ADVERTISEMENT

ലണ്ടൻ ∙ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ മുടക്കിയത് ബ്രിട്ടനിലെ മലയാളികളുടെ യാത്രാസ്വപ്നങ്ങൾ. രണ്ടുവർഷത്തെ കാത്തിരിപ്പിനു ശേഷം നിയന്ത്രണങ്ങളില്ലാതെ യാത്രാചെയ്യാമെന്ന സ്ഥിതിയായപ്പോഴേ നാട്ടിലേക്കുള്ള വിമാനങ്ങളെല്ലാം ദിവസവും നിറയുന്ന സ്ഥിതിയായിരുന്നു. കൊച്ചിയിലേക്ക് ആഴ്ചതോറും മൂന്ന് എയർ ഇന്ത്യാ വിമാനങ്ങൾ നേരിട്ടു സർവീസ് തുടങ്ങുകകൂടി ചെയ്തതോടെ ബ്രിട്ടനിൽനിന്നും നാട്ടിൽ പോകാൻ തയാറാകാത്ത മലയാളികൾ ആരുംതന്നെ ഇന്നല്ലെന്നായിരുന്നു. ഡയറക്ട് വിമാനങ്ങളിൽ മാത്രം ഓരോ ആഴ്ചയും കൊച്ചിയിൽ വന്നിറങ്ങിയിരുന്നത് എഴൂന്നൂറിലേറെ ബ്രിട്ടിഷ് മലയാളികളാണ്. ഗൾഫ് നാടുകളിലൂടെ പഴയ രീതിയിൽ എത്തിയിരുന്നവർ വേറെയും. 

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നത് ആയിരക്കണക്കിന് ആളുകളാണ്. ഇവരെയെല്ലാം നിരാശരാക്കുന്ന തീരുമാനമാണ് ഇന്ത്യാ ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നും നാട്ടിലെത്തുന്നവർ ഏഴുദിവസത്തെ ക്വാറന്റീനും പിന്നീട് ഏഴു ദിവസത്തെ സ്വയം നിരീക്ഷണത്തിനും വിധേയരാകണം എന്ന നിബന്ധന വന്നതോടെ ചെറിയ കാലത്തേക്ക് നാട്ടിൽ പോയിട്ട് വലിയ കാര്യമില്ല എന്ന സ്ഥിതിയായി. 

പുറത്തിറങ്ങാൻ 14 ദിവസം കാത്തിരിക്കേണ്ട സ്ഥിതി ജോലിസ്ഥലത്തുനിന്നും അവധിയെടുത്ത് നാട്ടിലെത്തുന്ന പ്രവാസിക്ക് താങ്ങാവുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ നൂറുകണക്കിന് ആളുകളാണ് ഒമിക്രോൺ നിയന്ത്രണങ്ങളെ ഭയന്ന് യാത്ര വേണ്ടെന്നു വയ്ക്കുന്നത്. പലരും ടിക്കറ്റ് ക്യാൻസൽ ചെയ്തു കഴിഞ്ഞു. നാട്ടിൽ പോയാൽതന്നെ മടങ്ങിയെത്താൻ വൈകുന്ന സാഹചര്യമുണ്ടാകുമോ എന്ന ഭയവും യാത്ര മാറ്റിവയ്ക്കാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. 

ഇതിനിടെ ഒമിക്രോണിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ വസ്തുതകൾ വേണ്ടത്ര മനസിലാക്കാതെയാണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ഡെൽറ്റ വകഭേദത്തേക്കാൾ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും രണ്ടുഡോസ് വാക്സിനെടുത്തവരിൽ ഈ വകഭേദത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയില്ലെന്ന റിപ്പോർട്ടുകളാണ് ഇവരെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. നിലവിലെ നിയന്ത്രണങ്ങളും പേടിപ്പെടുത്തലുമെല്ലാം അനാവശ്യമായതും തിടുക്കത്തിലുള്ളതുമാണെന്നാണ് ഈ വിമർശകരുടെ പക്ഷം. 

English Summary: Omicron uk travel restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com