ADVERTISEMENT

റോം ∙ ഇറ്റലിയിൽ അഞ്ചു മുതൽ 11 വയസുവരെ പ്രായക്കാരായ കുട്ടികൾക്ക് കോവിഡ് വാക്സീൻ നൽകി തുടങ്ങി. രാജ്യത്തെ മെഡിസിൻ ഏജൻസിയായ എഐഎഫ്എ (അജൻസിയ ഇറ്റാലിയാന ദെൽ ഫാർമകോ) കുട്ടികൾക്ക് വാക്സീൻ നൽകുന്നതിന് അംഗീകാരം നൽകിയതോടെയാണ് ഫൈസർ ബയോഎൻടെക് കോവിഡ് 19 വാക്സീൻ നൽകി തുടങ്ങിയത്.

 

ഫൈസറും ബയോഎൻടെക്കും ചേർന്ന് വികസിപ്പിച്ച വാക്സീൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് കുട്ടികൾക്ക് നൽകാൻ ഇറ്റലി തീരുമാനിച്ചത്. മുതിർന്നവർക്ക് നൽകുന്ന 30 മൈക്രോഗ്രാം വാക്സീനുപകരം അഞ്ച് മുതൽ 11 വരെ പ്രായക്കാരായ കുട്ടികൾക്ക് മൂന്ന് ആഴ്ച ഇടവിട്ട് 10 മൈക്രോഗ്രാമിന്റെ രണ്ട് ഡോസ് വാക്സീനാണ് നൽകുന്നത്.

 

വാക്സീൻ എടുക്കുന്ന കുട്ടികളിൽ, വേദന, ക്ഷീണം, തലവേദന, കുത്തിവയ്പ്പ് നടത്തിയ സ്ഥലത്ത് ചുവപ്പുനിറവും വീക്കവും, പേശി വേദനയും വിറയലും  എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്നും ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദമാകുമെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ  ഹ്യൂമൻ മെഡിസിൻ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

 

വാക്സിനേഷൻ ആരംഭിച്ചെങ്കിലും 12 വയസ്സിന് താഴെയുള്ളവർക്ക് ഗ്രീൻ പാസ് ആസൂത്രണം ചെയ്തിട്ടില്ലെന്ന് ഡെപ്യൂട്ടി ആരോഗ്യമന്ത്രി ആന്ത്രേയ കോസ്റ്റ  പറഞ്ഞു. സർക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് 12 വയസ്സിന് മുകളിൽ പ്രായമുള്ള 87 ശതമാനത്തിലധികം പേർക്കും കോവിഡ് വാക്‌സീന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com