ബോറിസിന് കനത്ത തിരിച്ചടി; പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബർ മുന്നേറ്റം

1248-boris-johnson
SHARE

ലണ്ടൻ ∙ പാർട്ടി ഗേറ്റ് വിവാദത്തിൽ ഒറ്റപ്പെട്ടുപോയ ബോറിസ് ജോൺസന് കനത്ത തിരിച്ചടി നൽകി ബ്രിട്ടനിലെ ജനങ്ങൾ. ബ്രിട്ടനിൽ വ്യാഴാഴ്ച നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി വലിയ വിജയം നേടി. ഫലപ്രഖ്യാപനം പൂർത്തിയായ 144 കൗൺസിലുകളിൽ 65 എണ്ണത്തിലും ഭരണം പിടിച്ചാണ് ലേബർ മുന്നേറുന്നത്. 35 കൗൺസിലുകളിൽ മാത്രമാണ്  ടോറികൾക്ക് വിജയം.16 ലിബറൽ ഡമോക്രാറ്റുകൾ വിജയിച്ചപ്പോൾ 28 കൗൺസിലുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. ലണ്ടൻ സിറ്റിയിലെ 32 ബറോകളിലാണ് ലേബർ പാർട്ടി മികച്ച വിജയം നേടിയത്. നഗരങ്ങൾക്കു പുറത്തുള്ള പലസ്ഥലങ്ങളിലും, സ്കോട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലും ഇനിയും വോട്ടെണ്ണൽ പൂർത്തിയാകാനുണ്ട്. 

ലേബർ പാർട്ടിക്ക് ഇതുവരെ 2212 കൗൺസിലർമാരെ ലഭിച്ചപ്പോൾ കൺസർവേറ്റീവിന് ലഭിച്ചത് 1041 പേരെ മാത്രമാണ്. ലിബറൽ ഡമോക്രാറ്റുകൾ 711 സീറ്റുകളിൽ വിജയം നേടി. 

ലേബർ പാർട്ടി,  ടോറി ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന വെസ്റ്റ്മിനിസ്റ്റർ, വാൻസ്വർത്ത്, ബാർനറ്റ് എന്നീ കൗൺസിലുകൾ മികച്ച ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ വിജയം. സ്കോട്‌ലൻഡിലും ആദ്യഫലസൂചനകൾ കൺസർവേറ്റീവ് പാർട്ടിക്ക് എതിരാണ്. 

തങ്ങൾക്ക് കനത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നതായും കഴിഞ്ഞുപോയത് ടോറികളെ സംബന്ധിച്ച് വിഷമമേറിയ രാത്രിയാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലേബർ പാർട്ടിയെ സംബന്ധിച്ച് നിർണായക വഴിത്തിരിവിന്റെ ദിവസമാണിതെന്നായിരുന്നു പാർട്ടി ലീഡർ കെയ്ർ സ്റ്റാമറിന്റെ പ്രതികരണം. 

ഇതുവരെയുള്ള  തിരഞ്ഞെടുപ്പു ഫലപ്രകാരം രാജ്യത്താകെ പോൾചെയ്ത വോട്ടുകളിൽ 35 ശതമാനവും ലേബറിനാണ്. കൺസർവേറ്റീവിന് 30 ശതമാനമേ ലഭിക്കൂ. ലിബറൽ ഡമോക്രാറ്റുകൾക്ക് 19 ശതമാനവും മറ്റുള്ളവർക്ക് 16 ശതമാനവുമാണ് വോട്ടുവിഹിതം. 

എട്ടുവർഷത്തിലധികമായി രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടുവിഹിതത്തിൽ ടോറികൾക്ക് പിന്നിലായിരുന്ന ലേബറിന് ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവിനുള്ള ചവിട്ടുപടിയായാണ് കൗൺസിൽ തിരഞ്ഞെടുപ്പിലെ ഈ വിജയത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. 

നോർത്തേൺ അയർലൻഡിൽ ഫെഡറൽ സർക്കാരിനെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പും വ്യാഴാഴ്ച നടന്നു. മൂന്നു ലക്ഷത്തോളം വരുന്ന ബ്രിട്ടനിലെ മലയാളികളും പ്രാദേശിക തിരഞ്ഞെടുപ്പിൽ ശക്തമായ സ്വാധീനമായി.  കരുത്തരായ മലയാളി സ്ഥാനാർഥികളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പിൽ ആവേശം പകർന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA