ADVERTISEMENT

യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ജനറൽ കൗൺസിൽ യോഗം ജൂൺ 4 ശനിയാഴ്ച ഓക്സ്ഫഡിലെ നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയിൽ കൂടിയ യോഗം യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ  ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുക്മയുടെ പ്രവർത്തനങ്ങളിൽ സൗത്ത് വെസ്റ്റ് റീജിയൻ നൽകുന്ന നിർലോഭമായ പ്രവർത്തനങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.  റീജനൽ സെക്രട്ടറി എം.പി.പദ്മരാജ് അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട് പൊതുയോഗം പാസ്സാക്കി. യുക്മ ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് വേദിയിൽ സന്നിഹിതനായിരുന്നു. റീജനൽ വൈസ് പ്രസിഡന്റ് ജിജി വിക്ടർ നന്ദി പ്രകാശിപ്പിച്ചു. 

 

തുടർന്നു പുതിയ ഭാരവാഹികൾക്കായി നടന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി  യുക്മ ഇലക്ഷൻ കമ്മിഷൻ അംഗം വർഗ്ഗീസ് ജോൺ  തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ  യോഗത്തിൽ വിശദീകരിച്ചു. 2022-2023   വർഷത്തേക്കുള്ള സൗത്ത് വെസ്റ്റ് റീജിയന്റെ പുതിയ ഭാരവാഹികളെ  ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ഡോ ബിജു പെരിങ്ങത്തറ അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ യോഗം അംഗീകരിച്ചു. സൗത്ത് വെസ്റ്റ്  റീജിയനിൽ നിന്നുമുള്ള നാഷനൽ കമ്മിറ്റിയംഗമായി ടിറ്റോ തോമസ്  തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ  യുക്മ നാഷനൽ ജോയിന്റ് ട്രഷററായ ടിറ്റോ തോമസ് നാഷനൽ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികളും മുൻപു വഹിച്ചിട്ടുണ്ട്. ഓക്‌സ്മാസിന്റെ മുൻ പ്രസിഡന്റും സജീവാംഗവുമാണ്. 

 

റീജിയൻ പ്രസിഡൻറായി സാലിസ്ബറി മലയാളി അസോസിയേഷൻ പ്രതിനിധിയായ സുജു ജോസഫ്  തിരഞ്ഞെടുക്കപ്പെട്ടു. യുക്മ സൗത്ത് വെസ്റ്റ് റീജിയന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്ന സുജു ജോസഫ് യുക്മ ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. നിലവിൽ യുക്മ ന്യൂസ് ചീഫ് എഡിറ്റർ കൂടിയാണ്.  സെക്രട്ടറിയായി ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനിൽ നിന്നുമുള്ള സുനിൽ ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. ജിഎംഎ പ്രസിഡന്റായും എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. ട്രഷററായി എയ്‌ൽസ്‌ബറി മലയാളി സമാജം പ്രതിനിധിയും എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ രാജേഷ് രാജ്  തിരഞ്ഞെടുക്കപ്പെട്ടു. 

 

വൈസ് പ്രസിഡന്റായി ജിജു യോവിൽ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂബറി മലയാളി കൾച്ചറൽ അസ്സോസിയേഷൻ മുൻ പ്രസിഡന്റും എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയഷൻ പ്രസിഡന്റ് ഉമ്മൻ ജോൺ  ജോയിൻ്റ് സെക്രട്ടറിയായും, യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസ്സോസിയേഷൻ ജോയിന്റ് ട്രഷറർ കൂടിയായ റെജി തോമസ് റീജിയനൽ ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. 

 

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചുമതലയൊഴിയുന്ന എം പി പദ്മരാജ് (സാലിസ്ബറി മലയാളി അസോസിയേഷൻ) സ്പോർട്സ് കോ ഓർഡിനേറ്ററായും വൈസ് പ്രസിഡന്റ് സ്ഥാനനത്ത് നിന്ന് ചുമതലയൊഴിയുന്ന ജിജി വിക്ടർ (വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ) കലാമേള കോർഡിനേറ്ററായും മുൻ നാഷനൽ മുൻ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും റീജിയനൽ പ്രസിഡന്റുമായിരുന്ന വർഗ്ഗീസ് ചെറിയാൻ (ഓക്‌സ്മാസ്) ചാരിറ്റി കോർഡിനേറ്ററായും രാജേഷ് നടേപ്പിള്ളി (വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ) നഴ്‌സസ് ഫോറം കോർഡിനേറ്ററായും ജോബി തോമസ് (എക്സിറ്റർ മലയാളി അസോസിയേഷൻ) വള്ളംകളി കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. 

 

റീജനൽ തിരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നടത്താൻ സഹകരിച്ച എല്ലാ യുക്മ പ്രതിനിധികൾക്കും അംഗ അസ്സോസിയേഷനുകൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗമായ വർഗ്ഗീസ് ജോൺ നന്ദി പറഞ്ഞു. മുൻ യുക്മ ജനറൽ സെക്രട്ടറിയും ബേസിംഗ്‌സ്‌റ്റോക്കിൽ നിന്നുള്ള മലയാളി കൗൺസിലറും ബിഎംസിഎ പ്രതിനിധിയുമായ സജീഷ് ടോം തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. രാവിലെ 10ന് ആരംഭിച്ച പൊതുയോഗം ഉച്ചയ്ക്ക് ഒരുമണിയോടെ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com