ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയില്‍ പൊതു തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ചാന്‍സലര്‍ സ്ഥാനാര്‍ഥികള്‍ അടുത്ത ടെലിവിഷന്‍ സംവാദത്തിനു തയാറെടുക്കുന്നു. നിലവിലുള്ള അഭിപ്രായ സര്‍വേകളില്‍ എസ് പി ഡി സ്ഥാനാര്‍ഥി ഒലാഫ് ഷോള്‍സാണ് മുന്നിട്ടു നില്‍ക്കുന്നത്. അദ്ദേഹവുമായുള്ള വ്യത്യാസം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് സിഡിയു സ്ഥാനാര്‍ഥി ആര്‍മിന്‍ ലാഷെ. ഇരവരുമായും കടുത്ത പോരാട്ടത്തിനു കച്ചകെട്ടി ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അന്നലേന ബെയര്‍ബോക്കും രംഗത്തുണ്ട്.

മെര്‍ക്കല്‍ യുഗത്തിന് അന്ത്യം കുറിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കുക എന്നത് സി ഡി യു ~ സിഎസ്‌യു സഖ്യത്തിന് അഭിമാന പ്രശ്നമാണ്. ദീര്‍ഘകാലത്തിനു ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് എസ്പി ഡി ശ്രമിക്കുന്നതെങ്കില്‍, പരിസ്ഥിതിവാദത്തിലൂന്നിയ സമാന്തര മുന്നേറ്റം ശക്തിപ്പെടുത്തുകയാണ് ഗ്രീന്‍ പാര്‍ട്ടിയുടെ ലക്ഷ്യം.

സിഡിയു – സിഎസ്‌യു സഖ്യത്തിന് ഏറ്റവും പുതിയ അഭിപ്രായ സര്‍വേകളില്‍ ലഭിച്ചിട്ടുള്ളത് 20 ശതമാനം ജനപിന്തുണ മാത്രമാണ്. എസ്പിഡിക്ക് 26. ഇടതുപക്ഷ പാര്‍ട്ടിയുടെ കൂടി സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായ എസ്പിഡി ഇപ്പോഴേ അനൗപചാരികമായി ആരാഞ്ഞു തുടങ്ങിയിട്ടുണ്്ട്.

അതേസമയം, ഇടതുപക്ഷ സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയാത്ത എസ്പിഡി നിലപാട് തന്നെയാണ് അപൂര്‍വമായൊരു പ്രചാരണ ഇടപെടലില്‍ മെര്‍ക്കല്‍ മുന്നോട്ടു വച്ച പ്രധാന ആയുധവും. ഇത് രാജ്യത്തിന് അപകടമാണെന്നും സിഡിയു–സിഎസ്‌യു സഖ്യം അധികാരത്തില്‍ തുടരുന്നതായിരിക്കും ജര്‍മനിയുടെ നല്ല ഭാവിക്കു യോജിക്കുക എന്നും അവര്‍ കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു.

ഗ്രീന്‍ പാര്‍ട്ടിക്ക് 15 ശതമാനം പിന്തുണ മാത്രമാണ് നിലവില്‍ കണക്കാക്കുന്നത്. എന്നാല്‍, മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാന്‍ ഇടയില്ലാത്ത സാഹചര്യത്തില്‍ അടുത്ത പാര്‍ലമെന്റില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ റോള്‍ നിര്‍ണായകമായിരിക്കും.

ഈ മാസം 26 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

English Summary : German chancellor candidates to clash in second TV debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com