ADVERTISEMENT

ബര്‍ലിന്‍∙ സിറിയന്‍ മുന്‍ കേണല്‍ അന്‍വര്‍ റസ്‌ലനെ ജര്‍മന്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2012ല്‍ ഡമസ്കസിലെ അല്‍ ഖത്തീബ് ജയിലിലെ ക്രൂരപീഡനങ്ങളിലൂടെ മാനവികതക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

ആഭ്യന്തരയുദ്ധത്തിനിടെ, നിരവധി സിറിയന്‍ പൗരന്മാരെയാണ് റസ്‌ലന്‍റെ നേതൃത്വത്തില്‍ ജയിലില്‍ പീഡനങ്ങള്‍ക്കിരയാക്കിയത്. കൊലപാതകം, മര്‍ദനം, ബലാത്സംഗം, ലൈംഗികപീഡനം, സ്വാതന്ത്ര്യം അടിച്ചമര്‍ത്തല്‍ എന്നീ കുറ്റകൃത്യങ്ങളിലാണ് 58കാരനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതെന്ന് ജര്‍മനിയിലെ കോബ്ളന്‍സ് കോടതി വ്യക്തമാക്കി.

സിറിയയില്‍ സര്‍ക്കാർ സൈന്യം നടത്തിയ മര്‍ദനങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട് ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. 2011 ഏപ്രിലിനും 2021 സെപ്റ്റംബറിനുമിടെ 4000ത്തിലേറെ ആളുകളെ അല്‍ ഖത്തീബ് ജയിലില്‍ ക്രൂരപീഡനങ്ങള്‍ക്കിരയാക്കിയതിനു മേല്‍നോട്ടം വഹിച്ചത് റസ്‌ലൻ ആണെന്നു പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കൊടിയ മര്‍ദനമുറകളെ തുടര്‍ന്ന് 58പേര്‍ ജയിലില്‍ മരിക്കുകയും ചെയ്തു. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദിന്‍റെ രാജിയാവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയതിന്‍റെ പേരിലായിരുന്നു മര്‍ദനം.

18 വര്‍ഷം റസ്‌ലന്‍ സിറിയന്‍ രഹസ്യാന്വേഷണ സംഘടനയില്‍ പ്രവര്‍ത്തിച്ചു. ജയിലുകളിലെ പീഡനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ സൈന്യത്തില്‍നിന്നു പുറത്താക്കി. തുടര്‍ന്ന് 2014ല്‍ ജര്‍മനിയില്‍ അഭയം തേടി. 2019ല്‍ അറസ്റ്റിലായി. ഒരാളെ പോലും വ്യക്തിപരമായി പീഡിപ്പിച്ചിട്ടില്ലെന്നു വാദിച്ച അഭിഭാഷകന്‍ റസ്ലനെ മോചിപ്പിക്കണമെന്നു കോടതിയില്‍ അഭ്യര്‍ഥിച്ചിരുന്നു. 

English Summary : German court sentences former Syrian colonel to life in prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com