ക്രോയിഡണിൽ മിന്നും വിജയം നേടി നിഖിൽ തമ്പി; വീണ്ടും കൗൺസിലറായി മഞ്ജു ഷാഹുൽ

nikhil-thampy
SHARE

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രാദേശിക തിരഞ്ഞെടുപ്പിൽ മലയാളികളുടെ മിന്നും വിജയങ്ങൾ തുടരുകയാണ്. ഇന്നലെ വോട്ടെണ്ണിയ ക്രോയിഡണിൽ മൽസരിച്ച മൂന്നു മലയാളികളിൽ രണ്ടുപേരും ഉജ്വല വിജയം നേടിയപ്പോൾ ഒരാൾ പരാജയപ്പെട്ടു.

ക്രോയിഡൺ മുൻ മേയർകൂടിയായ തിരുവനന്തപുരം സ്വദേശി മഞ്ജു ഷാഹുൽ ഹമീദും (ലേബർ)  തിരുവനന്തപുരം  കവടിയാർ സ്വദേശിയായ നിഖിൽ ഷെറിൻ തമ്പിയുമാണ് (കൺസർവേറ്റീവ്) വിജയിച്ചത്. ക്രോയിഡണിലെ ഫെയർഫീൽഡ് വാർഡിൽ ലേബർ ടിക്കറ്റിൽ മൽസരിച്ച ജോസഫ് ജോസ് പരാജയപ്പെട്ടു.  

manju-shahul-hameed

തന്റെ സ്ഥിരം സീറ്റായ ബ്രോഡ്ഗ്രീൻ വാർഡിലാണ് മഞ്ജു ഷാഹുൽ ഹമീദ് വിജയിച്ചത്. ഇതോടെ ഈ തിരഞ്ഞെടുപ്പിൽ ബ്രിട്ടനിലാകെ വിജയിച്ച മലയാളി വനിതകളുടെ എണ്ണം മൂന്നായി. നേരത്തെ ന്യൂകാസിൽ ബ്ലേക്ക് ലോ ഡിവിഷനിൽനിന്നും ലേബർ ടിക്കറ്റിൽ മൽസരിച്ച പാലാ സ്വദേശിനി ജൂണാ സത്യനും കേംബ്രിജിലെ റോയ്സ്റ്റൺ ടൗൺ കൗൺസിൽ വാർഡിൽ ലേബർ ടിക്കറ്റിൽ മേരി ആർ. ആന്റണിയും വിജയിച്ചിരുന്നു. 

ബ്രിട്ടനിൽ വിദ്യാർഥിയായെത്തി ഉന്നതപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായി ക്രോയിഡൺ മേയർ പദവിയിലെത്തിയ വ്യക്തിത്വമാണ് മഞ്ജു ഷാഹുൽ ഹമീദ്. 

ഇക്കുറി വിജയിച്ച ഏക മലയാളി കൺസർവേറ്റീവ് സ്ഥാനാർഥിയാണ് ക്രോയിഡണിലെ ഓൾഡ് കോൾസ്ഡണിൽ നിന്നുള്ള നിഖിൽ ഷെറിൻ തമ്പി. അതിശക്തമായ മൽസരത്തിൽ 170 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിഖിൽ മുഖ്യ എതിരാളിയായ ലിബറൽ ഡമോക്രാറ്റിക് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ലേബർ സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്തായി. ഉപരിപഠനത്തിനായെത്തി പിന്നീട് പൊതുരംഗത്ത് സജീവമായ ചരിത്രമാണ് നിഖിലിന്റെയും. എൻഎച്ച്എസിൽ ഐടി മാനേജരായി ജോലിചെയ്യുന്ന നിഖിൽ റസിഡന്റ്സ് അസോസിയേഷൻ ചെയർമാൻ എന്ന നിലയിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കൺസർവേറ്റീവ് പാർട്ടിയെ ആകർഷിച്ചത്. ടോറികൾ നിലവിലെ കൗൺസിലറെ മാറ്റി നിഖിലിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഭാര്യ നിവ്യ. ഏകമകൾ ജോവാൻ.  

കേംബ്രിജിലെ  ഈസ്റ്റ് ചെസ്റ്റർടൺ വാർഡിൽനിന്നുള്ള  ബൈജു വർക്കി തിട്ടാലയാണ് (ലേബർ) കഴിഞ്ഞ ദിവസം വിജയിച്ച മറ്റൊരാൾ. 30 വോട്ടിന്റെ മാർജിനിൽ തൊട്ടടുത്ത ലിബറൽ ഡമോക്രാറ്റിക് സ്ഥാനാർഥിയെ തോൽപിച്ചാണ് ബൈജു രണ്ടാംവട്ടവും കൗൺസിലറായത്. കോട്ടയം കരൂപ്പൂത്തട്ട് സ്വദേശിയാണ് പ്രാക്ടീസിങ് സോളിസിറ്ററായ ബൈജു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA