ADVERTISEMENT

ഓൺലൈൻ ലളിത സംഗീതപഠനക്ലാസുകൾ വിപുലീകരിക്കാനൊരുങ്ങി പിന്നണിഗായിക രാജലക്ഷ്മി. വിദ്യാരംഭം നാളിലാണ് പുതിയ ബാച്ചുകൾക്കു തുടക്കം കുറിക്കുന്ന‌ത്. സംഗീതത്തിൽ അഭിരുചിയുള്ള ആർക്കും ലോകത്തിന്റെ ഏതു കോണിൽ നിന്നും പ്രായഭേദമില്ലാതെ രാജലക്ഷ്മിയുടെ സംഗീതപഠന ക്ലാസിൽ പങ്കുചേരാം. കഴിഞ്ഞ വർഷം ജൂണിലാണ് ‘ലളിതസംഗീതപാഠം’ എന്ന േപരിൽ ഗായിക ഓൺലൈൻ സംഗീതക്ലാസുകൾ ആരംഭിച്ചത്. വിവിധയിടങ്ങളിൽ നിന്നായി നിരവധി പേരാണു രാജലക്ഷ്മിക്കു കീഴിൽ സംഗീതം അഭ്യസിക്കുന്നത്. ഓൺലൈൻ പഠനം വലിയ സാധ്യതകളാണ് ലോകത്തിനു മുന്നിൽ തുറന്നിടുന്നതെന്ന് രാജലക്ഷ്മി പറയുന്നു. ലളിതസംഗീതപഠന ക്ലാസുകളെക്കുറിച്ച് ഗായിക മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തില്‍ മനസ് തുറന്നപ്പോൾ. 

സർവം സംഗീതം!

കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ ആദ്യ ലോക്ഡൗൺ കാലത്താണ് ഓൺലൈൻ സംഗീതപഠനത്തെക്കുറിച്ചു ഞാൻ ചിന്തിച്ചു തുടങ്ങിയത്. എന്റെ കുറച്ചു സുഹൃത്തുക്കളാണ് ഈ ആശയം മുന്നോട്ടു വച്ചത്. അവർ മുൻപും അക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും ഞാൻ അത് ഗൗരവത്തോടെയെടുത്തത് ലോക്ഡൗൺ കാലത്താണ്. തുടർന്ന് ഓൺലൈൻ സംഗീത പഠനത്തിന്റെ സാധ്യതകളെക്കുറിച്ചു ഞാൻ ചിത്ര ചേച്ചി (കെ.എസ്.ചിത്ര)യുമായി സംസാരിച്ചു. പകര്‍ന്നു കൊടുക്കുന്തോറും കൂടി വരുന്നതാണ് അറിവ് എന്നു പറഞ്ഞ് ചേച്ചി എന്നെ പിന്തുണച്ചു. അങ്ങനെ പദ്ധതിയുമായി ഞാൻ മുന്നോട്ടു നീങ്ങി. ‘ലളിതസംഗീതപാഠം’ തുടങ്ങിയപ്പോൾത്തന്നെ വിവിധയിടങ്ങളിൽ നിന്നായി എനിക്കു വിദ്യാർഥികളെ കിട്ടിത്തുടങ്ങി. ലോകത്തിന്റെ പല കോണിൽ നിന്നുമായി പല പ്രായത്തിലുള്ളവർ എന്റെ കീഴിൽ പഠനം ആരംഭിച്ചു. 

rajalakshmi-class

ഓൺലൈനിലെ ലളിതസംഗീതം

ലളിതഗാനങ്ങൾ യഥാർഥത്തിൽ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. സംഗീതരംഗത്തെ പല പ്രമുഖരും ലളിതഗാന ആലാപനത്തിലൂടെയാണ് അവരുടെ സംഗീതയാത്ര ആരംഭിച്ചത്. കുട്ടിക്കാലത്ത് ആകാശവാണിയിൽ കേട്ട ലളിതഗാനങ്ങളെല്ലാം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ആറു വർഷത്തോളം ഞാൻ ലളിതഗാനം പഠിച്ചിട്ടുമുണ്ട്. പക്ഷേ ഇന്നത്തെ തലമുറയ്ക്ക് ലളിതഗാനത്തെക്കുറിച്ചു കാര്യമായ അറിവില്ല എന്നതാണു വസ്തുത. യഥാർഥത്തിൽ ലളിതഗാനങ്ങൾ അന്യം നിന്നു പോയതു പോലെ. ആ പഴയ പാട്ടുകൾ തിരികെ വരട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ ക്ലാസുകളിൽ ലളിതഗാനങ്ങൾ പഠിപ്പിക്കാം എന്നു തീരുമാനിച്ചത്. എന്റെ വിദ്യാർ‍ഥികളെല്ലാം വളരെ താത്പര്യപൂർവമാണ് ലളിതഗാനങ്ങൾ കേട്ടിരിക്കുന്നത്. അവർക്കൊക്കെ അത്തരം പാട്ടുകൾ കേൾക്കുമ്പോൾ കൗതുകവും പ്രത്യേക ഇഷ്ടവുമാണ്. കുട്ടികളുടെ മാതാപിതാക്കളും എന്നെ വിളിച്ചു മികച്ച അഭിപ്രായങ്ങൾ പറയാറുണ്ട്. 

അവർ പഠിക്കട്ടെ, പാടട്ടെ

ഞാൻ ഇപ്പോഴും സംഗീതം പഠിക്കുന്നുണ്ട്. അതും ഓൺലൈൻ ക്ലാസ് ആണ്. യഥാർഥത്തിൽ ഓൺലൈൻ ഒരു വലിയ സാധ്യതയാണ് നമുക്കു മുന്നിൽ തുറന്നിടുന്നത്. എവിടെ നിന്നു വേണമെങ്കിലും ആർക്കും സംഗീതക്ലാസുകളിലും മറ്റും പങ്കെടുക്കാമല്ലോ. നേരിട്ടു ഗുരുവിനു കീഴിൽ പഠിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ. എങ്കിലും മികച്ച രീതിയിൽ തന്ന ഓൺലൈൻ ക്ലാസുകൾ നടത്താൻ സാധിക്കുന്നുണ്ട്. പല പ്രായത്തിലുള്ളവര്‍, പല ജോലിമേഖലയിലുള്ളവര്‍ എന്നിങ്ങനെ നിരവധി പേർ എനിക്കു കീഴിൽ സംഗീതം അഭ്യസിച്ചുവരുന്നു. ഓരോ വിദ്യാർഥിക്കുമായി ഞാൻ പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട്. ആ സമയത്ത് അവരുമായി കൂടുതൽ ആശയവിനിമയം നടത്താനും കാര്യങ്ങൾ പറഞ്ഞുകൊടുക്കാനും സാധിക്കും. എന്റെയും വിദ്യാർഥിയുടെയും സമയവും സാഹചര്യവും അനുസരിച്ചാണ് ആ ക്ലാസുകൾ ക്രമീകരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ ക്ലാസുകൾ നടത്തുന്നത്. 

ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: 8921828174. rajalakshmyofficial@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com