാക്കിയിട്ടുണ്ട്.  നിലവിലെ സ്ഥിതി മോശമായാൽ ഇവരും ആംബർ ലിസ്റ്റിലാകും.   ഈ മാസം 19 മുതലാണ് റീഷഫിൾ ലിസ്റ്റ് പ്രാബല്യത്തിലാകുന്നത്. 

English Summary: India is again in Britains red list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com