ADVERTISEMENT

ബർലിൻ ∙ പ്രമുഖ വ്യവസായിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സ്ഥാപക വൈസ് ചെയര്‍മാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനുമായ ഡോ.പി.എ.ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ ഡബ്ല്യൂഎംസിയുടെ വിവിധ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി. സംഘടനാ പ്രവര്‍ത്തനത്തിലും കുരുണ്യ പ്രവര്‍ത്തനത്തിലും എന്നും ഹൃദയം കണ്ടറിഞ്ഞു നിസ്തുല സേവനം ചെയ്ത ഡോ. ഇബ്രാഹിം ഹാജിയുടെ അപ്രതീക്ഷിത വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ആയില്ലെന്നു വിവിധ നേതാക്കള്‍ പറഞ്ഞു.

എന്ത് കാര്യത്തിനും സമചിത്തതയിലൂടെ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പാതയില്‍ മറ്റുള്ളവരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച വ്യക്തിത്വമായിരുന്നു ഡോ.പി.എ.ഇബ്രാഹിം ഹാജിയുടെതെന്ന് നേതാക്കള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്കു നികത്താനാവാത്ത നഷ്ടമാണെന്നും നേതാക്കള്‍ ഒന്നടങ്കം പറഞ്ഞു. സാമൂഹ്യ വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ തങ്കത്തിളക്കത്തില്‍ ജ്വലിച്ചു നിന്ന വ്യക്തിയായിരുന്ന ഡോ. ഹാജിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആഗോള തലത്തിലുള്ള വിവിധ റീജിയനുകളും പ്രൊവിൻസ് നേതാക്കളും ഡോ.പി.എ.ഇബ്രാഹിം ഹാജിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഹാജിയുടെ അകാല വിയോഗത്തില്‍ ഗ്ലോബല്‍ ഭാരവാഹികളായ ഗോപാലപിള്ള, ടെക്സാസ്, (പ്രസിഡന്റ്), ജോണ്‍ മത്തായി, ഷാര്‍ജ (വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍, ജര്‍മനി (ജനറല്‍ സെക്രട്ടറി), തോമസ് അറമ്പന്‍കുടി, ജര്‍മനി (ട്രഷറാര്‍), ജോസ് പുതുശേരി, ജര്‍മനി (ഗ്ലോബല്‍ ഓഡിറ്റര്‍), ഡോ.വിജയലക്ഷ്മി ഇന്ത്യ (വൈസ് ചെയര്‍പേഴ്സണ്‍), മേഴ്സി തടത്തില്‍, ജര്‍മനി (ഗ്ലോ വുമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍), യൂറോപ്പ് റീജിയന്‍ ഭാരവാഹികളായ ജോളി തടത്തില്‍ (ചെയര്‍മാന്‍), ജോളി എം പടയാട്ടില്‍ (പ്രസിഡന്റ്), ജര്‍മന്‍ പ്രൊവിന്‍സ് ഭാരവാഹികളായ ബാബു എളമ്പാശേരില്‍ (ചെയര്‍മാന്‍), ജോസ് കുമ്പിളുവേലില്‍ (പ്രസിഡന്റ്), ചിന്നു പടയാട്ടില്‍ (ജനറല്‍ സെക്രട്ടറി), സാറാമ്മ ജോസഫ് (ട്രഷറാര്‍) തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി.

കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു 78 കാരനായ ഡോ. ഹാജിയുടെ അന്ത്യം. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹിം ഹാജിയെ തിങ്കളാഴ്ചയാണ് കോഴിക്കോട് മിംസിലേയ്ക്ക് മാറ്റിയത്. ഇന്‍ഡസ് മോട്ടോര്‍സ് സ്ഥാപകനും വൈസ് ചെയര്‍മാനും കൂടിയായിരുന്ന ഇബ്രാഹിം ഹാജി പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ സെഞ്ചുറി ടൂര്‍സ് ആന്‍ഡ് ട്രാവല്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികളും അലങ്കരിച്ചിരുന്നു. മുസ്‍ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടറുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com