ലണ്ടൻ ∙ എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷം പൊടിപൊടിച്ച ബ്രിട്ടനിൽ ആഘോഷം കഴിഞ്ഞപ്പോൾ കുതിച്ചു കയറി കോവിഡ്. ഏകദേശം പതിനഞ്ച് ലക്ഷത്തോളം ആളുകൾക്ക് നിലവിൽ വൈറസ് ബാധയുണ്ടെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ആരും ഇത് ഗൗനിക്കുന്നില്ലെന്നു മാത്രം. വേനൽക്കാലത്ത് അവധിയാത്രയ്ക്കും മറ്റ് ആഘോഷങ്ങൾക്കും തയാറായിരിക്കുന്ന ബ്രിട്ടിഷ് ജനത കോവിഡിനെ സാധാരണ വൈറൽ പനിയായി പോലും പരിഗണിക്കുന്നില്ല.
രാജ്യത്ത് 45 പേരിൽ ഒരാൾക്കു വീതം കോവിഡ് ഉണ്ടെന്ന സ്ഥിതിയാണിപ്പോൾ. കഴിഞ്ഞയാഴ്ച ഇത് 65 പേരിൽ ഒരാൾക്ക് എന്ന നിലയിലായിരുന്നു. രോഗബാധയിൽ 43 ശതമാനത്തിന്റെ വർധനയാണ് ഒരാഴ്ചകൊണ്ട് ഉണ്ടായത്. രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ജനം കൂട്ടത്തോടെ തെരുവിലിറങ്ങിയതും സ്ര്ടീറ്റ് പാർട്ടികൾ സംഘടിപ്പിച്ചതുമാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. നാലു ദിവസം നീണ്ട ആഘോഷമായിരുന്നു ഇതിനായി സർക്കാർ പ്രത്യേകം അവധിവരെ നൽകി സംഘടിപ്പിച്ചത്.
ഒമിക്രോണിന്റെ വകഭേദങ്ങളായ ബിഎ-4, ബിഎ-5 എന്നിവയാണ് ഇപ്പോൾ ബ്രിട്ടനിൽ പടരുന്നത്. മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്കമാണോ ഇതെന്ന് സംശയമുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ സമയം ആയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.