ADVERTISEMENT

റോം ∙ പന്നിപ്പനി ഭീതിയെ തുടർന്ന് ഇറ്റലിയിലെ ലാസിയോ റീജിയനിൽ 50,000 കാട്ടുപന്നികളെ കൊല്ലാനുള്ള പദ്ധതിക്ക് അധികൃതർ അംഗീകാരം നൽകി. പദ്ധതിപ്രകാരം റോം ഉൾപ്പെടുന്ന  ലാസിയോ റീജിയനിലെ നിയമപരമായ  വേട്ടയാടൽ സീസണിൽ വെടിവയ്ക്കാൻ അനുവാദമുള്ള കാട്ടുപന്നികളുടെ എണ്ണം 50,000 ആയി ഉയർത്തുവാനാണ് നീക്കം. കഴിഞ്ഞ വർഷത്തെ വേട്ടയാടൽ സീസണിൽ കൊല്ലാൻ അനുവദിച്ചിരുന്ന കാട്ടുപന്നികളുടെ എണ്ണത്തിന്റെ  ഇരട്ടിയാണ് ഇത്.

കാട്ടുപന്നികളുടെ സാന്ദ്രതയും പന്നിപ്പനി പടരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ലാസിയോ റീജിയനിൽ നടപടികൾ കർശനമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഫാമുകളില്‍ വളർത്തുന്ന പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രിക്കുന്നതിനും  ഉന്മൂലനം ചെയ്യുന്നതിനും  അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.   

പന്നിപ്പനി വൈറസിന് ചികിത്സയോ വാക്സീനോ ഇല്ലെന്നും അതിനാൽ ഇതിന്റെ വ്യാപനം തടയാൻ പ്രയാസമാണെന്നും അധികൃതർ പറയുന്നു. നാട്ടുപന്നികളിലും  കാട്ടുപന്നികളിലും  മാരകമായിട്ടുള്ള പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.   

കാട്ടുപന്നികളുടെ എണ്ണം കുറയുന്നത് പൊതുജനാരോഗ്യം, ഭക്ഷ്യ ശൃംഖലയിലെ സുരക്ഷ, ഗതാഗത സുരക്ഷ തുടങ്ങിയ രംഗങ്ങളിൽ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നതെന്ന് ലാസിയോ ഹെൽത്ത് കൗൺസിലർ അലെസിയോ ഡി അമറ്റോ പറഞ്ഞു.

മേയ് ആദ്യവാരം റോമിലെ ഇൻസുഗെരാറ്റ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ കാട്ടുപന്നികളിലാണ് പന്നിപ്പനി വൈറസ് ആദ്യമായി കണ്ടെത്തിയത്.  ഇതോടെ പ്രദേശത്തേക്കുള്ള  വിനോദയാത്രകൾ നിരോധിക്കുകയും പ്രവേശന പാതകൾ അടച്ചുപൂട്ടുകയും ചെയ്തു. കഴിഞ്ഞ ആഴ്‌ചയിൽ റോമിലെ ഒരു ഫാമിലെ രണ്ടു പന്നികളിൽ പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ആയിരത്തോളം പന്നികളെ കൊന്നിരുന്നു.

ഈ വർഷത്തെ പ്രാദേശിക വേട്ടയാടൽ സീസണിൽ വേട്ടയാടൽ ഇരട്ടിയാക്കാനുള്ള നീക്കത്തെ  മൃഗസംരക്ഷണത്തിനുള്ള രാജ്യാന്തര സംഘടനയുടെ റോം ശാഖ അപലപിച്ചു. ഈ നീക്കത്തെ നിന്ദ്യമായ പ്രവൃത്തിയെന്ന് ആക്ഷേപിച്ച് മൃഗാവകാശ പ്രവർത്തകരും  രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com