ADVERTISEMENT

ലണ്ടൻ∙ ലോക്‌‍ഡൗൺ കാലത്ത് ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ ഔദ്യോഗിക വസതിയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തതിൽ മാപ്പു പറഞ്ഞു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം നിരസിച്ചു കൊണ്ടാണു പാർലമെന്റിൽ പ്രധാനമന്ത്രിയുടെ മാപ്പു പറച്ചിൽ. ഔദ്യോഗിക വസതിയുടെ ഗാർഡനിൽ നടന്ന ഡ്രിങ്ക് പാർട്ടിയിൽ പങ്കെടുത്തെന്നു സമ്മതിച്ച പ്രധാനമന്ത്രി, 2020 മെയിൽ നടന്ന ആ സംഭവം താൻ കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയി എന്നു പാർലമെന്റിൽ തുറന്നു സമ്മതിച്ചു. എന്നാൽ മാപ്പുപറഞ്ഞു മാത്രം  പ്രധാനമന്ത്രിക്കു രക്ഷപെടാനാകില്ലെന്നും  രാജ്യത്തെ വഞ്ചിച്ച പ്രധാനമന്ത്രി രാജിവയ്ക്കണമെന്നുമാണു മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നിലപാട്. ടോറിയിലെ ബോറിസ് വിരുദ്ധരുടെ പരോക്ഷ പിന്തുണയും പ്രതിപക്ഷത്തിനുണ്ട്. എന്നാൽ മുതിർന്ന ക്യാബിനറ്റ് അംഗങ്ങളുടെയെല്ലാം പിന്തുണ ഉറപ്പാക്കിയ ബോറിസ് ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെ എന്ന നിലപാടിലാണ്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ചാൻസിലർ ഋഷി സുനാക്, ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ്, പ്രീതി പട്ടേൽ  തുടങ്ങിയ മുതിർന്ന കാബിനറ്റ് അംഗങ്ങൾ പരസ്യമായി പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തുണ്ട്. 

ഇതിനിടെ പ്രധാനമന്ത്രി ഇന്നു ലാങ്ഷെയറിലേക്ക് നടത്താനിരുന്ന ഔദ്യോഗിക യാത്ര റദ്ദാക്കി. കുടുംബാംഗങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. 

 

ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യത്തിൽ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചു സ്വന്തം വസതിയിൽ പ്രധാനമന്ത്രി പാർട്ടി നടത്തിയതു രാജിക്കു മതിയായ കാരണമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ബോറിസ് അതിനു തയാറാകുമെന്ന് ആരും കരുതുന്നില്ല. ബോറിസിനെ സമ്മർദ്ദത്തിലാക്കി രാജിവയ്പിക്കാൻ മാത്രം ശക്തി തൽക്കാലം പ്രതിപക്ഷത്തിനില്ല എന്നതുതന്നെ കാരണം. കോവിഡ് തരംഗങ്ങളെ ഫലപ്രദമായി നേരിട്ട ബോറിസ് നിലവിൽ പാർട്ടിയിലും രാജ്യത്തും അതിശക്തനാണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ഒരു രാഷ്ട്രീയ അനിശ്ചിതത്വം ആഗ്രഹിക്കുന്നില്ല എന്നതാണു ബോറിസിന് ഏറ്റവും അനുകൂലമാകുന്ന ഘടകം. 

English Summary : UK PM Boris Johnson apologises in Parliament for attending booze party during lockdown in 2020 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com