ADVERTISEMENT

ലണ്ടൻ ∙ ഓസ്ട്രേലിയൻ ദേശീയ വിമാനക്കമ്പനിയായ ക്വാന്റസ് സിഡ്നിയിൽനിന്നും ലണ്ടനിലേക്കും ന്യൂയോർക്കിലേക്കും നേരിട്ട് വിമാന സർവീസിന് തയാറെടുക്കുന്നു. ഒറ്റപ്പറക്കലിന് ലണ്ടനിലും ന്യൂയോർക്കിലും എത്തുന്ന ‘പ്രോജക്ട് സൺറൈസിന്’ 2025ൽ തുടക്കം കുറിക്കാനാണ് പദ്ധതി. ഇതിനായി പുതിയ എയർബസ് എ-350 വിമാനങ്ങൾക്ക് ക്വാന്റസ് ഓർഡർ നൽകിക്കഴിഞ്ഞു. 

സിഡ്നിയിൽനിന്നും ലണ്ടനിലേക്കുള്ള നോൺസ്റ്റോപ്പ് യാത്രയ്ക്ക് 20 മണിക്കൂർ സമയമെടുക്കും. 1947ലാണ് ആദ്യമായി സിഡ്നിയിൽനിന്നും ലണ്ടനിലേക്ക് വിമാനം പറന്നത്. ഏഴു സ്റ്റോപ്പോവറുകളുമായി 58 മണിക്കൂറുകൊണ്ടായിരുന്നു ആദ്യത്തെ പറക്കൽ. ഇതാണ് ഇനി ഇടവേളയില്ലാത്ത 20 മണിക്കൂറിന്റെ ഒറ്റയാത്രയായി ചുരുങ്ങുന്നത്. 

കഴിഞ്ഞ അഞ്ചുവർഷമായി ഈ പദ്ധതിയുടെ പണിപ്പുരയിലാണ് ക്വാന്റസ്. കോവിഡ് മൂലമുണ്ടായ രണ്ടുവർഷത്തെ നഷ്ടം പദ്ധതിക്ക് കാലതാമസമുണ്ടാക്കി. പെർത്തിൽനിന്നും ലണ്ടനിലേക്കുള്ള 17 മണിക്കൂർ നീളുന്ന നോൺസ്റ്റോപ്പ് വിമാനം 2018ൽ ക്വാന്റസ് നടപ്പിലാക്കിയിരുന്നു. 

ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നിങ്ങനെ നാല് ക്ലാസുകളിലാകും നേരിട്ടുള്ള വിമാനത്തിലെ ടിക്കറ്റുകൾ. 238 യാത്രക്കാരെ കയറ്റാൻ ശേഷിയുള്ള വിമാനങ്ങളാകും സർവീസിന് ഉപയോഗിക്കുക. വിമാനങ്ങളുടെ മധ്യത്തിൽ വെൽബീയിംങ് സോണുകളുണ്ടാകും. സെൽഫ് സർവീസ് സ്നാക്ക് ബാറുകളാണ് ഇവിടെ പ്രവർത്തിക്കുക. യാത്രയ്ക്കിടയിൽ ആളുകൾക്ക് നേരിട്ടെത്തി ഇവിടുത്തെ സേവനങ്ങൾ ആസ്വദിക്കാം. 

ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും ബിസിനസ്-ടൂറിസം വികസനത്തിന് വൻ കുതിപ്പേകുന്ന സംരംഭമാകും പ്രോജക്ട് സൺറൈസ് എന്നാണ് വിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com