ADVERTISEMENT

എൻഫീൽഡ്∙പാചകത്തിനിടയിൽ പൊള്ളലേറ്റു ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച നിഷാ ശാന്തിന്‌ എൻഫീൽഡിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. അകാലത്തിൽ വിടപറഞ്ഞ തങ്ങളുടെ പ്രിയ സോദരിയെ അവസാനമായി ഒരു നോക്ക് കാണുവാനും കുടുംബത്തെ ആശ്വസിപ്പിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സംഘടനകളുടെ പ്രതിനിധികളുമായി നൂറുകണക്കിന് ആളുകൾ എൻഫീൽഡിൽ എത്തിയിരുന്നു. 

funeral-nisha-santh-3

രാവിലെ പതിനൊന്നരയോടെ എൻഫീൽഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ സെന്റ് ജോർജ് ദേവാലയത്തിൽ കൊണ്ടുവന്ന മൃതദേഹം ഭർത്താവ് ശാന്തും മക്കളായ സ്നേഹയും ഇഗ്ഗിയും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ചേർന്നു സ്വീകരിച്ചു.  

മൃതദേഹം ഏറ്റുവാങ്ങിയ ഭർത്താവ് ശാന്ത്‌ തന്റെ പ്രിയതമയുടെ നിശ്ചലമായ വദനത്തിലെ മങ്ങാത്ത പുഞ്ചിരിയും മക്കൾ തങ്ങളുടെ പ്രിയമാതാവിന്റെ കണ്ണടച്ചുള്ള വിടപറയലും വിങ്ങലോടെ നോക്കി നിന്നു. മകളെ അവസാനമായി ഒരുനോക്കു കാണുവാൻ നിഷയുടെ അമ്മ സുലോചന വടക്കയിൽ നാട്ടിൽ നിന്നെത്തിയിരുന്നു. നിഷയുടെ സഹോദരൻ ജോജി ആലുമ്മൂട്ടിൽ , ശാന്തിന്റെ സഹോദരരായ സ്റ്റാൻലി, ഡേവിഡ് എന്നിവരും നിഷയ്ക്ക് അന്തിമോപചാരമേർപ്പിക്കാൻ എത്തിച്ചേർന്നു.

ദേവാലയത്തിൽ മൃതദേഹം എത്തിച്ച ശേഷം നടത്തിയ അന്ത്യോപചാര തിരുക്കർമ്മങ്ങളിൽ പള്ളി വികാരി റവ. ഫാ.ഡാനിയേൽ ഹംഫ്രേയ്‌സ്‌ മുഖ്യകാർമ്മികത്വം വഹിച്ചു നിഷയെ അനുസ്മരിച്ചു സന്ദേശം നൽകുകയും ചെയ്തു. കൂടാതെ സെമിത്തേരിയിൽ നടത്തിയ അന്ത്യോപചാര ശുശ്രൂഷകൾക്കും ഫാ.ഡാനിയേൽ നേതൃത്വം നൽകി. ദേവാലയത്തിൽ നടത്തിയ മലയാളത്തിലുള്ള ഒപ്പീസ്സ് ഫാ. ജോസഫ് മുക്കാട്ടും സെമിത്തേരിയിൽ നടത്തിയ അവസാന പ്രാർഥനകൾ ഫാ. ജോസ് അന്ത്യാംകുളവും ചൊല്ലി.

funeral-nisha-santh-2

ദേവാലയത്തിലെ അന്ത്യോപചാര ശുശ്രുഷകൾക്കു ശേഷം പൊതുദർശനത്തിനും അനുസ്മരണത്തിനും അവസരം ഒരുക്കിയിരുന്നു. കുടുംബത്തെ പ്രതിനിധീകരിച്ചു മകൾ സ്നേഹയും എൻഫീൽഡ് മലയാളി സമൂഹത്തിനു വേണ്ടി സൻജോയിയും അനുസ്മരണം നടത്തി. മകൾ സ്നേഹ, പ്രിയ മാതാവിനെ തേങ്ങലോടെ അനുസ്മരിക്കുമ്പോൾ വാക്കുകൾ പൂർണ്ണതയിലായില്ലെങ്കിലും ഒരിക്കലും തിരിച്ചു വരാത്ത കരുതലിന്റെയും സ്നേഹത്തിന്റെയും ആ വലിയ നഷ്‌ടം വാക്കുകളിലൂടെ ഒഴുക്കിയ വിങ്ങലുകളിലും  വേദനകളിലും നിഴലിക്കുന്നുണ്ടായിരുന്നു. 

സാന്ത്വനവും സഹായവും താങ്ങും തണലുമായി കുടുംബത്തിനു വേണ്ടി ഒപ്പം നിന്ന ഏവർക്കും കുടുംബത്തിനു വേണ്ടി ജോൺ രവി നന്ദി പ്രകാശിപ്പിച്ചു. പൊതുദർശനത്തിനു ശേഷം എൻഫീൽഡ് സെമിത്തേരിയിലേക്കുള്ള നിഷയുടെ അന്തിമയാത്രയെ അനുഗമിച്ച ജനാവലി സംസ്കാര ശുശ്രുഷകൾക്കു വേദനയോടെ സാക്ഷ്യം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com