ADVERTISEMENT

 

ലണ്ടൻ∙ ബ്രിട്ടനിലെ ഗ്ലോസ്റ്ററിൽ വാഹനാപകടത്തിൽ മരിച്ച ബിൻസ് രാജൻ (32) അർച്ചന നിർമൽ (24)  എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും കുടുംബത്തെ സഹായിക്കാനും മുന്നിട്ടിറങ്ങി യുക്മ. ബ്രിട്ടനിലെ മലയാളി സംഘടനകളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുന്ന യുക്മ, ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനുമായി  (ലൂക്കാ)  സഹകരിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയത്. സ്റ്റുഡന്റ് വീസയിൽ ബ്രിട്ടനിലെത്തി ജീവിതം കരുപ്പിടിപ്പിക്കാൻ തുടങ്ങുന്നതിനിടെ അകാലത്തിൽ പൊലിഞ്ഞുപോയ ഇവരുടെ കുടുംബാംഗങ്ങൾക്ക് താങ്ങാനാവുന്നതല്ല മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവുകൾ. അപകടത്തിൽ പരുക്കേറ്റ  കുടുംബാംഗങ്ങൾ ഇത്തരമൊരു സാഹചര്യത്തെ തനിയെ അതിജീവിക്കാനാകുന്ന സ്ഥിതിയിലുമല്ല. ഇതു മനസിലാക്കിയാണു യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സഹായഹസ്തവുമായി രംഗത്തെത്തിയത്. യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി അലക്സ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ. 

 

അത്യന്തം വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബത്തെ സഹായിക്കാനുള്ള  ലിങ്കാണ് ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്നത്  

 

https://gofund.me/faacc156

 

എറണാകുളം മൂവാറ്റുപുഴ  കുന്നയ്ക്കൽ സ്വദേശി പാലയ്ക്കാമറ്റത്തിൽ ബിൻസ് രാജൻ (32) കൊല്ലം ഉളിയക്കോവിൽ സ്നേഹാനഗർ അഭിരാമം വീട്ടിൽ  അർച്ച നിർമൽ (24)  എന്നിവരാണു തിങ്കളാഴ്ച രാവിലെ ബ്രിട്ടനിലെ ഗ്ലോസ്റ്ററിനു സമീപം ചെൽസ്റ്റർഹാമിലുണ്ടായ അപകടത്തിൽ മരിച്ചത്. 

 

മരിച്ച ബിൻസിന്റെ ഭാര്യയ്ക്കും രണ്ടുവയസുള്ള കുഞ്ഞിനും അർച്ചനയുടെ ഭർത്താവ് നിർമൽ രമേശിനും  അപകടത്തിൽ സാരമായി പരുക്കേറ്റു. ബിൻസിന്റെ ഭാര്യ അനഖയും കുട്ടിയും ഓക്സ്ഫെഡ് എൻഎച്ച്എസ് ആശുപത്രിയിൽ ചികിൽസയിലാണ്. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ് പരുക്കേറ്റു ചികിൽസയിലുള്ള നിർമൽ രമേശ്. 

 

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ബിൻസ് രാജൻ ഭാര്യ അനഖയും  കുട്ടിയുമൊത്തു യുകെയിലെത്തിയത്. ലൂട്ടൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്നു അനഖ. കൂട്ടുകാരായ ബിൻസും നിർമലും കുടുംബസമേതം ഓക്സ്ഫഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

 

ചെൽസ്റ്റർഹാമിലെ പെഗ്ഗിൾസ്വർത്തിൽ എ-436 റോഡിൽ തിങ്കളാഴ്ച രാവിലെ 11.15നായിരുന്നു അപകടം. മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് റോഡ് മണിക്കൂളുകളോളം താൽകാലികമായി അടച്ചു. അപകടത്തിന്റെ മറ്റു വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.. 

 

English Summary: Car accident in UK; Ukmaa Seeks help to bring the bodies of Malayalees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com