ADVERTISEMENT

ബര്‍ലിന്‍∙ പടിഞ്ഞാറന്‍ ജർമനിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും പ്രകൃതി ദുരന്തത്തിലും ഇതുവരെ 120 പേരെങ്കിലും മരിച്ചതായി ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം നോര്‍ത്ത് റൈന്‍വെസ്റ്റ് ഫാളിയ സംസ്ഥാനത്തെ കൊളോണ്‍ നഗരത്തിനടുത്തുള്ള എര്‍ഫ്സ്ററാഡ്റ്റ്, റൈന്‍ലാന്റ്ഫാല്‍സിലെ ആര്‍വൈലര്‍ ജില്ലകളിലായി 1300 ഓളം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. എര്‍ഫ്സ്ററാഡ്റ്റ് ജില്ലയിലെ ബ്ളീസ്ഹൈമില്‍ കല്‍ക്കരിക്കും മണല്‍,ചരല്‍ ഖനനത്തിനുമായി ഉണ്ടാക്കിയ ഒട്ടനവധി വലിയ ഗര്‍ത്തങ്ങളില്‍ വെള്ളം നിറഞ്ഞ് അതിശക്തമായി മണ്ണിടിച്ചിലുണ്ടായതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. ഇവിടെ താമസിച്ചവരാണ് അപകടത്തിനിരയായത്. നിലവില്‍, മുഴുവനായോ ഭാഗികമായോ ആയ തകര്‍ന്ന വീടുകളുടെയും ഘടനകളുടെയും വന്‍തോതിലുള്ള അവശിഷ്ടങ്ങള്‍ മാത്രമാണുള്ളത്.റെക്കോര്‍ഡ് മഴ മൂലം പതിറ്റാണ്ടുകളായി ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് പടിഞ്ഞാറന്‍ ജര്‍മ്മനിയിയെ ദുരന്തത്തിലാഴ്ത്തിയത്. റൈന്‍ലാന്‍ഡ് ഫാല്‍സ് സംസ്ഥാനത്തു മാത്രം 50 ലധികം ആളുകള്‍ ഇതുവരെ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അയല്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍വെസ്ററ് ഫാലിയയില്‍ മരണസംഖ്യ ഉയരുകയാണ്.

flood-germany

 

മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ 1300 ല്‍ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. നൂറുകണക്കിന് ആളുകളെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ 15,000 ത്തോളം പോലീസും സൈനികരും അടിയന്തര സേവന തൊഴിലാളികളും തിരയുകയാണ്. മേല്‍ക്കൂരയില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും, കടപുഴകിവീണ മരങ്ങളുടെ അവശിഷ്ടങ്ങളും മറ്റും വൃത്തിയാക്കാന്‍ പാടുപെടുകയാണ്.

floodgermany

 

വെള്ളപ്പൊക്കത്തില്‍ ഒട്ടനവധി മലയാളികളുടെ വീട്ടിലും വീടിന്റെ (സെല്ലര്‍) നിലവറകളിലും വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ജര്‍മനിയിലെ മലയാളികളെല്ലാം തന്നെ സുരക്ഷിതരാണ്. മഴയ്ക്കു ശമനം ഉണ്ടായെങ്കിലും രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ദുരന്തമേഖലയായി തുടരുകയാണ്. ജർമനിയുടെ പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ആയിരത്തിലേറെ പേരെ കാണാതായി. വര്‍ഷങ്ങള്‍ക്കിടെ ജർമനിയിലുണ്ടായ ഏറ്റവും വലിയ പ്രളയദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്. കൊളോണിനു തെക്ക്  ആര്‍വൈലര്‍   ജില്ലയിലാണ് വെള്ളപ്പൊക്കം കൊടിയനാശം വിതച്ചത്. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ വീടുകളിലും അല്ലാതെയുമായി കുടുങ്ങിക്കിടക്കികയാണ്. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ രൂക്ഷമായ കാലാവസ്ഥാ ദുരന്തത്തെ തുടര്‍ന്ന്, കൂടുതല്‍ ജര്‍മന്‍ സൈനികരെ സഹായത്തിനായി വിന്യസിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് 1000 ലധികം പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

 

ജര്‍മനി പോലുള്ള വികസിത രാജ്യങ്ങളില്‍ അപൂര്‍വ സംഭവമാണ് ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ക്കാണ് മഹാദുരന്തത്തില്‍ വീടുകള്‍ നഷ്ടമായത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തരം ദുരന്തങ്ങള്‍ മേഖലയില്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

 

കവചിത റിക്കവറി വാഹനങ്ങള്‍, ട്രക്കുകള്‍, വീല്‍ ലോഡറുകള്‍ എന്നിവ ഉള്‍പ്പെടെയാണ് സൈനികര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. ദുരന്തമേഖലയില്‍ രണ്ടു സഡനോളം റെസ്ക്യൂ ഹെലികോപ്റ്ററുകള്‍ നിരന്തരം റോന്തുചുറ്റി നീരീക്ഷണം നടത്തുന്നുണ്ട്. ആര്‍വൈലര്‍ ജില്ലയില്‍ നിവധി "ഡീപ്വാട്ടര്‍ വാഹനങ്ങള്‍" ജെറ്റ്ലോ സിസ്ററം എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇന്റര്‍നെറ്റും ടെലിഫോണ്‍ ബന്ധവും തകരാറിലായതിനെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളുമായി കൂട്ടിയിണക്കുവാന്‍ ആശയവിനിമയം പുനസ്ഥാപിക്കുന്നതിനായി മൊബൈല്‍ ഉപഗ്രഹ സംവിധാനങ്ങളും സ്ഥാപിച്ചു. ട്രിയര്‍ സാര്‍ബുര്‍ഗ് പ്രദേശത്ത് ഒരു നഴ്സിംഗ് ഹോം ഒഴിപ്പിച്ചു. അവിടെ കിടപ്പിലായ 45 ജീവനക്കാര്‍ ഉള്‍പ്പെടെ 110 പേരെ അവിടെ സുരക്ഷിതരാക്കി.വിന്റര്‍ഡോര്‍ഫ്, കോര്‍ഡല്‍ എന്നീ ഗ്രാമങ്ങളെ ഒഴിപ്പിക്കാന്‍ ഉച്ചഭാഷിണി സിസ്ററം ഉപയോഗിച്ചു. അതേസമയം ഭിന്നശേഷിക്കാര്‍ താമസിച്ചിരുന്ന വീട്ടിലെ 12 അന്തേവാസികള്‍ക്ക് അകാലമൃത്യു സംഭിച്ചത് ഇക്കഴിഞ്ഞ രാത്രിയിലാണ്.

 

സൈനിക പ്രളയ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ബെര്‍ലിനിലെ ടെറിട്ടോറിയല്‍ ടാസ്ക് കമാന്‍ഡില്‍ നിന്നാണ്. റൈന്‍ലാന്‍ഡ്ഫാല്‍സ് നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയ എന്നിവിടങ്ങളിലാണ് സൈനികരും അഗ്നിശമനസേനാംഗങ്ങളും മറ്റു സന്നദ്ധപ്രവര്‍ത്തകരും രാപകലില്ലാതെ പ്രയത്നിക്കുന്നത്. നാശനഷ്ടം കോടിക്കണക്കിന് യൂറോ" ആയിരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്. ഹൈവേകളും, ദേശീയ പാതകളും ഗ്രാമീണ റോഡുകളും തകര്‍ന്നു. സിമിത്തേരികള്‍ ചെളിക്കൂമ്പാരങ്ങളുടെ പറമ്പായി.അഴുക്കു ചാലുകള്‍ നാവശേഷമായി. പൈപ്പ് ലൈനുകള്‍ തരിപ്പണമായി. മലഞ്ചെരുവുകളും ചെളിയുടെ മൈതാനങ്ങളായി.

 

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയ മുഖ്യമന്ത്രി അര്‍മീന്‍ ലാഷെറ്റ് അടിയന്തിയ മന്ത്രിസഭയോഗം ചേര്‍ന്നു. ദുരിതബാധിത പ്രദേശങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി ഹോര്‍സ്ററ് സീഹോഫര്‍ പറഞ്ഞു.

 

കഴിഞ്ഞ 16 വര്‍ഷ ഭരണകാലഘട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക അമേരിക്കന്‍ യാത്രയിലായ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ വളരെ ഞെട്ടലോടെയാണ് ദുരന്തത്തെപ്പറ്റി പ്രതികരിച്ചത്. യുഎസ് പ്രസിഡന്റ്് ജോ ബൈഡനുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ സംഭവത്തെ ഉത്കണ്ഠയുടെയും നിരാശയുടെയും വാക്കുകളിലാണ് വിശേഷിപ്പിച്ചത്. ദുരന്തത്തിലെ ഇരകള്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തതായി അവര്‍ അറിയിച്ചു.

 

ജര്‍മനിക്കൊപ്പം വെള്ളപ്പൊക്കത്തിലും പ്രളയത്തിലും യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയവും നെതര്‍ലാന്‍ഡ്സും പകച്ചുനില്‍ക്കുകയാണ്. ജര്‍മനിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ബെല്‍ജിയത്തില്‍ കുറഞ്ഞത് 22 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നെതര്‍ലാന്‍ഡിനെയും മോശമായി ബാധിച്ചിട്ടുണ്ട്.

English Summary: 120 dead and 1300 missing in flood in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com