ADVERTISEMENT

ലണ്ടൻ ∙ ഒമിക്രോൺ ഭീതിയിൽ ലോകമെങ്ങും അതീവ ജാഗ്രതാ നിർദേശങ്ങളും മുൻകരുതലുകളുമായി മുന്നേറുമ്പോഴും ബ്രിട്ടനിൽ സാധാരണ ജീവിതത്തിന് കുലുക്കമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം സാധാരണപോലെ പ്രവർത്തിക്കുന്നു. സാമൂഹിക അകലമില്ല. പൊതുസ്ഥലങ്ങളിലും പൊതു ഗതാഗത സംവിധാനത്തിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പകുതിപേരും ധരിക്കുന്നില്ല. കോവിഡിനെ ഭയമില്ലാത്ത സ്ഥിതിയിലാണ് ബ്രിട്ടൻ. എങ്കിലും രാജ്യത്തെ അറുപതിൽ ഒരാൾക്ക് എന്ന രീതിയിൽ ദിവസേന കോവിഡ് ബാധിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

 

ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത് 1,035,000 പേർക്കാണ്. മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം അഥവാ അറുപതിൽ ഒന്നാണ് ഈ സംഖ്യ. 

 

രോഗവ്യാപനം ഇത്രയേറെയുണ്ടെങ്കിലും ആശുപത്രി അഡ്മിഷനും മരണനിരക്കും ഉയരുന്നില്ല എന്നതാണ് ബ്രിട്ടനിലെ പ്രത്യേകത. രാജ്യത്തെ 88 ശതമാനം പേരും രണ്ടുഡോസ് വാക്സിൻ എടുത്തവരാണ്. ഇതിൽതന്നെ മുപ്പതു ശതമാനത്തിലേറെ പേർ മൂന്നാം ഡോസ് ബൂസ്റ്റർ ഡോസും സ്വീകരിച്ചു കഴിഞ്ഞു. അതിനാൽ തന്നെ രോഗബാധയുണ്ടായാലും ഇവരാരുംതന്നെ ആശുപത്രിയിൽ എത്തുന്ന സ്ഥിതി സാധാരണയായി ഉണ്ടാകുന്നില്ല, 

 

ഒമിക്രോൺ ഭീതിയിൽ ലോകം മുഴുവൻ വീണ്ടുമൊരു അടച്ചുപൂട്ടലിലേക്ക് നീങ്ങുമ്പോഴും ബ്രിട്ടൻ അതേപ്പറ്റി ചിന്തിക്കുകപോലും ചെയ്യാത്തത് വാക്സിനേഷന്റെ ഈ കരുത്തിലാണ്. 

സ്കൂളുകൾ വഴി 13 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും ഇപ്പോൾ വാക്സിൻ നൽകുന്നുണ്ട്. 18 കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ നൽകാനുള്ള ഊർജിത ശ്രമത്തിലാണ് ബ്രിട്ടൻ. ഫൈസർ, മൊഡേണ എന്നീ വാക്സിനുകളാണ് ബ്രിട്ടനിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസായി നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com